തിരുവനന്തപുരം: കൊവിഡ് ലോക് ഡൌണിന്‍റെ രണ്ടാംഘട്ടത്തിലും കേന്ദ്രത്തിന്‍റെ പൊതുനിയന്ത്രണങ്ങള്‍ സംസ്ഥാനം പൂർണമായും പാലിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിമാനയാത്ര, ട്രെയിന്‍ ഗതാഗതം, മെട്രോ, മറ്റ് പൊതു ഗതാഗതങ്ങള്‍, സംസ്ഥാനം വിട്ടുള്ളതും ജില്ല വിട്ടുള്ളതുമായ യാത്രകള്‍ എന്നിവയ്ക്ക് നിയന്ത്രണമുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, സിനിമാ തിയറ്ററുകള്‍ തുടങ്ങിയവയെല്ലാം ഈ നിയന്ത്രണത്തില്‍ പെടും. ഇത്തരത്തിലുള്ള എല്ലാ പൊതു നിയന്ത്രണങ്ങളും സംസ്ഥാനത്ത് തുടരുകയും നടപ്പാക്കുകയും ചെയ്യും. സംസ്ഥാന അതിർത്തികളും ജില്ലാ അതിർത്തികളും അടച്ചത് തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

സംസ്ഥാനത്ത് ഇന്ന് ഏഴ് പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കണ്ണൂർ-4, കോഴിക്കോട്-2, കാസർകോട്-1. ഇവരില്‍ അഞ്ച് പേർ വിദേശത്തുനിന്ന് വന്നവരും രണ്ട് പേർക്ക് സമ്പർക്കത്തിലൂടെയുമാണ് രോഗം പടർന്നത്.