Asianet News MalayalamAsianet News Malayalam

വാക്പോരിൽ ചെന്നിത്തലക്ക് ഉമ്മൻ ചാണ്ടിയുടെ പിന്തുണ, മറുപടിയുമായി സതീശൻ, അച്ചടക്കത്തിന് സമിതിയെന്ന് സുധാകരൻ

തനിക്ക് ധാർഷ്ട്യമില്ലെന്നും സെമി കേഡ൪ എന്നത് അച്ചടക്കത്തിന്റെ വാൾ അല്ലെന്നും വി ഡി സതീശൻ പ്രതികരിച്ചു.  തീ കെടുക്കാൻ ശ്രമിക്കുമ്പോൾ പന്തം കുത്തി ആളിക്കത്തിക്കരുതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.  ചെയ്യുന്ന കാര്യങ്ങൾക്ക് അനുഭാവിക്കേണ്ടിവരുമെന്നായിരുന്നു മുരളീധരന്റെ പ്രതികരണം.  രമേശിനെ പിന്തുണച്ചും തിരുവഞ്ചൂരിനെ തള്ളിയും   ഉമ്മൻചാണ്ടി രംഗത്തെത്തി. 
 

leaders against ramesh chennithalas statement that party disciplinary action will have retroactive effect
Author
Thiruvananthapuram, First Published Sep 4, 2021, 6:25 PM IST

തിരുവനന്തപുരം: പാർട്ടിയിലെ അച്ചടക്കനടപടികൾക്ക് മുൻകാലപ്രാബല്യമുണ്ടാകുമോയെന്ന രമേശ് ചെന്നിത്തലയുടെ പ്രസ്താവനക്കെതിരെ നേതാക്കളുടെ സംയുക്തആക്രമണം. തനിക്ക് ധാർഷ്ട്യമില്ലെന്നും സെമി കേഡ൪ എന്നത് അച്ചടക്കത്തിന്റെ വാൾ അല്ലെന്നും വി ഡി സതീശൻ പ്രതികരിച്ചു.  തീ കെടുക്കാൻ ശ്രമിക്കുമ്പോൾ പന്തം കുത്തി ആളിക്കത്തിക്കരുതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.  ചെയ്യുന്ന കാര്യങ്ങൾക്ക് അനുഭവിക്കേണ്ടിവരുമെന്നായിരുന്നു മുരളീധരന്റെ പ്രതികരണം.  രമേശിനെ പിന്തുണച്ചും തിരുവഞ്ചൂരിനെ തള്ളിയും   ഉമ്മൻചാണ്ടി രംഗത്തെത്തി. 

കോട്ടയത്തെ പുതിയ ഡിസിസി പ്രസിഡന്റിന്റെ സ്ഥാനാരോഹണചടങ്ങിലായിരുന്നു നേതൃത്വത്തിനെതിരെ ഇന്നലെ രമേശ് ചെന്നിത്തല ആഞ്ഞടിച്ചത്. മുതിർന്ന നേതാവ് ഉമ്മൻചാണ്ടിയോട് പോലും ആലോചിക്കാതെ എടുക്കുന്ന തീരുമാനത്തെ ചോദ്യം ചെയ്ത ചെന്നിത്തലക്കെതിരെ ഔദ്യോഗികനേതൃത്വത്തിനൊപ്പം നിൽക്കുന്ന നേതാക്കൾ ശക്തമായെത്തി. ഉമ്മൻചാണ്ടിയെ രമേശ് ചെന്നിത്തല മറയാക്കുന്നുവെന്നാരോപിച്ചായിരുന്നു തിരുവഞ്ചൂരിന്റെ വിമർശനം. ഇതിനാണ് ഇന്ന് ഉമ്മൻചാണ്ടി പ്രതികരണവുമായെത്തിയിരിക്കുന്നത്. 

രമേശ് ചെന്നിത്തലയ്ക്ക് പ്രവർത്തിക്കാൻ ആരുടെയും മറ വേണ്ട. ദീർഘകാല രാഷ്ട്രീയ പാരമ്പര്യം ഉള്ള ആളാണ് ചെന്നിത്തല. തന്നെ മറയാക്കി അഭിപ്രായം പറയേണ്ട കാര്യം ചെന്നിത്തലയ്ക്ക് ഇല്ല എന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. എന്നാൽ, ചർച്ച നടന്നെന്ന സിദ്ദീഖിന്റെ വെളിപ്പെടുത്തലിനോട് ഉമ്മൻചാണ്ടി മൗനം പാലിച്ചു. ഗ്രൂപ്പിലെ കാര്യങ്ങൾ തിരുവഞ്ചൂർ അറിയുന്നില്ല എന്നാ ആരോപണത്തിനും ഉമ്മൻചാണ്ടിക്ക് മറുപടിയുണ്ടായില്ല. 

സംഘടന ദൗ൪ബല്യ൦ പരിഹരിക്കാതെ കോൺഗ്രസ്സിനു൦ യുഡിഎഫിനു൦ തിരിച്ച് വരാൻ കഴിയില്ലെന്നാണ് വി ഡി സതീശൻ അഭിപ്രായപ്പെട്ടത്. തിരിച്ച് വരവിന് ആക്ഷൻ പ്ലാൻ തയ്യാറാണ്. ഉടയാത്ത ഖദ൪ ധരിച്ച് രാവിലെ മുതൽ രാത്രി വരെ നടക്കുന്നത് മാത്രമല്ല സംഘടന പ്രവ൪ത്തനം. ജനങ്ങളോട് അടുക്കുന്നതാണ് രാഷ്ട്രീയ പ്രവ൪ത്തനം. സ൦ഘടനയിലെ പ്രശ്നങ്ങൾ പരിഹരിക്കും. സമന്വയത്തിന്റെ പാത സ്വീകരിച്ച് എല്ലാവരെയും ചേർത്തു പിടിക്കും. മുതിർന്ന നേതാക്കളെ വീട്ടിൽ ചെന്ന് കണ്ട് പ്രശ്നങ്ങൾ പരിഹരിക്കും. കോൺഗ്രസ് ആൾക്കൂട്ടമല്ലെന്ന് തെളിയിക്കണമെന്നും വി ഡി സതീശൻ പറഞ്ഞു.

അച്ചടക്കം ലംഘിച്ചതിന് ഒരുപാട് അനുഭവിച്ചതാണെന്ന് പറഞ്ഞാണ് കെ മുരളീധരൻ ചെന്നിത്തലയെ പരോക്ഷമായി വിമർശിച്ചത്. പാപം ചെയ്യാത്തവർ കല്ലെറിയട്ടെയന്നായിരുന്നു കൊടിക്കുന്നിൽ സുരേഷിന്റെ മറുപടി. കൊണ്ടും കൊടുത്തുമുള്ള ഈ തർക്കങ്ങൾ ഹൈക്കമാൻഡ് പ്രതിനിധികൾ എത്തുമ്പോൾ പരിഹരിക്കപ്പെടുമോ എന്നാണ് അറിയേണ്ടത്. 

അതേസമയം, പാർട്ടി അച്ചടക്കം പരിശോധിക്കാൻ എല്ലാ ജില്ലകളിലും അഞ്ച് അംഗ കൺട്രോൾ കമ്മീഷൻ ഉണ്ടാകുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞു. ഗ്രൂപ്പിൻ്റെ ഭാഗമല്ലാത്തതു കൊണ്ട് മികച്ച നേതാക്കൾക്ക് പോയകാലത്ത് സ്ഥാനങ്ങൾ കിട്ടിയില്ല. പാർട്ടിക്കുള്ളിലെ സംഘടനാ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിൽ നടത്താനാണ് ആലോചന. നേതാക്കൾക്കെതിരെ സോഷ്യൽ മീഡിയയിൽ വാരിവലിച്ചെഴുതുന്ന അണികൾ പാർട്ടിക്ക് ഭൂഷണമല്ലെന്നും അദ്ദേഹം കണ്ണൂരിൽ പറഞ്ഞു.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFight

Follow Us:
Download App:
  • android
  • ios