കോട്ടയം: കോട്ടയത്ത് സിപിഐ-സിപിഎം തർക്കം രൂക്ഷം. സീറ്റുകൾ സിപിഎം കവർന്നെടുക്കുകയാണെന്ന് ആരോപിച്ച് സിപിഐ ജില്ലാ നേതാക്കൾ പരസ്യമായി രംഗത്തെത്തി. കേരളാ കോൺഗ്രസ് വന്നതോടെ സിപിഎമ്മിന്‍റെ സമീപനത്തിൽ മാറ്റമുണ്ടായെന്നും ഇത് മുന്നണി ബന്ധത്തെ ശിഥിലമാക്കുമെന്നും കോട്ടയം മണ്ഡലം സെക്രട്ടറി ടി സി ബിനോയ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പാലാ മുൻസിപ്പാലിറ്റിയിൽ ഏഴ് സീറ്റിൽ മത്സരിച്ചിരുന്ന സിപിഐ ധാരണ പ്രകാരം മൂന്നിലേക്ക് ഒതുങ്ങി.

ജില്ലാ പഞ്ചായത്തിൽ പ്രശ്നം പരിഹരിച്ചെങ്കിലും മറ്റ് തദ്ദേശ സ്ഥാപനങ്ങളിൽ കോട്ടയത്ത് സിപിഐ- സിപിഎം തർക്കം രൂക്ഷമാണ്. പലയിടങ്ങളിലും സിപിഐയുടെ സീറ്റുകൾ കേരളാ കോൺഗ്രസിന് വിട്ട് നൽകാൻ സിപിഎം പ്രേരിപ്പിക്കുന്നു. പാലായിൽ സിപിഐ അഞ്ച് സീറ്റ് കേരളാ കോൺഗ്രസിന് വിട്ട്  കൊടുത്തു. നിരവധി പഞ്ചായത്തുകളിലും തർക്കം തുടരുന്ന സാഹചര്യത്തിലാണ് സിപിഐ നേതാക്കൾ സിപിഎമ്മിനെതിരെ ആഞ്ഞടിക്കുന്നത്.

കോട്ടയം നഗരസഭയിലെ മൂന്നാം വാർഡിൽ കേരളാ കോൺഗ്രസിനും സിപിഐയ്ക്കും സ്ഥാനാർത്ഥിയുണ്ട്. അതേസമയം പുതുതായി എത്തിയ കക്ഷി എന്ന നിലയിൽ കേരളാ കോൺഗ്രസിന് പരിഗണന നൽകണം എന്ന നിലപാടിലാണ് സിപിഎം. താഴേത്തട്ടിലെ സിപിഐയുടെ പ്രതിഷേധത്തിന് പ്രാധാന്യം നൽകേണ്ടെന്നും സിപിഎം നേതാക്കൾ പറയുന്നു.