വാരിയംകുന്നനെ മതഭ്രാന്തനായി ചിത്രീകരിക്കുന്നത് തെറ്റാണ്. ചരിത്ര വസ്തുത പറഞ്ഞതിന് താന്‍ എന്തിനാണ് മാപ്പ് പറയുന്നതെന്നും എം ബി രാജേഷ് ചോദിച്ചു. 

തിരുവനന്തപുരം: ചരിത്ര വസ്തുത പറഞ്ഞതിന് മാപ്പ് പറയുന്നത് എന്തിനെന്ന് സ്‍പീക്കര്‍ എം ബി രാജേഷ്. ഭഗത് സിംഗിനെ വാരിയംകുന്നനുമായി ഉപമിച്ച് അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി ദില്ലി പൊലീസില്‍ യുവമോര്‍ച്ച പരാതി നല്‍കിയതിന് പിന്നാലെയാണ് രാജേഷിന്‍റെ പ്രതികരണം. വാരിയംകുന്നന്‍റെയും ഭഗത് സിംഗന്‍റെയും മരണത്തില്‍ സമാനതകള്‍ ഏറെയുണ്ട്. ആ സമാനതകളാണ് താന്‍ താരതമ്യം ചെയ്തത്. മുന്നില്‍ നിന്ന് വെടിവെയ്ക്കണമെന്ന് വാരിയംകുന്നന്‍ പറഞ്ഞു. വെടിവെച്ചാല്‍ മതിയെന്ന് പറഞ്ഞ് കത്തയച്ച ആളാണ് ഭഗത് സിംഗ്. വാരിയംകുന്നനെ മതഭ്രാന്തനായി ചിത്രീകരിക്കുന്നത് തെറ്റാണ്. ചരിത്ര വസ്തുത പറഞ്ഞതിന് താന്‍ എന്തിനാണ് മാപ്പ് പറയുന്നതെന്നും എം ബി രാജേഷ് ചോദിച്ചു. 

മലബാര്‍ കലാപത്തിന്‍റെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ച് സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയില്‍ ആയിരുന്നു പരാതിക്ക് അടിസ്ഥാനമായ എം ബി രാജേഷിന്‍റെ പരാമര്‍ശം. മതനിരപേക്ഷത ഉയര്‍ത്തിപ്പിടിച്ച നേതാവായിരുന്നു വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. സ്വന്തം നാട്ടില്‍ രക്തസാക്ഷിത്വം ചോദിച്ചുവാങ്ങിയ വാരിയംകുന്നം കുഞ്ഞഹമ്മദ് ഹാജി ഭഗത് സിംഗിന് തുല്ല്യമാണെന്നും ആയിരുന്നു എം ബി രാജേഷിന്‍റെ പരാമര്‍ശം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.