പ്രവാസി വ്യവസായി സാജന്റെ ആത്മാഹുതി പോലെ കേരളത്തെ ഇളക്കി മറിച്ച സംഭവമായിരുന്നു സുഗതന്റെ മരണം. അതുകഴിഞ്ഞ് ഒന്നര വര്‍ഷമായിട്ടും തങ്ങള്‍ക്ക് നീതി കിട്ടിയില്ലെന്ന് പറയുന്നു സുഗതന്റെ കുടുംബം. ഒപ്പം, അച്ഛന്റെ മരണശേഷം തങ്ങള്‍ എത്തിപ്പെട്ട ഭീകരാവസ്ഥയെക്കുറിച്ചും സുഗതന്റെ മക്കളായ സുജിത്തും സുനിലും തുറന്നു പറയുന്നു. നിര്‍മല ബാബുവിന്റെ റിപ്പോര്‍ട്ട് 

തിരുവനന്തപുരം: 'ഉടന്‍ ലൈസന്‍സ് നല്‍കുമെന്ന മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിച്ചാണ് വീണ്ടും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി മുന്നിട്ടിറങ്ങിയത്. ലൈസന്‍സ് കിട്ടുമെന്ന് കരുതി കടം വാങ്ങിച്ചുവരെ ഇതില്‍ നിക്ഷേപിച്ചു. ഇപ്പോള്‍ വലിയ കടമുണ്ട്. ഒപ്പം എന്റെ വിസ ക്യാന്‍സലായി, മസ്‌ക്കറ്റിലെ വര്‍ക്ക്‌ഷോപ്പും പോയി. സര്‍ക്കാരും കൈമലര്‍ത്തുന്നു. അച്ഛനെപ്പോലെ ആത്മഹത്യ ചെയ്യുക മാത്രമാണ് ഇപ്പോള്‍ മുന്നിലുള്ള വഴി'- ഉള്ളു കലങ്ങിയ സ്വരത്തില്‍ ഇങ്ങനെ പറയുന്നത് പുനലൂര്‍ വാളക്കോട് സ്വദേശി സുജിത്ത്. ഉള്ളതെല്ലാം വിറ്റുപെറുക്കി നാട്ടില്‍ വര്‍ക്ക് ഷോപ്പ് തുടങ്ങാനുള്ള ശ്രമങ്ങള്‍ക്കിടെ, പാടംനികത്തിയെന്ന് ആരോപിച്ച് എ ഐ വൈ എഫ് പ്രവര്‍ത്തകര്‍ കൊടികുത്തി പ്രതിഷേധിച്ചതിനെ തുടര്‍ന്ന്, കഴിഞ്ഞ വര്‍ഷം ആത്മഹത്യ ചെയ്ത പ്രവാസി സുഗതന്റെ മകന്‍. കണ്ണൂര്‍ ആന്തൂരില്‍ പ്രവാസി വ്യവസായിയായ സാജന്‍ പാറയില്‍ ജീവനൊടുക്കിയ സംഭവം കേരളം ചര്‍ച്ച ചെയ്യുന്നതിനിടെയാണ്, സമാനമായ സാഹചര്യത്തില്‍ ആത്മാഹുതി ചെയ്യേണ്ടി വന്ന സുഗതന്റെ കുടുംബം ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് മനസ്സു തുറന്നത്. 

പ്രവാസി വ്യവസായി സാജന്റെ ആത്മാഹുതി പോലെ കേരളത്തെ ഇറക്കി മറിച്ച സംഭവമായിരുന്നു സുഗതന്റെ മരണം. അതുകഴിഞ്ഞ് ഒന്നര വര്‍ഷമായിട്ടും തങ്ങള്‍ക്ക് നീതി കിട്ടിയില്ലെന്ന് പറയുന്നു സുഗതന്റെ കുടുംബം. ഒപ്പം, അച്ഛന്റെ മരണശേഷം തങ്ങള്‍ എത്തിപ്പെട്ട ഭീകരാവസ്ഥയെക്കുറിച്ചും സുഗതന്റെ മക്കളായ സുജിത്തിനും  സുനിലും തുറന്നു പറയുന്നു. 

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 23 നാണ് കൊല്ലം പുനലൂര്‍ സ്വദേശിയായ പ്രവാസി സുഗതന്‍ (64) തൂങ്ങിമരിക്കുന്നത്. കൊല്ലം തിരുമംഗലം ദേശീയപാതയില്‍ ഇളമ്പല്‍ പൈനാപ്പിള്‍ ജംഗ്ഷനിലെ നിര്‍മ്മാണത്തിലിരുന്ന വര്‍ക്ക്‌ഷോപ്പിലായിരുന്നു ആത്മഹത്യ. ദീര്‍ഘകാലം പ്രവാസജീവിതം നയിച്ച സുഗതനും മക്കളും സംഭവത്തിന് ആറ് മാസം മുമ്പാണ് നാട്ടില്‍ തിരിച്ചെത്തി വര്‍ക്ക്ഷോപ്പ് തുടങ്ങാന്‍ ശ്രമമാരംഭിച്ചത്. പത്തനാപുരത്ത് സ്ഥലം വാടകയ്ക്കെടുത്ത് വര്‍ക്ക് ഷോപ്പിന്റെ നിര്‍മ്മാണം ആരംഭിച്ചു. എന്നാല്‍ വയല്‍ നികത്തിയ സ്ഥലത്താണ് വര്‍ക്ക് ഷോപ്പ് സ്ഥിതി ചെയ്യുന്നതെന്ന ആരോപണവുമായി ഉദ്ഘാടനത്തിന് തൊട്ടുമുമ്പ് എ ഐ വൈ എഫ് പ്രവര്‍ത്തകര്‍ രംഗത്ത് വന്നു. വര്‍ക്ക്ഷോപ്പിന് മുന്‍പില്‍ ഇവര്‍ കൊടികുത്തി പ്രതിഷേധം ആരംഭിച്ചു. ഇതോടെ തന്റെ ബിസിനസ് സംരംഭവും ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകളും തകര്‍ന്നുവെന്ന ബോധ്യത്തില്‍ സുഗതന്‍ ജീവനൊടുക്കി. എ ഐ വൈ എഫ് നോക്കുകൂലി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സുഗതന്റെ ആത്മഹത്യയെന്നും അന്ന് ആരോപണം ഉയര്‍ന്നിരുന്നു. ആത്മഹത്യ പ്രേരണക്കുറ്റത്തിന് അറസ്റ്റിലായ എ ഐ വൈ എഫ് കുന്നിക്കോട് മണ്ഡലം പ്രസിഡന്റ് എം എസ് ഗിരീഷിനെയടക്കം മൂന്നുപേരും ജാമ്യത്തില്‍ പുറത്തിറങ്ങി. കുറ്റപത്രം കോടതിയിൽ സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് പൊലീസ് വിശദീകരണം. 

സര്‍ക്കാര്‍ വാക്ക് പാലിച്ചില്ല

കേസ് എന്തായെന്ന് ഒരു പിടിയും തങ്ങള്‍ക്കില്ലെന്ന് സുഗതന്റെ മക്കള്‍ പറയുന്നു. 'പ്രതികള്‍ക്ക് മുൻകൂർ ജാമ്യം ലഭിച്ചു, കേസ് കോടതിയിലാണ്. ഇത്രയേ പൊലീസ് പറയുന്നുള്ളൂ. ഞങ്ങള്‍ എന്തോ അപരാധം ചെയ്തത് പോലെയാണ് പൊലീസുകാര്‍ പെരുമാറുന്നത്. അച്ഛന്റെ മരണം വിവാദമായ സാഹചര്യത്തില്‍ കുടുംബത്തിന് സാമ്പത്തിക സഹായമുള്‍പ്പെടെ എല്ലാം ചെയ്യാമെന്ന് ഉറപ്പ് നല്‍കിയ സര്‍ക്കാര്‍ ഇനിയും വാക്ക് പാലിച്ചിട്ടില്ല. സഹായം അഭ്യര്‍ത്ഥിച്ചപ്പോള്‍ 'ആത്മഹത്യ ചെയ്ത ആളിന്റെ കുടുംബത്തിന് എന്ത് സഹായം തരാനാണ്' എന്നാണ് വനം മന്ത്രി കെ രാജു പുച്ഛത്തോടെ ചോദിച്ചത്'-സുജിത്ത് പറയുന്നു.

അച്ഛന്റെ മരണത്തോടെ വര്‍ക്ക്‌ഷോപ്പ് എന്ന സ്വപ്നം ഉപേക്ഷിച്ച് തിരിച്ച് മസ്‌ക്കറ്റിലേക്ക് പോവാനായിരുന്നു തന്റെ പ്ലാനെന്ന് സുജിത്ത് പറയുന്നു. 'എന്നാല്‍, വര്‍ക്ക് ഷോപ്പിന് ഉടന്‍ ലൈസന്‍സ് നല്‍കുമെന്ന് മുഖ്യമന്ത്രി വാക്ക് നല്‍കി. അത് വിശ്വസിച്ചാണ് ഗള്‍ഫിലേക്ക് തിരിച്ചുപോവാതെ വീണ്ടും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നത്. ഇപ്പോള്‍ വലിയ കടമുണ്ട്. എന്നാല്‍, മുഖ്യമന്ത്രി വാക്കു പാലിച്ചില്ല. ഇതുവരെ ലൈസന്‍സ് കിട്ടിയില്ല. സമയം വൈകിയതോടെ മസ്‌കറ്റിലേക്കുള്ള വിസ ക്യാന്‍സലായി. ഇനി തിരിച്ച് പോകാനും പറ്റില്ല. മസ്‌ക്കറ്റിലെ വര്‍ക്ക് ഷോപ്പും പോയി. ഇനി ഞാനെന്താണ് ചെയ്യേണ്ടത്?'. 

'എപ്പോള്‍ വേണമെങ്കിലും ഞങ്ങളെ ഒഴിപ്പിക്കാം' 

സുഗതന്റെ മരണം കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞിട്ടും സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് അനുകൂല നടപടി ഉണ്ടാകാതെ വന്നപ്പോള്‍ സുജിത്തും അനുജന്‍ സുനിലും  പഞ്ചായത്ത് ഓഫീസ് പടിക്കല്‍ കുത്തിയിരുപ്പ് സമരം നടത്തിയത്. 'അപ്പോഴാണ് കെട്ടിട നമ്പര്‍ നല്‍കാന്‍ പോലും ഉദ്യോഗസ്ഥര്‍ തയ്യാറായത്. അന്ന് ചില നേതാക്കള്‍ ഇടപെട്ട്, ഒരാഴ്ചക്കകം ലൈസന്‍സ് നല്‍കുമെന്ന് ഉറപ്പ് തന്നു. ഞങ്ങള്‍ സമരം അവസാനിപ്പിച്ചു. എന്നാല്‍ നിലം നികത്തിയ ഭൂമിയാണെന്ന് ഉറപ്പിച്ച് പറഞ്ഞ അധികൃതര്‍ ഇതുവരെ ലൈസന്‍സ് നല്‍കിയിട്ടില്ല. ആറ് മാസത്തേക്കുുളള വസ്തുവിന്റെ കരമായി 9700 രൂപ പഞ്ചായത്ത് ഓഫീസില്‍ അടച്ച ശേഷമാണ് വൈദ്യുതിക്കാവശ്യമായ താല്‍ക്കാലിക കെട്ടിട നമ്പര്‍ നല്‍കിയത്. ജീവിക്കാന്‍ മറ്റ് വഴിയില്ലാത്തത് കൊണ്ട് ഞങ്ങള്‍ ഇവിടെ വര്‍ക്ക്‌ഷോപ്പ് നടത്തുന്നുണ്ട്. എന്നാല്‍ ലൈസന്‍സ് ഇല്ലാത്തിനാല്‍ പഞ്ചായത്തിന് എപ്പോള്‍ വേണമെങ്കിലും സ്റ്റോപ് മെമ്മോ തന്ന് വര്‍ക്ക് ഷോപ്പ് പൊളിക്കാം. പിന്നെ ഞങ്ങള്‍ എന്തു ചെയ്യും?' -സുഗതന്റെ ഇളയ മകന്‍ സുനില്‍ ചോദിക്കുന്നു. 

സുഗതന്‍ മരിച്ച് ഒന്നര വര്‍ഷം തികയാറായി, അതിനിടയില്‍ ഇവര്‍ മുട്ടാത്ത വാതിലുകളില്ല, കയറിയിറങ്ങാത്ത ഓഫീസുകളില്ല. സഹായം അഭ്യര്‍ത്ഥിക്കാന്‍ ഇനി നേതാക്കളുമില്ല. എന്നിട്ടും ഒന്നും സംഭവിച്ചില്ല. പഞ്ചായത്ത് ഓഫീസില്‍ കുറേ തവണ കയറിയിറങ്ങി. എപ്പോഴും ഇങ്ങനെ വരേണ്ട, കെട്ടിട നമ്പര്‍ തന്നാല്‍ മതി, എന്തെങ്കിലും ഉണ്ടെങ്കില്‍ അറിയിക്കാം എന്നതായിരുന്നു ഉദ്യോഗസ്ഥരുടെ സമീപനം. 

വര്‍ക്ക് ഷോപ്പ് തുടങ്ങുന്നതിനായി മൂന്ന് വര്‍ഷത്തെ കാലാവധിയിലാണ് സുഗതന്‍ ഒരാളില്‍ നിന്ന് ഭൂമി പാട്ടത്തിനെടുത്തത്. കാലാവധി കഴിയാന്‍ ഇനി ഒന്നര വര്‍ഷം മാത്രമാണ് അവശേഷിക്കുന്നത്. 'ഇപ്പോള്‍ ചിലര്‍ ഭൂവുടമയെ ഭീഷണിപ്പെടുത്തി വര്‍ക്ക് ഷോപ്പ് ഒഴിവാക്കാന്‍ ശ്രമം നടത്തുന്നുണ്ട്. തണ്ണീര്‍തട സംരക്ഷണ നിയമം പറഞ്ഞ് ലൈസന്‍സ് നിഷേധിച്ചതിന് പുറമെ വര്‍ക്ക് ഷോപ്പ് ആളുകള്‍ക്ക് കാണാന്‍ പറ്റാത്തവിധം സമീപത്ത് മണ്ണിട്ടിരിക്കുകയാണ് ഇപ്പോള്‍. ഞങ്ങളോട് എന്തിനാണ്  ഇത്രയും ദ്രോഹം  ചെയ്യുന്നത്?'-സുജിത്ത് ചോദിക്കുന്നു. 

'ഞങ്ങളോട് മാത്രം എന്തിനീ ക്രൂരത'

'വര്‍ക്ക് ഷോപ്പിന്റെ അടുത്ത് വയല്‍ നികത്തി നിരവധി വലിയ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഇപ്പോഴും അവിടെ നിലം നികത്തുന്നുണ്ട്. കെട്ടിടങ്ങള്‍ ഉയരുന്നുണ്ട്. എന്നാല്‍, അത് അന്വേഷിക്കാനോ കൊടി നാട്ടാനോ ആരുമില്ല. അവര്‍ക്കൊക്കെ ലൈസന്‍സ് കിട്ടി, ഒരു തടസ്സവുമില്ല. ഞങ്ങളാണെങ്കില്‍, ഒരു തരി മണ്ണ് പോലും ഇട്ടിട്ടില്ല. വലിയ ഷോപ്പിങ് കോംപ്ലക്‌സ് ഒന്നുമല്ലല്ലോ ഞങ്ങള്‍ തുടങ്ങിയത്. ജീവിക്കാന്‍ വേണ്ടി, ഒരു കുഞ്ഞ് വര്‍ക്ക് ഷോപ്പല്ലേ. അതിന്റെ പേരില്‍ ഞങ്ങള്‍ക്ക് അച്ഛനെ നഷ്ടമായി, ഉള്ളതെല്ലാം പോയി. ഒരു മാനുഷിക പരിഗണനവെച്ചിട്ടെങ്കിലും സര്‍ക്കാരിന് ഞങ്ങളുടെ സങ്കടം ഒന്നു കണ്ടുകൂടേ'-സുനില്‍ ചോദിക്കുന്നു. 

ഈ കുടുംബത്തിന് ആകെ ഉള്ള ജീവിതമാര്‍ഗം ഇപ്പോള്‍ ഈ വര്‍ക്ക് ഷോപ്പാണ്. 'ആ വഴിയുമടഞ്ഞാല്‍ ഞങ്ങളുടെ കുടുംബം എങ്ങനെ ജീവിക്കും. വര്‍ക്ക് ഷോപ്പിന് അനുമതി ലഭിച്ചില്ലെങ്കില്‍ ഞങ്ങളും അച്ഛന്റെ വഴി തെരഞ്ഞെടുക്കേണ്ടി വരും. ഇനി സര്‍ക്കാരാണ് ഉത്തരം തരേണ്ടത്'- സുഗതന്റെ മക്കള്‍ പറയുന്നു.

പന്ത് റവന്യൂ വകുപ്പിന്റെ  കോര്‍ട്ടില്‍

അതിനിടെ, സാജന്റെ ആത്മഹത്യ ഉയര്‍ത്തിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍, വര്‍ക്ക് ഷോപ്പിന് ലൈസന്‍സ് നല്‍കാന്‍ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചതായി ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ തങ്ങള്‍ക്കൊരു വിവരവുമില്ലെന്ന് സുജിത്ത് പറഞ്ഞു. ചാനലില്‍ വാര്‍ത്ത വന്നത് ഞങ്ങളും കണ്ടു. എന്നാല്‍, പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് ഒരറിയിപ്പും ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ല. ഇതുവരെ ലൈസന്‍സും ലഭിച്ചിട്ടില്ല' -സുജിത്ത് പറഞ്ഞു. 

ലൈസന്‍സ് നല്‍കാന്‍ തീരുമാനം എടുത്തിട്ടില്ലെന്ന് വിളക്കുടി പഞ്ചായത്ത് പ്രസിഡന്റ് സി വിജയന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഭരണസമിതി യോഗം ഈ വിഷയം ചര്‍ച്ച ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍, ഇക്കാര്യത്തില്‍ എന്ത് നടപടി എടുക്കണമെന്നാവശ്യപ്പെട്ട് റവന്യൂ വകുപ്പിനും മന്ത്രിക്കും കത്ത് നല്‍കിയിട്ടുണ്ട്. വിവാദ ഭൂമിയില്‍ ഡാറ്റാ ബാങ്കില്‍ ഇല്ലാത്ത ഭാഗം ഏതെന്ന് അറിയിക്കണമെന്ന് ആവശ്യപ്പെട്ടാണ് റവന്യൂ വകുപ്പിനും മന്ത്രിക്കും കത്തയച്ചത്. ഇക്കാര്യത്തില്‍, സര്‍ക്കാര്‍ നടപടി ഉണ്ടായാലേ പഞ്ചായത്തിന് എന്തെങ്കിലും ചെയ്യാനാവൂ എന്നും പ്രസിഡന്‍റ് പറഞ്ഞു.