കാസര്‍ഗോഡ്: തനിക്ക് കിട്ടിയ വികലാംഗ പെൻഷൻതുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയതിൽ മാത്രം ഒതുങ്ങുന്നതല്ല കാസറകോട് കള്ളാർ സ്വദേശി ജെൻസന്റെ കഥ. ജീവിത വഴിയിൽ കാലിടറിയതിനെ തുടർന്ന് മൂന്ന് തവണയാണ് ജെൻസൺ മരണംവരിക്കാൻ സ്വയം തയ്യാറെടുത്തത്. ഒരു തവണ സ്വന്തം കഥ തീർന്നെന്നുറപ്പാക്കാൻ പണം നൽകി വാടക കൊലയാളികളെ ഏർപ്പാടാക്കി.

രണ്ട് വർഷം മുമ്പോരു ക്രിസ്മസ് തലേന്ന് രാത്രിയാണ് ജെൻസന്റെ ജീവിതം മാറുന്നത്. വിവാഹം ഉറപ്പിച്ച സന്തോഷവും ക്രിസ്മസ് സമ്മാനങ്ങളുമായി വീട്ടിലേക്ക് വരുന്നതിനിടെ കാൽതെറ്റി താഴെക്ക്. പിറകെ വന്ന കല്ല് പതിച്ചത് നെഞ്ചത്ത്. ദിവസങ്ങൾക്ക് ശേഷം കണ്ണ് തുറക്കുന്നത് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ. സ്വയം ചലിക്കാനാവില്ലെന്നറിഞതോടെ അതുവരെ കൂട്ടായ മനോദൈര്യം ചോർന്നു. പിന്നീട് ജീവിതം അവസാനിപ്പിക്കാനുള്ള വഴി തേടുകയായിരുന്നു. പരാജയപ്പെട്ട ആത്മഹത്യാ ശ്രമങ്ങൾ ഏറെ. ഒടുവിൽ സ്വന്തം മരണം ഉറപ്പിക്കാൻ വാടക കൊലയാളിയെ കണ്ടെത്തി.

പിന്നീട് ജീവിതം തിരിച്ചുപിടിക്കാനുള്ള തിടുക്കമായി. പല ഇടങ്ങളിലായുള്ള ചികിത്സകൾ. വീൽ ചയറിൽ സഞ്ചരിക്കാമെന്നായി. മനസിൽ പുതിയ ലക്ഷ്യങ്ങൾ കുറിക്കുന്നതിനിടെ കൊവിഡെത്തി. കൂടെ നേരത്തെ അപേക്ഷിച്ച വികലാംഗ പെൻഷനും.

സ്വയം തേടിയ മരണ വഴികളിൽ നിന്നും മാറി ജെൻസൺ പ്രതീക്ഷകളുടെ പുതുവഴി വെട്ടുകയാണ്. റോഡരികിലായി പുതിയ വീടുവെക്കണം. കച്ചവട സ്ഥാപനം തുടങ്ങി സ്വന്തം വരുമാനം കണ്ടെത്തണം. ക്യാൻസ‌ർ ബാധിതനായ അച്ഛന് മികച്ച ചികിത്സ ഉറപ്പാക്കണം. അങ്ങിനെ ഏറെയുണ്ട്.