'ലൈവാകാത്ത ലൈഫ്', 3 വർഷം മുമ്പ് തുടങ്ങിയ ലൈഫ് ഫ്ലാറ്റ് സമുച്ചയത്തിന്‍റെ നിർമാണം ഇഴയുന്നു
കട്ടപ്പന വെള്ളയാംകുടി ലക്ഷം വീട് കോളനിക്ക് സമീപം നഗരസഭ വിട്ട് നൽകിയ അൻപത് സെന്‍റ് സ്ഥലത്താണ് അഞ്ചേകാൽ കോടി രൂപ അനുവദിച്ച് ഫ്ലാറ്റ് സമുച്ചയത്തിന്‍റെ പണികൾ തുടങ്ങിയത്.

ഇടുക്കി: ഇടുക്കി കട്ടപ്പനക്കടുത്ത് വെള്ളയാംകുടിയിൽ മൂന്ന് വർഷം മുമ്പ് നിർമ്മാണം തുടങ്ങിയ ലൈഫ് ഫ്ലാറ്റ് സമുച്ചയത്തിന്‍റെ നിർമാണം ഇഴഞ്ഞ് നീങ്ങുന്നു. ഒരു നിലയുടെ നിർമാണം പകുതി പോലും ആയിട്ടില്ല. യഥാസമയം ഫണ്ട് ലഭിക്കാത്തതാണ് നിർമാണം തടസ്സപ്പെടാൻ കാരണം.
കട്ടപ്പന വെള്ളയാംകുടി ലക്ഷം വീട് കോളനിക്ക് സമീപം നഗരസഭ വിട്ട് നൽകിയ അൻപത് സെന്‍റ് സ്ഥലത്താണ് അഞ്ചേകാൽ കോടി രൂപ അനുവദിച്ച് ഫ്ലാറ്റ് സമുച്ചയത്തിന്‍റെ പണികൾ തുടങ്ങിയത്. ഇടുക്കിയിൽ സ്ഥലവും വീടുമില്ലാത്ത 44 കുടുംബങ്ങൾക്ക് വേണ്ടിയാണ് ഫ്ലാറ്റ് നിർമ്മിക്കന്നത്. വെള്ളയാംകുടിയിലെ കുട്ടികളും യുവാക്കളും കായിക പരിശീലനത്തിന് ഉപയോഗിച്ചിരുന്ന ഗ്രൗണ്ട് നികത്തിയാണ് 2020 പണികൾ തുടങ്ങിയത്. മൂന്നര വർഷമായിട്ടും ഒന്നാം നിലയുടെ പണികൾ പോലും പൂർത്തിയായിട്ടില്ല.
ഗുണഭോക്താക്കളിൽ ഭൂരിഭാഗവും നഗരസഭാ ഓഫീസിൽ കയറിയിറങ്ങുകയാണിപ്പോഴും. പദ്ധതിയുമായി നഗരസഭയ്ക്ക് കാര്യമായ ബന്ധമില്ലെങ്കിലും പഴികേൾക്കേണ്ടി വരുന്നത് നഗരസഭയിലെ ജനപ്രതിനിധികളാണ്. ഉത്തരേന്ത്യയിൽ നിന്നുമാണ് ഫ്ലാറ്റ് നിർമ്മാണത്തിന് സാധനങ്ങൾ എത്തിക്കുന്നത്. സാധനങ്ങളുടെ ലഭ്യതക്കുറവും കൃത്യ സമയത്ത് ഫണ്ട് ലഭിക്കാത്തുമാണ് നിർമ്മാണം പൂർത്തിയാക്കാൻ തടസ്സമെന്നാണ് കരാറുകാരുടെ വിശദീകരണം.