കേരള സര്‍ക്കാരിന്‍റെ കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചാകും പ്രദര്‍ശനത്തിലേക്കുള്ള പ്രവേശനം. ദിവസവും നിശ്ചിത ആളുകള്‍ക്ക് പ്രദര്‍ശനം കാണാനുള്ള അവസരമുണ്ടാകും
ആലപ്പുഴ: 266 കലാകാരന്മാര്‍ ഒരുക്കുന്ന കലാപ്രപഞ്ചം ' ലോകമേ തറവാട്' പ്രദര്‍ശനത്തിന് നാളെ തിരി തെളിയും. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ന്യൂ മോഡല്‍ സൈസൈറ്റി ബില്‍ഡിംഗില്‍ നടക്കുന്ന കലാപ്രദര്‍ശനത്തിന്‍റെ ഉദ്ഘാടനം നാളെ വൈകുന്നേരം ആറ് മണിക്ക് നടക്കും. തിങ്കളാഴ്ച മുതല്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടാകും.
വിനോദ സഞ്ചാര വകുപ്പ്, സാംസ്കാരിക വകുപ്പ്, ആലപ്പുഴ ഹെറിറ്റേജ് പ്രോജക്ട് എന്നിവരുടെ പിന്തുണയോടെ മുസരീസ് ഹെറിറ്റേജ് പ്രോജക്ടിന്‍റെ നേതൃത്വത്തില്‍ കൊച്ചി ബിനാലെ ഫൗണ്ടേഷനാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. രണ്ടര മാസം നീണ്ടു നില്‍ക്കുന്ന പ്രദര്‍ശനത്തിന് ആലപ്പുഴയില്‍ ന്യൂ മോഡല്‍ സൊസൈറ്റി ബില്‍ഡിംഗ്, പോര്‍ട്ട് മ്യൂസിയം, കയര്‍ കോര്‍പ്പറേഷന്‍ മന്ദിരം തുടങ്ങി അഞ്ച് വേദികളുണ്ട്.
കൂടാതെ എറണാകുളം ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗാലറിയും ഒരു വേദിയാണ്. കേരള സര്‍ക്കാരിന്‍റെ കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചാകും പ്രദര്‍ശനത്തിലേക്കുള്ള പ്രവേശനം. ദിവസവും നിശ്ചിത ആളുകള്‍ക്ക് പ്രദര്‍ശനം കാണാനുള്ള അവസരമുണ്ടാകും.
ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മലയാളി കലാകാരന്മാര്‍ക്ക് അവരുടെ കലാസൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കാനുള്ള അവസരമാണ് ഒരുക്കുന്നതെന്ന് ക്യുറേറ്റര്‍ ബോസ് കൃഷ്ണമാചാരി പറഞ്ഞു.
