മലപ്പുറം: സംസ്ഥാനത്ത് റെഡ്‌സോണിൽ ഉള്‍പ്പെട്ട മലപ്പുറം ജില്ലയില്‍ നിരോധനാജ്ഞയും ലോക്ഡൗണും ലംഘിച്ച് പി വി അബ്ദുല്‍വഹാബ് എം പി ചെയർമാനായ യത്തീം ഖാനയുടെ കോളജില്‍ കെട്ടിടനിര്‍മ്മാണം. 110 അതിഥി തൊഴിലാളികളെ ഉപയോഗിച്ച് നടത്തുകയായിരുന്ന കെട്ടിടം പണി മലപ്പുറം വിജിലന്‍സ് സംഘം തടഞ്ഞു. അതിഥി തൊഴിലാളികളുണ്ടെന്നറിഞ്ഞ് ക്ഷേമാന്വേഷണത്തിനാണ് വിജിലന്‍സ് ഡിവൈഎസ്പി ആര്‍. രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം രാവിലെ പതിനൊന്നരയോടെയാണ് നിലമ്പൂര്‍ അമല്‍ കോളേജിലെത്തിയത്. രണ്ട് ദിവസമായി ജോലി ചെയ്യുന്നതായി അതിഥി തൊഴിലാളികള്‍ വിജിലന്‍സ് സംഘത്തിനോട് പറഞ്ഞു. സംഭവത്തില്‍ നടപടിയാവശ്യപ്പെട്ട് വിജിലന്‍സ് ഡിവൈഎസ്പി നിലമ്പൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി.