തിരുവനന്തപുരം: കോണ്‍ഗ്രസ്-സിപിഎം-ബിജെപി സ്ഥാനാര്‍ത്ഥികള്‍ നേര്‍ക്കുനേര്‍ പോരാടുന്ന വട്ടിയൂര്‍ക്കാവിലെ പോരാട്ടം അത്യന്തം ആവേശം നിറഞ്ഞതാണ്. 2011-ലും 2016-ലും ശക്തമായ ത്രികോണമത്സരം നടന്ന വട്ടിയൂര്‍ക്കാവില്‍ രണ്ടു വട്ടവും വിജയക്കൊടി പാറിച്ചത് കോണ്‍ഗ്രസിന്‍റെ കെ.മുരളീധരനാണ്. 

വടകര എംപിയായി മുരളീധരന്‍ ജയിച്ചു കയറിയപ്പോള്‍ മുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ പലരും കണ്ണുവച്ചിരിക്കുന്ന സീറ്റ് കൂടിയാണ് വട്ടിയൂര്‍ക്കാവ്.നഗരമണ്ഡലമായ വട്ടിയൂര്‍ക്കാവിലെ രാഷ്ട്രീയസമൂഹിക സാഹചര്യങ്ങള്‍ക്ക് അനുയോജ്യനായ നേതാവിനെയാണ് മൂന്ന് മുന്നണികളും തേടുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ കെ.മുരളീധരന്‍റെ അഭിപ്രായവും നിര്‍ണായകമാവും. സ്ഥാനാര്‍ത്ഥി ആരായാലും വട്ടിയൂര്‍ക്കാവിലെ കോണ്‍ഗ്രസിന്‍റെ പ്രചാരണം നയിക്കുക മുരളീധരന്‍ തന്നെയാവും. 

മുന്‍ കൊല്ലം എംപി എന്‍. പീതാംബരക്കുറുപ്പ്, കെ മോഹന്‍കുമാര്‍, പിസി വിഷ്ണുനാഥ്, ഡിസിസി പ്രസിഡന്‍റ് നെയ്യാറ്റിന്‍കര സനല്‍, ആര്‍വി രാജേഷ് എന്നിവവരുടെ പേരുകളാണ് കോണ്‍ഗ്രസിനകത്ത് ഉയര്‍ന്നു കേള്‍ക്കുന്നത്. കരുണാകരന്‍റെ മകളും മുരളീധരന്‍റെ സഹോദരിയുമായ പത്മജ വേണുഗോപാലിന്‍റെ പേരും അണിയറയില്‍ കേള്‍ക്കുന്നു. 

രണ്ട് തവണ കൈവിട്ട് സീറ്റ് പിടിക്കാൻ അറ്റകൈക്ക് മേയറെ തന്നെ ഇറക്കാന്‍ സിപിഎം ആലോചിക്കുന്നുണ്ട് എന്നാണ് സൂചന. എന്നാൽ മണ്ഡലത്തിലെ ജാതിസമവാക്യവും, പിന്നാലെ വരുന്ന നഗരസഭാ തെരഞ്ഞെടുപ്പും പ്രശാന്തിൻറെ സാധ്യതക്ക് മങ്ങലേൽപ്പിക്കുന്നു. കരകൗശല വികസന കോർപ്പറേഷൻ ചെയർമാനും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ കെഎസ് സുനിൽകുമാറാണ് സിപിഎം പട്ടികയിലെ മറ്റൊരു പ്രധാന പേര്. പരിചയസമ്പന്നരെ പരിഗണിക്കുകയാണെങ്കിൽ മുൻ മന്ത്രി എം വിജയകുമാറിനും സാധ്യതയുണ്ട്. 

വട്ടിയൂര്‍ക്കാവ് തെരഞ്ഞെടുപ്പിനായി വളരെ മുന്‍പ് തന്നെ തയ്യാറെടുപ്പുകള്‍ ആരംഭിച്ച ബിജെപിയുടെ മണ്ഡലം-ജില്ലാ കമ്മിറ്റികള്‍ സംസ്ഥാന നേതൃത്വത്തിന് നല്‍കിയ പട്ടികയിലെ ആദ്യത്തെ പേര് കുമ്മനം രാജശേഖരന്‍റേതാണ്.  എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയും തുടര്‍ച്ചയായ സ്ഥാനാര്‍ത്ഥിത്വവും കുമ്മനത്തിന്‍റെ മൈനസ് പോയന്‍റായി ഉയര്‍ന്നു വന്നേക്കാം. 

കുമ്മനം മത്സരിക്കുന്ന കാര്യത്തില്‍ ആര്‍എസ്എസ് നിലപാടും നിര്‍ണായകമായിരിക്കും. ബിജെപി സംസ്ഥാനകമ്മിറ്റി അംഗം വിവി രാജേഷ് വട്ടിയൂര്‍ക്കാവില്‍ ഇതിനോടകം സജീവമാണ്. കുമ്മനം കഴിഞ്ഞാല്‍ കൂടുതല്‍ സാധ്യത കല്‍പിക്കപ്പെടുന്നത് വിവി രാജേഷിനാണ്. പാര്‍ട്ടി ജില്ല പ്രസിഡന്‍റ് എസ് സുരേഷിനും സാധ്യതയുണ്ട്.