ജനങ്ങളെയും സംസ്ഥാനത്തെയും രാജ്യത്തെയും സേവിക്കാനുള്ള ഓരോ അവസരത്തെയും വില മതിക്കുന്നു. അഭിമാനിക്കുന്ന മറ്റൊരു ഉത്തരവാദിത്തമാണ് പാര്‍ട്ടി ഏല്‍പ്പിച്ചതെന്നും രാജീവ് ചന്ദ്രശേഖർ.
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ നിന്ന് മത്സരിക്കാന്‍ പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തം ഹൃദയപൂര്‍വ്വം സ്വീകരിക്കുന്നെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ജനങ്ങളെയും സംസ്ഥാനത്തെയും രാജ്യത്തെയും സേവിക്കാനുള്ള ഓരോ അവസരത്തെയും വില മതിക്കുന്നു. അഭിമാനിക്കുന്ന മറ്റൊരു ഉത്തരവാദിത്തമാണ് പാര്‍ട്ടി ഏല്‍പ്പിച്ചത്. തിരുവനന്തപുരത്ത് ഇനി വികസനം ചര്‍ച്ച ചെയ്യാം. ഇനിയുള്ള ഓരോ ചുവടും കേരളത്തിന്റെയും തിരുവനന്തപുരത്തിന്റെയും വികസനത്തിനു വേണ്ടിയാകട്ടെയെന്നും രാജീവ് ചന്ദ്രശേഖര്‍ എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി പ്രസിഡന്റ് ജെ. പി നദ്ദ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, എന്നിവരുടെ പേരെടുത്ത് പറഞ്ഞുകൊണ്ടാണ് രാജീവ് ചന്ദ്രശേഖര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയാണ് ഇന്ന് ബിജെപി പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ 12 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. കാസര്‍കോഡ് - എം എല്‍ അശ്വനി, തൃശൂര്‍ - സുരേഷ് ഗോപി, ആലപ്പുഴ - ശോഭ സുരേന്ദ്രന്‍, പത്തനംതിട്ട - അനില്‍ ആന്റണി, കണ്ണൂര്‍ - സി രഘുനാഥ്, മലപ്പുറം - ഡോ. അബ്ദുള്‍ സലാം, വടകര - പ്രഫുല്‍ കൃഷ്ണ, പൊന്നാനി - നിവേദിത സുബ്രഹ്മണ്യന്‍, ആറ്റിങ്ങല്‍ - വി മുരളീധരന്‍, കോഴിക്കോട് - എം ടി രമേശ്, പാലക്കാട് - സി കൃഷ്ണകുമാര്‍ എന്നിവരാണ് മറ്റ് സ്ഥാനാര്‍ത്ഥികള്‍.
ലോക്സഭ തെരഞ്ഞെടുപ്പ്; 195 സീറ്റുകളിൽ ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു, മോദി വാരാണസിയിൽ മാത്രം

