കണ്ണൂർ പയ്യന്നൂര്‍ ഏറ്റുകുടുക്കയില്‍ ബിഎല്‍ഒ ജീവനൊടുക്കിയതിനെ തുടര്‍ന്ന് ബിഎല്‍ഒമാർ നേരിടുന്ന പ്രതിസന്ധികളുമായി ബന്ധപ്പെട്ട് വലിയ വിമർശനമാണ് ഉയരുന്നത്
കണ്ണൂർ: കണ്ണൂർ പയ്യന്നൂര്‍ ഏറ്റുകുടുക്കയില്‍ ബിഎല്‍ഒ ജീവനൊടുക്കിയതിനെ തുടര്‍ന്ന് ബിഎല്‍ഒമാർ നേരിടുന്ന പ്രതിസന്ധികളുമായി ബന്ധപ്പെട്ട് വലിയ വിമർശനമാണ് ഉയരുന്നത്. കുന്നരു യുപി സ്‌കൂളിലെ പ്യൂണ്‍ അനീഷ് ജോര്‍ജിനെയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍കണ്ടെത്തിയത്. എസ്‌ഐആര്‍ ജോലിസംബന്ധിച്ച സമ്മര്‍ദമാണ് മരണകാരണമെന്നാണ് കുടുംബം ആരോപിക്കുന്നത്. സംഭവത്തില്‍ കലക്ടറോട് തെരഞ്ഞെടുപ്പ് കമ്മീഷൻ റിപോർട്ട് തേടിയിട്ടുണ്ട്. എന്നാല്‍ സംഭവത്തില്‍ ജോലിഭാരമെന്ന വിവരം ഇത് വരെ തനിക്ക് ലഭിച്ചിട്ടില്ലെന്നും ബിഎൽഒമാർക്ക് 31 ദിവസം മറ്റൊരു ജോലികളും നൽകിയിട്ടില്ല എന്നും സംസ്ഥാനത്തെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ രത്തൻ ഖേൽക്കർ പ്രതികരിച്ചു.
ആരാണ് ഈ ബിഎൽഒ?
തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രാദേശിക പ്രതിനിധിയാണ് ബിഎല്‍ഒ. ഒരു ബൂത്തിലെ വോട്ടർപട്ടിക പരിഷ്കരണത്തിന്‍റെ മേൽനോട്ടം ബിഎല്‍ഒയ്ക്ക് ആണ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിർദ്ദേശങ്ങൾക്കനുസരിച്ച് സംസ്ഥാനത്തെ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസറാണ് ബിഎൽഒമാരെ നിയമിക്കുന്നത്. അധ്യാപകർ, അങ്കണവാടി പ്രവർത്തകർ, വില്ലേജ് ലെവൽ വർക്കർമാർ തുടങ്ങിയവരെ എല്ലാം ബിഎൽഒ ആയി നിയമിക്കും. വോട്ടർ പട്ടിക പുതുക്കൽ, വോട്ടർമാരെ ചേർക്കൽ, ഒഴിവാക്കൽ, തിരുത്തലുകൾ വരുത്തൽ എന്നിവയുടെ ചുമതല ബിഎല്‍എക്കാണ്. വോട്ടർപട്ടികയിലെ വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പാക്കാൻ വീട്ടിൽ ചെന്ന് പരിശോധന നടത്തുക, വോട്ടർമാരെ സഹായിക്കുക, തെരഞ്ഞെടുപ്പ് ദിവസം ബൂത്തിലെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുക എന്നിവയും ബിഎല്‍ഒയുടെ ചുമതലയിൽ വരും.
ഇത്തവണ തീവ്ര വോട്ടർപ്പട്ടിക പരിഷ്കരണംനടക്കുന്നതിനാൽ കടുത്ത ജോലി ഭാരത്തിലാണ് ബിഎല്‍ഒമാർ എന്ന് ആരോപണം ഉയർന്നിരുന്നു. ഓരോ ബിഎൽഒമാർക്കും തിരഞ്ഞെടുപ്പ് കമ്മീഷൻ ടാർജറ്റ് നിശ്ചയിച്ച് നൽകിയിരുന്നു. തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി അതിവേഗം എന്യൂമറേഷൻ ഫോറം വിതരണത്തിന് സമ്മർദ്ദം ഉണ്ടായിരുന്നു. ഒരു ദിവസം ആയിരത്തിനു മുകളിൽ ഫോമുകൾ വിതരണം ചെയ്യാനുള്ള ടാർജറ്റ് വരെ നൽകിയതായി ആരോപണം ഉയർന്നിട്ടുണ്ട്. പുതിയ ബിഎൽഒമരെ നിശ്ചയിച്ചപ്പോൾ അവർക്ക് പ്രദേശത്തെക്കുറിച്ച് ധാരണയുണ്ടോയെന്ന് ഇത്തവണ തിരഞ്ഞെടുപ്പ് കമ്മീഷൻ ആരാഞ്ഞിട്ടില്ല എന്നും വിമർശനം ഉയരുന്നുണ്ട്.
ബിഎൽഒമാർ നേരിടുന്ന പ്രശ്നങ്ങൾ
1. നാലുദിവസംകൊണ്ട് ആയിരം മുതൽ 1200 ഫോമുകൾ വരെ വിതരണം ചെയ്യണം. ഓരോ ഫോമും വിതരണം ചെയ്യുമ്പോൾ അത് സ്കാൻ ചെയ്തു ഡാറ്റ ബേസിൽ അപ്ഡേറ്റ് ചെയ്യണം.
2. ശരാശരി വിതരണം പൂർത്തിയാക്കാൻ ആകുന്നത് 150 മുതൽ 200ന് താഴെ വരെ മാത്രം
3. ഒരേ വീട്ടിലെ ഫോമുകൾ വിതരണം ചെയ്യാനായി നൽകുന്നത് പല ഊഴങ്ങളായി. ഒരേ പ്രദേശത്ത് വീണ്ടും വീണ്ടും ഇത് കാരണം പോകേണ്ടിവരുന്നു.
4. പല ആളുകളുടെയും പേരുകൾ പഴയ പട്ടികയിൽ ഇല്ല എന്നതിനാൽ വോട്ടർമാർക്ക് ആശയക്കുഴപ്പം. അത് പരിഹരിക്കാൻ മണിക്കൂറുകൾ ചില വിടേണ്ടിവരുന്നു.
5. വിതരണം ചെയ്യുന്ന ഫോമുകളുടെ എണ്ണം കുറഞ്ഞാൽ അത് പറഞ്ഞ് ഗ്രൂപ്പുകളിൽ ചുമതലയുള്ള വില്ലേജ് ഓഫീസർമാരും കലക്ടറേറ്റ് ഉദ്യോഗസ്ഥരും ശാസിക്കുന്നു.
6. താമസം മാറിപ്പോയവർ നിരന്തരം വിളിക്കുകയും ഫോം അവിടെ എത്തിക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നു.
7. ആളുകളെ കൃത്യമായി കണ്ടെത്താൻ ആകുന്നില്ല. പലരും താമസം മാറിയിരിക്കുന്നു.
8. ഇതിനുപുറമേ ഓരോ പ്രദേശത്തും ഫോം കൃത്യമായി എത്തിയില്ല എന്ന് പറഞ്ഞുകൊണ്ട് രാഷ്ട്രീയക്കാരുടെ സമ്മർദ്ദം.
9. എസ്ഐആറിനെ കുറിച്ചുള്ള ആശങ്കകൾ കാരണം ജനങ്ങളുടെ സഹകരണമില്ലായ്മ.
10. ഹോം വിതരണം ചെയ്യാൻ എത്തുമ്പോൾ പല വീടുകളിലും ആളില്ല പൂട്ടിയ നിലയിൽ ഫോം വിതരണം നടക്കുന്നില്ല.


