Asianet News MalayalamAsianet News Malayalam

ഭർതൃ പീഡനം നിലനിൽക്കില്ല; ലിവിംഗ് ടുഗെതർ പങ്കാളി ജീവനൊടുക്കിയ കേസിൽ ശിക്ഷ റദ്ദാക്കി ഹൈക്കോടതി

ഇരുവരും തമ്മിൽ നിയമപ്രകാരം വിവാഹം രജിസ്റ്റർ ചെയ്യാത്തതിനാൽ ഭർത്താവിന്റെ വീട്ടിൽ വെച്ചുള്ള പീഡനമെന്ന രീതിയിൽ കേസ് കണക്കാക്കാൻ ആകില്ലെന്ന് കോടതി

living together partner suicide case ipc 498 a cant be imposed says Kerala High court kgn
Author
First Published Oct 16, 2023, 4:45 PM IST

കൊച്ചി: ലിവിംഗ് ടുഗതർ പങ്കാളിക്കെതിരെ ഐ പി സി 498 എ പ്രകാരം  കേസെടുക്കാനാവില്ലെന്ന് ഹൈക്കോടതി. ഭർത്താവോ ഭർത്താവിന്റെ ബന്ധുക്കളോ സ്ത്രീയെ പീഡിപ്പിക്കുന്നതുമായി ബന്ധപ്പെട്ടതാണ് ഐപിസി 498 എ വകുപ്പ്. വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിച്ച സ്ത്രീ ആത്മഹത്യ ചെയ്ത കേസിലാണ് കേരളാ ഹൈക്കോടതിയുടെ നിർണായക നിരീക്ഷണം. കേസിൽ ഭർത്താവിനെയും കുടുംബത്തെയും ശിക്ഷിച്ച നടപടി ഹൈക്കോടതി റദ്ദാക്കി.

ഇരുവരും തമ്മിൽ നിയമപ്രകാരം വിവാഹം രജിസ്റ്റർ ചെയ്യാത്തതിനാൽ ഭർത്താവിന്റെ വീട്ടിൽ വെച്ചുള്ള പീഡനമെന്ന രീതിയിൽ കേസ് കണക്കാക്കാൻ ആകില്ലെന്ന് കോടതി വ്യക്തമാക്കി. നിയമത്തിന് മുന്നിൽ ഇരുവരും ഭാര്യാഭർത്താക്കന്മാരായിരുന്നില്ലെന്നത് കോടതി ചൂണ്ടിക്കാട്ടി. ഇരുവരും ഒരുമിച്ച് താമസം തുടങ്ങുകയും പിന്നീട് വിവാഹം കഴിക്കാമെന്നും വ്യക്തമാക്കി കരാറിൽ ഏ‌ർപ്പെടുകയായിരുന്നു. സാധുവായ വിവാഹ രേഖ ഇല്ലാത്തതിനാൽ ഐപിസി 498 എ നിലനിൽക്കില്ലെന്ന് ജസ്റ്റിസ് സോഫിയ തോമസ് ഉത്തരവിൽ വ്യക്തമാക്കി. ലിവിംഗ് ടുഗെതർ പങ്കാളി ആത്മഹത്യ ചെയ്ത കേസിൽ വിചാരണ കോടതി ശിക്ഷിച്ച പാലക്കാട് സ്വദേശിയും കുടുംബവുമാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.

കേസിന് ആധാരമായ സംഭവം നടന്നത് 1997 ലാണ്. പാലക്കാട് സ്വദേശികളായ രണ്ട് പേർ പ്രണയിച്ച് ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇരുവരും വിവാഹം രജിസ്റ്റർ ചെയ്യാൻ ഒരുക്കമായിരുന്നില്ല. പിന്നീട് വിവാഹം കഴിക്കാമെന്ന കരാറിൽ ജീവിതം തുടർന്നു. ഇതിനിടയിൽ പങ്കാളിയുമായി ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടായി. ഭർത്താവിന്‍റെ വീട്ടുകാരും ഈ ബന്ധത്തിൽ അതൃപ്തി അറിയിച്ച് മോശമായി പെരുമാറാൻ തുടങ്ങി. ബന്ധം വഷളായതിന് പിന്നാലെ യുവതി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിആത്മഹത്യ ചെയ്തു. 

പങ്കാളിയുടെ വീട്ടിൽ വെച്ചുണ്ടായ ആത്മഹത്യ നിലയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ഭർതൃപീഡനം, ആത്മഹത്യ പ്രേരണ കുറ്റം ഉൾപ്പടെ പങ്കാളിക്കും  കുടുംബത്തിനെതിരെയും ചുമത്തിയാണ് പൊലീസ് കേസെടുത്തത്. വിചാരണ കോടതി ഈ വകുപ്പുകൾ ശരിവച്ച് ശിക്ഷ വിധിച്ചു. എന്നാൽ വിധിക്കെതിരെ പ്രതികളായ പങ്കാളിയും മാതാപിതാക്കളും സഹോദരനും ഹൈക്കോടതിയെ സമീപിച്ചു. ഈ ഹർജിയിൽ വാദം കേട്ട ശേഷമാണ് ഹൈക്കോടതി ഉത്തരവ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios