ദില്ലി: കെപിസിസി ഭാരവാഹി പട്ടിക ബുധനാഴ്ച പ്രഖ്യാപിച്ചേക്കും. എഐസിസി ജനറൽ സെക്രട്ടറിമാരായ കെ സി വേണുഗോപാൽ, മുകുൾ വാസ്നിക്ക് എന്നിവരുമായി ചൊവാഴ്ച ഒരു വട്ടം കൂടി ചർച്ച നടത്തി കെപിസിസി അധ്യക്ഷൻ പട്ടിക കൈമാറും. ഗ്രൂപ്പ് നേതാക്കൾ വഴങ്ങാത്ത സാഹചര്യത്തിൽ ജംബോ പട്ടിക തന്നെയാകും പ്രഖ്യാപിക്കുക. വി എം  സുധീരനടക്കം ഗ്രൂപ്പില്ലാത്ത നേതാക്കളും, പോഷക സംഘടനാ നേതാക്കളും, എംപിമാരും കൂടി നൽകിയ പട്ടികകൾ പരിഗണിച്ചാൽ നൂറോളം ഭാരവാഹികൾ ലിസ്റ്റിൽ ഉണ്ടാകും. ഗ്രൂപ്പുകളുടെ സമ്മർദ്ദത്തെ മറികടക്കാൻ ഹൈക്കമാൻഡിനും കഴിഞ്ഞിട്ടില്ല.

നാല് വര്‍ക്കിംഗ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് എഐ ഗ്രൂപ്പുകള്‍ നല്‍കിയത് രണ്ട് പേരുടെ വീതം പട്ടിക, 30 ജനറല്‍സെക്രട്ടറിമാര്‍ക്കായി 15 പേരുടെ വീതം പട്ടിക, 60 സെക്രട്ടറി മാര്‍ക്കായി മുപ്പത് വീതവും. ട്രഷറര്‍ സ്ഥാനത്തിനായി പിടിവലി വേറെയാണ്. മറ്റുള്ളവരെ എവിടെ ഉള്‍പ്പെടുത്തുമെന്ന കെപിസിസി അധ്യക്ഷന്‍റെ ചോദ്യത്തിന് ഉമ്മന്‍ചാണ്ടിയോ, ചെന്നിത്തലയോ  മുഖം കൊടുത്തിട്ടില്ല. പട്ടികയിലിടം നേടിയ ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ വെട്ടാനും ഗ്രൂപ്പ് നേതാക്കള്‍ തയ്യാറല്ല.

ഗ്രൂപ്പുകള്‍ക്ക് പുറമെ വിഎം സുധീരന്‍, പിസി ചാക്കോ തുടങ്ങി ഗ്രൂപ്പില്ലാത്ത നേതാക്കളുടെ വക പട്ടിക വേറെയുമുണ്ട്. ഇതിനെല്ലാം പുറമെയാണ് രാഹുല്‍ഗാന്ധി ഒഴികെയുള്ള കേരളത്തിലെ എംപിമാരും പട്ടിക നല്‍കിയിരിക്കുന്നത്. ഇതോടെ പട്ടിക വെട്ടിച്ചുരുക്കാനിരുന്ന കെപിസിസി അധ്യക്ഷന്‍ ത്രിശങ്കുവിലായിരിക്കുകയാണ്.