കൊച്ചി: ലൈഫ് മിഷൻ ധാരണാപത്രം എം ശിവശങ്കര്‍ ഹൈജാക്ക് ചെയ്തെന്ന് സിബിഐ ഹൈക്കോടതിയിൽ. പദ്ധതി അധോലോക ഇടപാടെന്നും സിബിഐ പറയുന്നു. പണം വന്നത് ഗൂഢാലോചനയുടെ ഭാഗമായാണെന്നും ടെൻ‍ഡർ വഴി യൂണിടാക്കിന് കരാ‌ർ ലഭിച്ചെന്നത് കളവാണെന്നും സിബിഐ ഹൈക്കോടതിയിൽ വാദിച്ചു.

സന്ദീപും സ്വപ്നയും കുപ്രസിദ്ധ കള്ളക്കടത്തുകാരാണെന്ന വാദമാണ് സിബിഐ ഹൈക്കോടതിയിൽ ഉയർത്തിയത്. സ്വർണക്കടത്ത് കേസിലെ പ്രതികളും  പദ്ധതിക്ക് വേണ്ടി ഇടപെട്ടെന്ന് സിബിഐ കോടതിയിൽ വാദിച്ചു. ലൈഫ് മിഷന് നൽകിയ രേഖകൾ സ്വർണ്ണക്കടത്ത് കേസ് പ്രതികളുടെ കൈവശം എങ്ങനെയെത്തി എന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് സിബിഐ കോടതിയെ അറിയിച്ചു. 

ടെൻഡർ നടപടി വഴിയാണ് യൂണിടാക്കിന് കരാർ ലഭിച്ചത് എന്നത് കളവാണെന്ന് സിബിഐ പറയുന്നു. ലൈഫ് ഒരു അധോലോക ഇടപാടാണെന്നാണ് സിബിഐ വാദം. സ്വർണ്ണക്കള്ളക്കടത്തിലെ പ്രതികൾ ഉൾപ്പെട്ട കേസിൽ പണം വന്നത് ഗൂഢാലോചനയുടെ ഭാഗമായിട്ടാണ്. 203 അപ്പാർട്ട്മെന്‍റുകളാണ് ആദ്യം ഉദ്ദേശിച്ചത്. പക്ഷേ സന്തോഷ് ഈപ്പൻ ഇത് 100ഉം, പിന്നീട് 130 ആക്കി. ഇത് ലാഭമുണ്ടാക്കാനാണെന്നാണ് സിബിഐ പറയുന്നുത്. 

യൂണിടാക്കും റെഡ് ക്രസന്റും ലൈഫും തമ്മിലുള്ള കോൺട്രാക്ട് പരിശോധിക്കേണ്ടത് ഉണ്ടെന്നും ഈ കരാർ സംശാസ്പദമാണെന്നും സിബിഐ പറയുന്നു. വളരെ വലിയ ഒരു ഗൂഢാലോചന ആണ് ഇതിന്റെ പുറകിൽ ഉള്ളതെന്നാണ് വാദം. പണം വന്നത് യുഎഇ കോൺസൽ ജനറലിന്‍റെ അക്കൗണ്ടിൽ നിന്നെന്ന് സിബിഐ പറയുന്നു. അല്ലാതെ റെഡ് ക്രസന്‍റിൽ നിന്നല്ല, റെഡ് ക്രസന്‍റിന്‍റെ അക്കൗണ്ടിൽ നിന്ന് കോൺസലേറ്റിലേക്ക് പണം എത്തി, ഇവിടെനിന്നാണ് യൂണിടാക്കിന് കൈമാറിയത് എന്നും സിബിഐ കോടതിയെ അറിയിച്ചു. 

പദ്ധതിയുടെ എം ഒ യു ഹൈജാക്ക് ചെയ്തത് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കറാണെന്നാണ് സിബിഐ പറയുന്നത്. എഫ് സിആർ എ നിയമം കേസിൽ നിലനിൽക്കുമെന്നും സിബിഐ വ്യക്തമാക്കി. യുവി ജോസ് പ്രതിയാകുമോ സാക്ഷിയാകുമോ എന്ന് ഇപ്പോൾ പറയാനാകില്ലെന്ന് സിബിഐ കോടതിയെ അറിയിച്ചു. കേസ് ഡയറി മുദ്ര വച്ച കവറിൽ കോടതിയിൽ സമർപ്പിക്കാമെന്നും ഇത് കോടതി വായിക്കണമെന്നും സിബിഐ അഭ്യർത്ഥിച്ചു. 

എല്ലാ സഹായവും നൽകാൻ യു വി ജോസിനോട് ശിവശങ്കർ ആവശ്യപ്പെട്ടുവെന്നും എല്ലാ വിധ സഹായവും യു വി ജോസ് ഉറപ്പ് നൽകിയെന്നുമാണ് സിബിഐ പറയുന്നത്. 

എന്നാൽ ലൈഫ് മിഷൻ എഫ്സിആർഎയുടെ കീഴിൽ വരില്ലെന്നായിരുന്നു സർക്കാരിന്റെ മറുപടി വാദം. സിബിഐയുടെ അന്വേഷണം ഫെ‍ഡറൽ സ്ട്രക്ചർ തന്നെ തകർക്കുമെന്ന് സർക്കാർ കോടതിയിൽ വാദിച്ചു. എംഒയു ഹൈജാക്ക് ചെയ്തെന്ന് എഫ്സിആർ നിയമത്തിന്റെ വയലേഷൻ എന്നും സിബിഐ വ്യക്തമാക്കി. 

കോൺസുലേറ്റ് പണം യൂണിടാക് വാങ്ങിയതിൽ തങ്ങൾക്ക് പങ്കില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ബന്ധം അനുസരിച്ച് കേസന്വേഷിക്കാൻ സിബിഐക്ക് സംസ്ഥാനത്തിന്റെ അനുമതി വേണമെന്ന് സർക്കാർ കോടതിയിൽ വാദിച്ചു. 

എഫ്സിആർഎയും ലൈഫ് മിഷനുമായി ബന്ധപ്പെട്ട് കേസ് റദ്ദാക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടു, ഇതിൽ എഫ്സിആർഎ എങ്ങനെ നിലനിൽക്കും എന്ന് ബോധ്യപ്പെടുത്താതെ അന്വേഷണവുമായി മുന്നോട്ട് പോകരുത് എന്നും സർക്കാർ ആവശ്യപെട്ടു. കേസ് കോടതി വിധി പറയാൻ മാറ്റി.