എൽജെഡി ദേശീയ നേതൃത്വത്തിലെ ഒരു വിഭാഗം ആർജെഡിയുമായി ലയിച്ച സാഹചര്യത്തിലാണ് സംസ്ഥാന സമിതി യോഗം ചേർന്നത്
കോഴിക്കോട്: മൂന്ന് പ്രമുഖ രാഷ്ട്രീയ കക്ഷികളുമായി എൽജെഡി ലയന ചർച്ച തുടങ്ങി. ബിഹാറിലെ ആർജെഡി, കർണാടകയിലെ ജെഡിഎസ്, യുപിയിലെ സമാജ്‌വാദി പാർട്ടി എന്നിവരുമായാണ് ചർച്ചകൾ തുടങ്ങിയത്. ഏഴ് പേരെയാണ് ലയന ചർച്ചകൾക്കായി എൽജെഡി ചുമതലപ്പെടുത്തിയിരിക്കുന്നത്.
എൽജെഡി ദേശീയ നേതൃത്വത്തിലെ ഒരു വിഭാഗം ആർജെഡിയുമായി ലയിച്ച സാഹചര്യത്തിലാണ് സംസ്ഥാന സമിതി യോഗം ചേർന്നത്. ഏത് പാർട്ടിയുമായി ലയിക്കണമെന്ന കാര്യത്തിൽ മെയ് 25 നകം തീരുമാനമുണ്ടാകുമെന്ന് എൽജെഡി നേതാവ് വർഗീസ് ജോർജ് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
മറ്റ് മൂന്ന് പാർട്ടികളുമായി നടത്തുന്ന ചർച്ചയുടെ കാര്യങ്ങൾ എൽ ഡി എഫ് നേതൃത്വത്തെയും അറിയിക്കുമെന്നും വർഗീസ് ജോർജ് വ്യക്തമാക്കി. സിൽവർ ലൈൻ സാമൂഹികാഘാത പഠനത്തിന് കല്ലിടുമ്പോൾ ബലപ്രയോഗം പാടില്ലെന്ന് എൽജെഡി ആവശ്യപ്പെട്ടു. ബലപ്രയോഗം നടന്നതിന് ദൃശ്യങ്ങൾ തന്നെ തെളിവാണ്. ബലപ്രയോഗം പാടില്ലെന്ന കാര്യം മുന്നണി നേതൃത്വത്തെ അറിയിക്കുമെന്നും വർഗ്ഗീസ് ജോർജ്ജ് പറഞ്ഞു.
