ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന താൻ, ബജറ്റ് ചർച്ചയുടെ പ്രാധാന്യം കണക്കിലെടുത്താണ് വിശ്രമം ഉപേക്ഷിച്ച് സഭയിലെത്തിയതെന്നും ആരോഗ്യപ്രശ്നങ്ങളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നത് ശരിയല്ലെന്നും സി കെ ഹരീന്ദ്രൻ എംഎൽഎ.

തിരുവനന്തപുരം: നിയമസഭയിലെ മണിക്കൂറുകൾ നീണ്ട നടപടി ക്രമങ്ങൾക്കിടയിലെ ഏതാനും നിമിഷങ്ങൾ മാത്രം അടർത്തിയെടുത്ത് പ്രചാരണം നടത്തിയവർക്ക് മറുപടിയുമായി പാറശ്ശാല എംഎൽഎ സി കെ ഹരീന്ദ്രൻ. രോഗാവസ്ഥയിൽ നിന്നുള്ള ശാരീരിക ക്ഷീണം മനുഷ്യത്വപരമായി കാണുന്നതിന് പകരം സഭയിൽ ഉറങ്ങി എന്ന തരത്തിൽ പരിഹാസ രൂപേണ വീഡിയോ പ്രചരിപ്പിച്ചതിന് എതിരെയാണ് എംഎൽഎ രംഗത്തെത്തിയത്. ഡെങ്കിപ്പനി ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഡോക്ടർ വിശ്രമിക്കാൻ പറഞ്ഞെങ്കിലും ബജറ്റുമായി ബന്ധപ്പെട്ട സുപ്രധാന ചർച്ചകൾ നടക്കുന്നതിനാൽ സഭയിൽ എത്തിയതാണ്. ബജറ്റ് ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയും പാറശാല നിയോജക മണ്ഡലവുമായി ബന്ധപ്പെട്ട വിഷയങ്ങൾ സഭയുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തു. ഒരു മനുഷ്യന്‍റെ ആരോഗ്യപ്രശ്നങ്ങളെ പോലും രാഷ്ട്രീയ ആയുധമാക്കുന്നത് സമൂഹം ഗൌരവപൂർവ്വം കാണണമെന്ന് എംഎൽഎ അഭ്യർത്ഥിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കുറിപ്പിന്‍റെ പൂർണരൂപം

"കഴിഞ്ഞ ദിവസം നിയമസഭാ സമ്മേളനത്തിനിടെയുള്ള ഏതാനും സെക്കൻഡുകളുടെ ഒരു വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നതായി ശ്രദ്ധയിൽപ്പെട്ടു.

ഡെങ്കിപ്പനി ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചക്കാലം നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ അഡ്മിറ്റായി ചികിത്സയിലായിരുന്നു ഞാൻ. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം വിശ്രമം ആവശ്യമായിരുന്നെങ്കിലും സംസ്ഥാന ബജറ്റുമായി ബന്ധപ്പെട്ട സുപ്രധാന ചർച്ചകൾ നടക്കുന്നതിനാലും ജനങ്ങൾ ഏൽപ്പിച്ച ഉത്തരവാദിത്വം നിർവഹിക്കേണ്ടതുണ്ടെന്ന ബോധ്യത്താലുമാണ് പൂർണമായി ആരോഗ്യസ്ഥിതി വീണ്ടെടുക്കുന്നതിന് മുമ്പ് നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ തീരുമാനിച്ചത്.

ആ ദിവസവും സഭയിൽ സാന്നിധ്യം രേഖപ്പെടുത്തുക മാത്രമല്ല, ബജറ്റ് ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയും പാറശാല നിയോജക മണ്ഡലവുമായി ബന്ധപ്പെട്ട വിഷയങ്ങൾ സഭയുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ മണിക്കൂറുകളോളം നീണ്ടുനിന്ന സഭാ നടപടികൾക്കിടയിലെ ഏതാനും നിമിഷങ്ങൾ മാത്രം അടർത്തിയെടുത്ത് പ്രചരിപ്പിച്ചാണ് ചിലർ വിലകുറഞ്ഞ രാഷ്ട്രീയ പ്രചാരണത്തിന് ശ്രമിക്കുന്നത്.

പൊതുപ്രവർത്തന രംഗത്ത് പ്രവർത്തിക്കാൻ തുടങ്ങിയ കാലം മുതൽ ജനങ്ങളോടുള്ള ഉത്തരവാദിത്വബോധമാണ് എന്റെ പ്രവർത്തനങ്ങൾക്ക് കരുത്ത് പകർന്നിട്ടുള്ളത്. ജനപ്രതിനിധിയെന്ന നിലയിൽ ഏൽപ്പിക്കപ്പെട്ട ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്നതിൽ ആരോഗ്യപ്രശ്നങ്ങളോ വ്യക്തിപരമായ ബുദ്ധിമുട്ടുകളോ ഒരിക്കലും തടസ്സമാകരുതെന്ന നിലപാടാണ് എപ്പോഴും സ്വീകരിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെയാണ് ചികിത്സയിലായിരുന്ന സാഹചര്യത്തിലും വിശ്രമം തുടരുന്നതിന് പകരം നിയമസഭയിലെത്തി ജനങ്ങളുടെ ശബ്ദമാകാൻ ഞാൻ ശ്രമിച്ചത്.

രോഗാവസ്ഥയിൽ നിന്നുള്ള ശാരീരിക ക്ഷീണം ഒരു യാഥാർത്ഥ്യമാണ്. അതിനെ മനുഷ്യത്വപരമായി കാണുന്നതിന് പകരം പരിഹാസത്തിനും വ്യക്തിപരമായ അധിക്ഷേപങ്ങൾക്കുമായി ഉപയോഗിക്കുന്നത് രാഷ്ട്രീയ സംസ്കാരത്തിന് ചേർന്നതല്ല.

പൊതുജീവിതത്തിൽ പ്രവർത്തിക്കുന്നവർ വിമർശനങ്ങൾക്ക് അതീതരല്ല. എന്നാൽ വിമർശനം വസ്തുതകളുടെയും രാഷ്ട്രീയ നിലപാടുകളുടെയും അടിസ്ഥാനത്തിലാകണം. ഒരു മനുഷ്യന്റെ ആരോഗ്യപ്രശ്നങ്ങളെ പോലും രാഷ്ട്രീയ ആയുധമാക്കേണ്ടിവരുന്നത് നമ്മുടെ പൊതുസമൂഹം ഗൗരവമായി വിലയിരുത്തേണ്ട വിഷയമാണ്.

എന്റെ ആരോഗ്യനിലയെക്കുറിച്ച് അന്വേഷിക്കുകയും ആശങ്ക പങ്കുവെക്കുകയും വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്ത എല്ലാ സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും സ്നേഹിതർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.

ജനങ്ങൾ ഏൽപ്പിച്ച ഉത്തരവാദിത്വം അതേ ആത്മാർത്ഥതയോടെയും പ്രതിബദ്ധതയോടെയും തുടർന്നും നിർവഹിക്കുമെന്ന ഉറപ്പോടെ

നിങ്ങളുടെ സ്വന്തം

സി കെ ഹരീന്ദ്രൻ"