മൂന്നാറിൽ യുവതിയെ ടാക്സി ഡ്രൈവർമാർ തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻ്റ് ചെയ്യും. ഇവരുടെ വാഹനങ്ങളുടെ പെർമിറ്റ് റദ്ദാക്കാനും നീക്കം.

മൂന്നാർ: മൂന്നാറിൽ മുംബൈ സ്വദേശിയായ യുവതിയെ ടാക്സി ഡ്രൈവർമാർ തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻ്റ് ചെയ്യും. ഇതിനുള്ള ശുപാർശ മൂന്നാർ ഡിവൈഎസ്പി മോട്ടോർ വാഹന വകുപ്പിന് കൈമാറി. ഇവരുടെ വാഹനങ്ങളുടെ പെർമിറ്റ് റദ്ദാക്കാനും നീക്കം. സംഭവത്തിൽ അറസ്റ്റിലായ മൂന്ന് ഡ്രൈവർമാരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു. യൂബർ ടാക്സി ഡ്രൈവറിൽ നിന്ന് മൊഴി രേഖപ്പെടുത്തിയ ശേഷം കൂടുതൽ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. കൂടുതൽ പരാതിയില്ലെന്ന് യുവതിയുടെ കുടുംബാംഗങ്ങൾ അറിയിച്ചതായി പൊലീസ് പറയുന്നു.

സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ്‌കുമാർ ഇന്നലെ അറിയിച്ചിരുന്നു. മൂന്നാറിൽ നടക്കുന്നത് ഗുണ്ടായിസമാണെന്നും മോട്ടോർ വാഹനവകുപ്പ് കർശന നടപടി എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. യുവതിയോട് മോശമായി പെരുമാറിയ ഡ്രൈവറുടെ ലൈസൻസ് റദ്ദ് ചെയ്യുമെന്നും അപമര്യാദ കാണിച്ച ഡ്രൈവർമാർക്കും ഒത്താശ ചെയ്ത പൊലീസുകാർക്കുമെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു. അനധികൃതമായും സമയം തെറ്റിച്ചും ഓടുന്ന വാഹനങ്ങൾ പിടികൂടുമെന്നും മന്ത്രി വ്യക്തമാക്കി. യാത്രയ്ക്ക് ഓൺലൈൻ ടാക്സി വിളിച്ചതിനാണ് മുംബൈ സ്വദേശിനിയെ ഡ്രൈവർമാർ ഭീഷണിപ്പെടുത്തിയത്.

ഓൺലൈൻ ടാക്സി വിളിച്ചതിന് ഭീഷണി

മുംബൈയില്‍ അസിസ്റ്റന്റ് പ്രൊഫസറായ ജാന്‍വി എന്ന യുവതിയാണ് മൂന്നാര്‍ സന്ദര്‍ശന വേളയില്‍ ഓണ്‍ലൈന്‍ ടാക്‌സിയില്‍ യാത്ര ചെയ്തപ്പോള്‍ പ്രദേശവാസികളായ ടാക്‌സി ഡ്രൈവര്‍മാരില്‍ നിന്നും പൊലീസില്‍ നിന്നും നേരിട്ട ദുരനുഭവം പങ്കുവച്ചത്. ഒക്ടോബര്‍ 31 ന് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലാണ് ജാന്‍വി തനിക്കുണ്ടായ ദുരനുഭവം പറഞ്ഞത്. ഓണ്‍ലൈനായി ബുക്ക് ചെയ്ത ടാക്‌സിയില്‍ കൊച്ചിയും ആലപ്പുഴയും സന്ദര്‍ശിച്ച ശേഷമാണ് ജാന്‍വിയും സുഹൃത്തുക്കളും മൂന്നാറിലെത്തിയത്. മൂന്നാറില്‍ ഓണ്‍ലൈന്‍ ടാക്‌സികള്‍ക്ക് നിരോധനമാണെന്ന് പറഞ്ഞ് പ്രാദേശിക യൂണിയന്‍ സംഘം ഇവരെ അപ്രതീക്ഷിതമായി തടയുകയായിരുന്നു. സ്ഥലത്തെ ടാക്‌സി വാഹനത്തില്‍ മാത്രമേ പോകാന്‍ അനുവദിക്കുകയുള്ളൂവെന്ന് ഇവര്‍ ഭീഷണിപ്പെടുത്തിയതോടെ യുവതി പൊലീസിന്റെ സഹായം തേടി. എന്നാല്‍ സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥരും ഇതേ നിലപാട് സ്വീകരിക്കുകയായിരുന്നു. ഇതോടെ മറ്റൊരു ടാക്‌സി വാഹനത്തില്‍ യാത്ര ചെയ്യേണ്ടി വന്നെന്നും സുരക്ഷിതമല്ലെന്നു കണ്ടു കേരളയാത്ര അവസാനിപ്പിച്ചു മടങ്ങിയെന്നും ജാന്‍വി പറഞ്ഞിരുന്നു.