ആദ്യ ഘട്ടത്തിൽ 73.12 ശതമാനമായിരുന്നു ശരാശരി പോളിംഗ്. നിലവിൽ 76.38 ശതമാനമാണ് പോളിംഗ്.
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിൽ മികച്ച പോളിംഗ്. വൈകുന്നേരം അഞ്ച് മണിയോടെ തന്നെ ഒന്നാം ഘട്ട വോട്ടെടുപ്പിനേക്കാൾ പോളിംഗ് രണ്ടാം ഘട്ടത്തിൽ രേഖപ്പെടുത്തി. കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ആദ്യ ഘട്ടത്തിൽ 73.12 ശതമാനമായിരുന്നു ശരാശരി പോളിംഗ്. നിലവിൽ 76.38 ശതമാനമാണ് പോളിംഗ് നില അന്തിമകണക്കുകൾ വരുമ്പോൾ ഇതിൽ വ്യത്യാസം വരും.
(വൈകിട്ട് 8.00 PM -ൻ്റെ പോളിംഗ് നില)
പോളിംഗ് ശതമാനം 76.38%
വയനാട്- 79.46%
പാലക്കാട്- 77.97%
തൃശൂർ - 75.03%
എറണാകുളം- 77.13 %
കോട്ടയം - 73.91%
കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ - 62.01
തൃശൂർ കോർപ്പറേഷൻ - 63.77
ആദ്യ ഘട്ട തെരഞ്ഞെടുപ്പിലേതിന് സമാനമായി ഇന്നും അതിരാവിലെ മുതൽ വോട്ടർമാരുടെ നീണ്ട ക്യൂവാണ് ബൂത്തുകൾക്ക് മുന്നിൽ കണ്ടത്. ഉച്ചവരെ ഈ ട്രൻഡ് തുടർന്നു. ഉച്ചയ്ക്ക് ശേഷം പലയിടത്തും പോളിംഗ് മന്ദഗതിയായെങ്കിലും പിന്നീട് വൈകുന്നേരത്തോടെ പോളിംഗ് ബൂത്തുകളിൽ നീണ്ട ക്യൂ ദൃശ്യമായി. അഞ്ച് ജില്ലകളിലായി 99 ലക്ഷത്തോളം വോട്ടര്‍മാരാണ് ഇന്ന് പോളിംഗ് ബൂത്തിലെത്തിയത്. കൊവിഡ് രോഗികളും കൊവിഡ് നിരീക്ഷണത്തിലുള്ളവരും പോളിംഗിൻ്റെ അവസാന മണിക്കൂറിൽ ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി. ആറ് മണിക്ക് ശേഷം ക്യൂവിൽ ഉണ്ടായിരുന്നവർക്ക് സ്ലിപ്പ് നൽകിയാണ് വോട്ട് ചെയ്യിപ്പച്ചത്.
457 തദ്ദേശ സ്ഥാപനങ്ങളിലെ 8,116 വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ്. രാവിലെ ഏഴ് മുതൽ വൈകീട്ട് ആറുവരെയാണ് പോളിംഗ്. ഇന്നലെ മൂന്ന് മണിക്ക് ശേഷം കൊവിഡ് സ്ഥിരീകരിച്ചവർക്ക് പി പി ഇ കിറ്റണിഞ്ഞ് പോളിംഗിന്റെ അവസാന മണിക്കൂറിൽ വോട്ട് ചെയ്യാം. കോട്ടയത്ത് കേരള കോൺഗ്രസ് എം, ജോസഫ് വിഭാഗങ്ങൾക്ക് അഭിമാനപ്പോരാട്ടമാണ് ഇക്കുറി. ഇന്നത്തെ തെരഞ്ഞെടുപ്പിൽ കോട്ടയത്ത് കേരള കോൺഗ്രസിന്റെ കൂടുമാറ്റം എങ്ങിനെ പ്രതിഫലിക്കുമെന്ന് കൂടി വ്യക്തമാവും. കേരള കോൺഗ്രസിന്റെ മുന്നണി പ്രവേശനം നേട്ടമാകുമെന്ന് കരുതുന്ന ഇടതുമുന്നണിക്കും, കേരള കോൺഗ്രസ് എം പോയത് തങ്ങളെ ബാധിക്കില്ലെന്ന് അവകാശപ്പെടുന്ന യുഡിഎഫിനും അഭിമാന പോരാട്ടമാണ് ഇന്ന്.
രണ്ട് തവണ തുടർച്ചയായി കൊച്ചി കോർപറേഷൻ ഭരണം പിടിച്ച യുഡിഎഫ് ഇത് നിലനിർത്താനുള്ള കഠിന പരിശ്രമത്തിലാണ്. എന്നാൽ ജനപിന്തുണ തങ്ങൾക്കാണെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി. യുഡിഎഫിന് ഹാട്രിക് അനുവദിക്കില്ലെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള ശക്തമായ പ്രചാരണമാണ് എൽഡിഎഫ് കാഴ്ചവെച്ചത്. ഇന്നത്തെ വോട്ടെടുപ്പിൽ ബിജെപിക്ക് വലിയ പ്രതീക്ഷകളുള്ള രണ്ട് ജില്ലകളാണ് തൃശൂരും പാലക്കാടും. തൃശ്ശൂർ കോർപറേഷനിലേക്ക് കൂടുതൽ മുന്നേറ്റം ഉണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി.
പാലക്കാട് നഗരഭരണം തിരികെ പിടിക്കാനാണ് ഇടതുമുന്നണിയുടെ ശ്രമം. എറണാകുളം ജില്ലാ പഞ്ചായത്തിന് കീഴിൽ വരുന്ന കിഴക്കമ്പലത്തും സമീപമുള്ള നാല് പഞ്ചായത്തുകളിലും ജനകീയ കൂട്ടായ്മയായ ട്വൻ്റി 20 -യുടെ പ്രകടനമാണ് ഉറ്റുനോക്കപ്പെടുന്നത്. കിഴക്കമ്പലത്ത് ഭരണം നിലനിർത്താനും മറ്റു പഞ്ചായത്തുകളിലും വിജയം ആവർത്തിക്കാൻ സാധിച്ചാലും എറണാകുളത്തിൻ്റെ രാഷ്ട്രീയഭൂപടം തന്നെ ഒരു പക്ഷേ ട്വൻ്റി 20 മാറ്റിയെഴുത്തിയേക്കും. 350 ഗ്രാമപഞ്ചായത്തുകളിലേക്കും 58 ബ്ലോക്ക് പഞ്ചായത്തുകളിലേക്കും 5 ജില്ലാ പഞ്ചായത്തിലേക്കും രണ്ട് കോർപ്പറേഷനുകളിലേക്കും ആണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. 451 തദ്ദേശഭരണസ്ഥാപനങ്ങളിലെ 8116 വാർഡുകളിലേക്ക് ജനങ്ങൾ തങ്ങളുടെ പ്രതിനിധിയെ ഇന്ന് കണ്ടെത്തും.
Read Exclusive COVID-19 Coronavirus News updates, from Kerala, India and World at Asianet News.
Watch Asianetnews Live TV Here
വെർച്വൽ ബോട്ട് റേസിംഗ് ഗെയിം കളിക്കൂ.. സ്വയം ചലഞ്ച് ചെയ്യൂ... ഇപ്പോൾ കളിക്കാൻ ക്ലിക്കുചെയ്യുക
പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.Last Updated Dec 10, 2020, 8:17 PM IST
Post your Comments