തിരുവനന്തപുരം: സംസ്ഥാനത്ത് അവശ്യ സാധനങ്ങളുടെ വിലക്കയറ്റത്തിനെതിരെ സർക്കാർ കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സാധനങ്ങൾ വില കൂട്ടി വിൽക്കുന്നത് അനുവദിക്കാനാകില്ല. ഉന്നതതലസംഘം കാര്യങ്ങൾ നിരീക്ഷിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പു നൽകി.

വിലക്കയറ്റം സംബന്ധിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പരാതികൾ ഉയരുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതു സംബന്ധിച്ച് മൊത്തക്കച്ചവടക്കാരുമായി സംസാരിച്ചു. വ്യാപാരിസമൂഹം മുന്നൊരുക്കത്തോടെ കാര്യങ്ങൾ നീക്കുന്നുണ്ട്. പരാതികളെ സർക്കാർ ഗൗരവത്തോടെയാണ് കാണുന്നത്.

അവശ്യസാധനങ്ങൾ ഇതരസംസ്ഥാനങ്ങളിൽ നിന്ന് എത്തിക്കുന്നതിന് സംവിധാനം ഉണ്ടാക്കും. സാധനങ്ങളുമായി വരുന്ന വാഹനങ്ങൾക്ക് പെർമിറ്റ് ഒഴിവാക്കിയിട്ടുണ്ട്. ഉന്നതതലസംഘം കാര്യങ്ങൾ നിരീക്ഷിച്ച ശേഷം സർക്കാരുമായി ചർച്ച നടത്തും. വിലക്കയറ്റം തടയാൻ കേന്ദ്രസഹായം തേടുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 

റേഷൻ കാർഡില്ലാത്തവർക്കും റേഷൻകടകൾ വഴി സാധനങ്ങൾ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇതിനുള്ള സൗകര്യം ആധാർ നമ്പർ ഉപയോഗിച്ച് ക്രമീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു