രാവിലെ ജീവനൊടുക്കാൻ പോകുകയാണെന്ന് ശ്രീകാന്ത് വിളിച്ച് പറഞ്ഞതോടെ മകളെയുമെടുത്ത് സ്വപ്ന പള്ളിക്കത്തോടെത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു
കോട്ടയം: കോട്ടയത്ത് കാമുകനും കാമുകിയും ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. പള്ളിക്കത്തോട് സ്വപ്ന , ശ്രീകാന്ത് എന്നിവരാണ് മരിച്ചത്. സ്വപ്നയുടെ മകൾ അത്ഭുതകരമായി രക്ഷപ്പെട്ടു. മൂലേടം പാലത്തിന് സമീപം മാടമ്പ്കാട് ട്രെയിൽവേ ട്രാക്കിലേക്കാണ് ഇരുവരും ചാടിയത്. പള്ളിക്കത്തോട് ചെളിക്കുഴി ശാന്താമന്ദിരത്തിൽ സ്വപ്നയും ശ്രീകാന്തും ഏറെ നാളായി അടുപ്പത്തിലായിരുന്നു.
രാവിലെ ജീവനൊടുക്കാൻ പോകുകയാണെന്ന് ശ്രീകാന്ത് വിളിച്ച് പറഞ്ഞതോടെ മകളെയുമെടുത്ത് സ്വപ്ന പള്ളിക്കത്തോടെത്തിയെന്ന് പൊലീസ് പറഞ്ഞു. അവിടെ നിന്ന് മണിപ്പുഴയിലെത്തി. ഭക്ഷണം കഴിച്ച ശേഷം ട്രാക്കിലൂടെ നടന്നു. പെട്ടെന്ന് ശ്രീകാന്ത് സ്വപ്നയെയും പിടിച്ച് ട്രാക്കിലേക്ക് കയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. മകൾ പേടിച്ച് അടുത്തവീട്ടിലേക്ക് ഒടിക്കയറി.
ചിങ്ങവനം പൊലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. സ്വപ്നയുടെ ഭർത്താവ് ഭിന്നശേഷിക്കാരനാണ്. ശ്രീകാന്തുമായുള്ള ബന്ധത്തെച്ചൊല്ലി ഇരുവരും തമ്മിൽ വഴക്കുണ്ടാക്കാറുണ്ടായിരുന്നുവെന്ന് മകൾ പൊലീസിനോട് പറഞ്ഞു.
Photo: Prasad Vettippuram
