Asianet News MalayalamAsianet News Malayalam

Leopard Palakkad : 'കുഞ്ഞുങ്ങളെ വിട്ട് പോകില്ല, പുലി തിരികെ വരും', കൂട് സ്ഥാപിച്ച് വനം വകുപ്പ്

കുഞ്ഞുങ്ങളെ അന്വേഷിച്ച് തള്ളപുലി തിരിച്ചെത്താൻ സാധ്യത ഉള്ളതിനാലാണ് പുലിക്കൂട് വെച്ചത്. പുലിയെ പിടികൂടി കുഞ്ഞുങ്ങള്‍ക്കൊപ്പം കാട്ടിലേക്ക് അയക്കാനാണ് വനം വകുപ്പ് നീക്കം.

leopard found from palakkad forest department trying to catch the mother leopard
Author
Palakkad, First Published Jan 9, 2022, 8:45 PM IST

പാലക്കാട്: പാലക്കാട് (Palakkad) ഉമ്മിനി പപ്പാടിയിൽ ആളൊഴിഞ്ഞ വീട്ടിൽ കണ്ടെത്തിയ പുലിയെ (Leopard ) പിടിക്കാനായി കൂട് സ്ഥാപിച്ച് വനം വകുപ്പ്. പുലിക്കുട്ടികളെ കണ്ടെത്തിയ വീട്ടിലാണ് കൂട് സ്ഥാപിച്ചത്. രാത്രിയോടെ നിരീക്ഷണ ക്യാമറയും സ്ഥാപിക്കും. കുഞ്ഞുങ്ങളെ അന്വേഷിച്ച് തള്ളപുലി തിരിച്ചെത്താൻ സാധ്യത ഉള്ളതിനാലാണ് പുലിക്കൂട് വെച്ചത്. പുലിയെ പിടികൂടി കുഞ്ഞുങ്ങള്‍ക്കൊപ്പം കാട്ടിലേക്ക് അയക്കാനാണ് വനം വകുപ്പ് നീക്കം. വനം വകുപ്പിന്റെ ദ്രുതകർമ്മസേന സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. 

ധോണി വനമേഖലയോട് ചേർന്ന അകത്തേത്തറയിലാണ് പുലിയേയും കുഞ്ഞുങ്ങളെയും കണ്ടെത്തിയത്. ഉച്ചക്ക് 12 മണിയോടെയാണ് പപ്പാടിയിലെ മാധവൻ എന്നയാളുടെ അടച്ചിട്ട വീട്ടിൽ തള്ളപ്പുലിയെയും കുഞ്ഞുങ്ങളെയും കണ്ടെത്തിയത്. നായ വല്ലാതെ കുരക്കുന്നത് ശ്രദ്ധയിൽപ്പെട്ട പൊന്നൻ എന്ന പ്രദേശവാസിയാണ് മതിൽ ചാടി കടന്ന് തകർന്ന് കിടക്കുന്ന വീടിന്റെ ജനൽ പാളി തുറന്ന് അകത്തേക്ക് നോക്കിയത്. ആൾ പെരുമാറ്റം കേട്ട പുലി പിൻഭാഗത്തുകൂടെ ഓടി മറഞ്ഞു.

പൊന്നൻ പറഞ്ഞത് നാട്ടുകാർ ആദ്യം വിശ്വാസത്തിലെടുത്തില്ല. വനം വകുപ്പ് ഉദ്യാഗസ്ഥർ എത്തി നടത്തിയ പരിശോധനയിൽ രണ്ട് പുലി കുഞ്ഞുങ്ങളെ കണ്ടെത്തി. ഡിഎഫ് ഒ ഓഫീസിൽ എത്തിച്ച് പ്രാഥമിക ശ്രുശ്രൂഷ നൽകിയ ശേഷം മൃഗാശുപത്രിയിലേക്ക് പുലി കുഞ്ഞുങ്ങളെ മാറ്റി. ആളൊഴിഞ്ഞ വീട്ടിൽ പുലി പെറ്റു കിടന്നതാവാമെന്നാണ് വനം വകുപ്പിന്റെ പ്രാഥമിക നിഗമനം. പത്തുദിവസം പ്രായമുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. 

Follow Us:
Download App:
  • android
  • ios