വോട്ടിന് പണം ആരോപണം; രാജീവ് ചന്ദ്രശേഖരിന്റെ വക്കീൽ നോട്ടീസിന് മറുപടി നൽകി ശശി തരൂർ
വോട്ടർമാർക്ക് എന്‍ഡിഎ സ്ഥാനാര്‍ത്ഥി പണം നൽകി എന്ന് പറഞ്ഞിട്ടില്ലെന്നും രാജീവ് ചന്ദ്രശേഖരന്റെ പേരോ പാർട്ടിയുടെ പേരോ പരാമർശിച്ചിട്ടില്ലെന്നുമാണ് ശശി തരൂർ മറുപടി നല്‍കിയിരിക്കുന്നത്.
തിരുവനന്തപുരം: തിരുവനന്തപുരത്തിന്‍റെ തീരമേഖലയില്‍ വോട്ടിന് പണം നല്‍കുന്നുവെന്ന ആരോപണത്തിനെതിരെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ അയച്ച വക്കീൽ നോട്ടീസിന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂർ മറുപടി നൽകി. വോട്ടർമാർക്ക് എന്‍ഡിഎ സ്ഥാനാര്‍ത്ഥി പണം നൽകി എന്ന് പറഞ്ഞിട്ടില്ല. രാജീവ് ചന്ദ്രശേഖരന്റെ പേരോ പാർട്ടിയുടെ പേരോ പരാമർശിച്ചിട്ടില്ല. രാജീവ് ചന്ദ്രശേഖർ തെറ്റിദ്ധാരണ മൂലമോ മനപൂർവ്വമോ ആരോപണം ഉന്നയിക്കുകയാണെന്നാണ് ശശി തരൂർ അയച്ച മറുപടിയില്‍ പറയുന്നത്.
വൈദികരെ ഉള്‍പ്പടെ സ്വാധീനിക്കാനും വോട്ട് കിട്ടാന്‍ തീരമേഖലയില്‍ പണം നല്‍കാനും എന്‍ഡിഎ ശ്രമിക്കുന്നുവെന്ന് ഒരഭിമുഖത്തില്‍ തരൂര്‍ പറഞ്ഞെന്നാണ് എന്‍ഡിഎ നേതാക്കള്‍ പരാതിപ്പെട്ടത്. പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. നിയമനടപടി കര്‍ശനമാക്കുന്നതിന്‍റെ ഭാഗമായി ഇന്നലെ വക്കീല്‍ നോട്ടീസും അയച്ചു. പ്രസ്താവന പിന്‍വലിച്ച് ശശി തരൂര്‍ മാപ്പ് പറയണമെന്നാവശ്യപ്പെട്ടാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ വക്കീല്‍ നോട്ടീസ് അയച്ചത്. എന്നാല്‍ തരൂര്‍ പിന്നോട്ടില്ല. ആരാണ് പണം നല്‍കിയതെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും കേട്ടുകേള്‍വിയാണ് പറഞ്ഞതെന്നും അന്വേഷണത്തില്‍ അങ്ങനെയാണ് മനസിലായതെന്നും ശശി തരൂര്‍ പറയുന്നു.
വോട്ടിന് പണം എന്ന നിലയില്‍ ബിജെപി നേതാക്കള്‍ തന്നെ സമീപിച്ചതായി പാര്‍ട്ടി വിട്ട് കോണ്‍ഗ്രസിലെത്തിയ ബിജെപി ജില്ലാകമ്മിറ്റി അംഗം ഫ്രാന്‍സിസ് ജോര്‍ജും ആരോപിച്ചു. എന്നാല്‍, ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് അടിസ്ഥാനം വേണമെന്നും അല്ലാത്ത പക്ഷം നിയമനടപടികളുമായി തന്നെ മുന്നോട്ട് പോകുമെന്നുമാണ് എന്‍ഡിഎ നേതൃത്വം പറയുന്നത്.