ആലപ്പുഴ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ കോണ്‍ഗ്രസിനേറ്റ തോല്‍വിയേക്കുറിച്ച് പഠിച്ച കെ വി തോമസ് റിപ്പോര്‍ട്ടും അതിലെ നടപടിയും അപഹാസ്യമെന്ന് പ്രാദേശിക നേതാക്കള്‍. തോൽവിയുടെ ഉത്തരവാദിത്തം തങ്ങളുടെ മേൽ കെട്ടിവെച്ച് നേതാക്കൾ രക്ഷപ്പെട്ടെന്ന് പിരിച്ചുവിട്ട ചേര്‍ത്തല ബ്ലോക്ക് പ്രസിഡന്‍റ്  സി വി തോമസ് പറഞ്ഞു. 

ആലപ്പുഴയിൽ ഷാനിമോൾ ഉസ്മാന്‍റെ പരാജയകാരണം സംഘനാപരമായ വീഴ്ചയെന്നായിരുന്നു കോൺഗ്രസ് അന്വേഷണസമിതിയുടെ റിപ്പോർട്ട്. ജില്ലയിലെ മുതിർന്ന നേതാക്കൾ അടക്കം തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ വീഴ്ചവരുത്തിയെന്നും കെ വി തോമസ് അധ്യക്ഷനായ മൂന്നംഗ സമിതി കണ്ടെത്തിയിരുന്നു.

എന്നാല്‍ റിപ്പോര്‍ട്ടിന് പിന്നാലെ കടുത്ത ആരോപണങ്ങളാണ് പ്രാദേശിക നേതാക്കള്‍ ഉന്നയിച്ചത്. മുന്‍കൂട്ടി തയ്യാറാക്കിയ അജണ്ടയുടെ ഭാഗമാണ് റിപ്പോര്‍ട്ടെന്നും ഇത് നേതാക്കളുടെ മുഖം രക്ഷിക്കാനുള്ള നടപടിയാണെന്നും പ്രാദേശിക നേതാക്കള്‍ ആരോപിക്കുന്നു.

കെ വി തോമസ് കമ്മിറ്റി ശുപാര്‍ശ പ്രകാരം ആലപ്പുഴയിലെ കോണ്‍ഗ്രസിന്‍റെ നാല് ബ്ളോക്ക് കമ്മറ്റികളാണ് പിരിച്ചുവിട്ടത്. ചേര്‍ത്തല, വയലാര്‍, കായംകുളം നോര്‍ത്ത്, സൗത്ത് ബ്ളോക്ക് കമ്മിറ്റികളാണ് പിരച്ചുവിട്ടത്. വന്‍ തിരിച്ചടി നേരിട്ട ചേര്‍ത്തല , കായംകുളം എന്നിവടങ്ങളിലെ മണ്ഡലം കമ്മിറ്റികളും ബൂത്ത് കമ്മറ്റികളും പുനസംഘടിപ്പിക്കണമോയെന്ന് ചര്‍ച്ചകളിലൂടെ തീരുമാനിക്കും.