കാസര്‍കോട്: കാസര്‍കോട് നഗരസഭയിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ അട്ടിമറി വിജയം നേടി എൽഡിഎഫ്. മുസ്ലീം ലീഗിന്‍റെ സിറ്റിംഗ് സീറ്റിൽ ആണ് എൽഡിഎഫിന് അട്ടിമറി വിജയം. കാസര്‍കോട് നഗരസഭയിലെ ഹൊന്നമൂല വാര്‍ഡിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ലീഗിന്‍റെ സിറ്റിംഗ് സീറ്റിൽ ഇടത് സ്ഥാനാര്‍ത്ഥി ജയിച്ച് കയറി.

എൽ ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കമ്പ്യൂട്ടർ മൊയ്തീൻ ആണ് വിജയിച്ചത്. 141 വോട്ടാണ് ഭൂരിപക്ഷം .മുൻസിപ്പാലിറ്റി സ്ഥിരം സമിതി അധ്യക്ഷനും ലീഗ് നേതാവുമായിരുന്ന എ കെ അബ്ദുറഹ്മാൻ കേരള ക്രിക്കറ്റ് അസോസിയേഷൻ ട്രെഷറർ ആയതിനെ തുടർന്നാണ് നഗരസഭ അംഗത്വം ഒഴിഞ്ഞിരുന്നു. ഇതേ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്.

ഹൊന്നമൂല വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് 351 വോട്ടും എൽഡിഎഫ് 492 വോട്ടും നേടി. 212 വോട്ടാണ് എൻഡിഎക്ക് കിട്ടിയത്. അതേസമയം തെരുവത്ത് വാർഡ് യുഡിഎഫ് നിലനിർത്തി.മുസ്ലിം ലീഗ് സ്ഥാനാർഥി റീത്ത 175 വോട്ടിനാണ് വിജയിച്ചത്.

കാസര്‍കോട് ജില്ലയിലെ മൂന്ന് തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ രണ്ടിടത്ത് യുഡിഎഫും ഒരിടത്ത് എൽഡിഎഫുമാണ് വിജയിച്ചത്. ബളാൽ പഞ്ചായത്തിലെ 11 വാർഡ് യൂ ഡി എഫ് നിലനിർത്തി. കേരള കോൺഗ്രസ്ലെ ജോയ് മൈക്കിൾ 598 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ആണ് വിജയിച്ചത്.