കോഴിക്കോട്: കോഴിക്കോട്ട് നഴ്സിന് കൊവിഡ് സ്ഥിരീകരിച്ച സ്വകാര്യ ആശുപത്രിയിലെ ജീവനക്കാർക്കെതിരെ പലയിടത്തും നാട്ടുകാരും ആരോഗ്യവകുപ്പ് ജീവനക്കാരും വിലക്കേർപ്പെടുത്തുകയും തടയുകയും ചെയ്യുന്നതായി പരാതി. നഴ്സ് ജോലി ചെയ്ത സമയത്ത് ആശുപത്രിയിലെത്തിയ മുഴുവൻ പേരെയും നിരീക്ഷണത്തിലയച്ച് ആവശ്യമായ നടപടികളെടുത്തിട്ടും അത് പരിഗണിക്കാതെയാണ് ഇത്തരം വിലക്കുകൾ.

കഴിഞ്ഞ ദിവസം പേരാമ്പ്രയിലെ കനാൽ മുക്ക് എന്ന സ്ഥലത്ത് രാത്രിയോടെ സ്ത്രീകളായ രണ്ട് ആശുപത്രി ജീവനക്കാരെ വീട്ടിൽ പ്രവേശിപ്പിക്കാൻ നാട്ടുകാരനുവദിക്കാത്തിനെത്തുടർന്ന് സഹപ്രവർത്തകർ ഫേസ്ബുക്കിലിട്ട് പോസ്റ്റാണിത്. രണ്ട് മണിക്കൂറോളം ബസ്സ്റ്റോപ്പിൽ കഴിയേണ്ടി വന്ന ഇവരെ പിന്നീട് പോലീസെത്തിയാണ് വീട്ടിലേക്ക് കൊണ്ട് പോയതെന്ന് ആശുപത്രിയുടെ ചുമതലയുള്ള ഡോക്ടർ പറയുന്നു. 

സമാനമായ രീതിയിൽ നഗരത്തിൽ പലയിടത്തും ഇതേ ആശുപത്രിയിലെ ജീവനക്കാർക്കെതിരെ വിലക്കും ഭീഷണിയുമുള്ളതായി പരാതിയുണ്ട്. രോഗം ബാധിച്ച നഴ്സുമായി യാതൊരു സമ്പർക്കമില്ലാത്തവർക്കും ആ ദിവസം ഡ്യൂട്ടിയില്ലാത്തവർക്കും ഇത്തരത്തിൽ മോശം പെരുമാറ്റം അനുഭവിക്കേണ്ടി വരുന്നുണ്ടെന്ന് ജീവനക്കാർ പറയുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ടതായും നടപടി സ്വീകരിക്കാൻ നിർദ്ദേശിച്ചതായും ജില്ലാ കളക്ടർ അറിയിച്ചു.