Asianet News MalayalamAsianet News Malayalam

ലോക്ക്ഡൗൺ രീതി അശാസ്ത്രീയമെന്ന് വ്യാപാരികൾ; പിൻവലിക്കണം എന്നാവശ്യം, ഹൈക്കോടതിയെ സമീപിച്ചു

രണ്ട് പ്രളയങ്ങളും, രണ്ട് കൊവിഡ് തരംഗങ്ങളും തകർത്ത കേരളത്തിലെ വ്യാപാരികൾക്ക് കൊവിഡ് അതിജീവന പാക്കേജ് പ്രഖ്യാപിക്കണമെന്നും ആവശ്യമുണ്ട്.

lockdown in kerala unscientific traders in high court
Author
Kochi, First Published Jul 30, 2021, 5:48 PM IST

കൊച്ചി: സംസ്ഥാനത്ത് ടിപിആർ അടിസ്ഥാനമാക്കിയുള്ള  ലോക്ക്ഡൗൺ ചോദ്യം ചെയ്ത് വ്യാപാരികൾ ഹൈക്കോടതിയെ സമീപിച്ചു. നിലവിലെ രീതി അശാസ്ത്രീയമെന്നാണെന്നും പിൻവലിക്കണമെന്നുമാണ് ആവശ്യം. വ്യാപാരികളെ അടച്ചിടുന്നതിന് പകരം രോഗമുള്ളവരെയും സമ്പർക്കമുള്ളവരെയും കണ്ടെത്തി ഐസൊലേഷനിലേക്ക് മാറ്റുന്നതിന് നടപടി വേണമെന്നുമാണ് ആവശ്യം. രണ്ട് പ്രളയങ്ങളും, രണ്ട് കൊവിഡ് തരംഗങ്ങളും തകർത്ത കേരളത്തിലെ വ്യാപാരികൾക്ക് കൊവിഡ് അതിജീവന പാക്കേജ് പ്രഖ്യാപിക്കണമെന്നും ആവശ്യമുണ്ട്.

സംസ്ഥാനത്തെ വ്യാപാരികൾ ആത്മഹത്യയുടെ വക്കിലാണെന്നും ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ മാറ്റം വരുത്തണമെന്നും വ്യാപാരികളുടെ ഭാഗത്ത് നിന്ന് ആവശ്യം ഉയര്‍ന്നിരുന്നു. ഇക്കാര്യത്തിൽ നേരത്തെ മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിച്ചാണ് കടകൾ  തുറക്കാനുള്ള തീരുമാനത്തിൽ നിന്നും പിന്നോട്ട് പോയത്. എന്നാൽ മുഖ്യമന്ത്രി വാക്ക് പാലിച്ചില്ല. ടിപിആർ നിരക്കിന്‍റെ അടിസ്ഥാനത്തില്‍ കടകൾക്കും, വാണിജ്യ സ്ഥാപനങ്ങൾക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന് പകരം, രോഗബാധിതരായവരുടെ വീടുകളും പരിസരവും, അടുത്ത ബന്ധുക്കളെയും ഐസൊലേറ്റ് ചെയ്ത് നിരീക്ഷിക്കാനുള്ള സംവിധാനമൊരുക്കണമെന്നാണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റി നല്‍കിയ ഹർജിയിലെ ആവശ്യം.

ടാക്സ് ഇളവും, കട വാടക നികുതി ഒഴിവാക്കുകയും, കെ.എസ്.ഇ.ബി കുടിശ്ശിക ഇളവ് ചെയ്യുകയും, ലോണുകൾക്ക് പലിശ രഹിത മൊറട്ടോറിയം പ്രഖ്യാപിക്കുന്നതിനായി നിർദ്ദേശം നൽകാനായി ബാങ്കേഴ്സ് സമിതിയുടെ യോഗം വിളിക്കുകയും, സ്റ്റോക്ക് നശിക്കുന്നതടക്കമുള്ള നഷ്ടം സഹിക്കേണ്ടി വന്ന വ്യാപാരികൾക്ക് നഷ്ടപരിഹാരം നല്കുകയും, ജിഎസ്ടി തിരികെ നൽകുന്നതുൾപ്പെടെയുള്ള ആശ്വാസ നടപടികൾ കൊവിഡ് അതിജീവന പാക്കേജിന്‍റെ ഭാഗമായി പ്രഖ്യാപിക്കാൻ സർക്കാരിനോട് നിർദ്ദേശിക്കണമെന്ന്  ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ.വി. അബ്ദുൾ ഹമീദ്, എം.കെ. തോമസുകുട്ടി, പി. കുഞ്ഞാവു ഹാജി, സംസ്ഥാന സെക്രട്ടറിമാരായ എ.ജെ. ഷാജഹാൻ, പി.സി. ജേക്കബ് എന്നിവരാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. നേരത്തെ മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം പ്രത്യക്ഷ സമരങ്ങളിൽ നിന്ന് വ്യാപാരികൾ പിന്തിരിഞ്ഞിരുന്നു.  എന്നാൽ നടപടികളില്ലാതിരുന്നതോടെ 9ന് കടകൾ തുറക്കുമെന്ന് വ്യാപാരികൾ പ്രഖ്യാപിച്ചിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios