പാലക്കാട്: കൊവിഡ് പ്രതിസന്ധിയെ സംസ്ഥാനം നേരിടുന്നതിനിടെ സര്‍ക്കാരിനെതിരെ പ്രതിപക്ഷം ആക്രമണം ശക്തമായ സാഹചര്യത്തില്‍ വിമര്‍ശനവുമായി മുന്‍ എംപി എം ബി രാജേഷ്. ഇടതുപക്ഷ സർക്കാരിന് ലഭിച്ച ആഗോള ഖ്യാതി സഹിക്കാനും താങ്ങാനുമാവുന്നില്ലെന്നുള്ളതാണ് പ്രതിപക്ഷത്തിന്‍റെ പ്രശ്നമെന്ന് എം ബി രാജേഷ് ഫേസ്ബുക്കില്‍ കുറിച്ചു.

പ്രതിപക്ഷത്തിന്‍റെ  കൂട്ടക്കരച്ചിലുകൾ ആറ്റികുറുക്കിയാൽ രണ്ട് പരാതിയാണ് കാര്യമായി കിട്ടുക. ഒന്ന്, മുഖ്യമന്ത്രിയുടേയും സർക്കാരിൻ്റേയും പ്രതിഛായ ഇങ്ങനെ വർദ്ധിക്കാമോ? ഇത്ര നല്ല അഭിപ്രായം ഉണ്ടാക്കാമോ? ഇതെല്ലാം വെറും പിആർ കൊണ്ടു മാത്രമുണ്ടാക്കിയതാണ്. സർക്കാർ ഒരു ചുക്കും ചെയ്തിട്ടല്ല. രണ്ട്, സൈബർ സഖാക്കൾ സംഘടിതമായി ട്രോളി പ്രതിപക്ഷമായ ഞങ്ങളെ വെറും പരിഹാസ കഥാപാത്രങ്ങളാക്കുന്നു.

പിണറായി സർക്കാരിന് വേണ്ടി ഇവർ ആരോപിക്കും പ്രകാരമാണെങ്കിൽ പിആർ ജോലി ചെയ്യുന്നവർ ആരൊക്കെയാണ്? രാഹുൽ ഗാന്ധിയും ശശി തരൂരും അടക്കമുള്ളവർ. സർക്കാർ വെറും പിആർ മാത്രമെന്ന് ഇവർ പറയുമ്പോൾ രാഹുൽ പറയുന്നു കൊവിഡിനെ ചെറുക്കുന്നതിൽ കേരളത്തിന്‍റെ പ്രവർത്തനം മികവുറ്റതാണെന്ന്. ശശി തരൂർ കേരളത്തിന്‍റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് ദേശീയ മാധ്യമത്തിൽ ലേഖനമെഴുതിയെന്നും രാജേഷ് പറഞ്ഞു.

പിന്നെ ട്രോളും സൈബർ സഖാക്കളും നിങ്ങളെ പരിഹാസ്യരാക്കിയതോ അതോ നിങ്ങൾ സ്വയം പരിഹാസ്യരായി ട്രോളൻ മാർക്ക് ദിനംപ്രതി വിഭവങ്ങൾ ഉണ്ടാക്കിക്കൊടുത്തതോയെന്നും അദ്ദേഹം ചോദ്യം ഉന്നയിച്ചു. മിറ്റിഗേഷൻ മുതൽ മഹാദേവൻ വരെ അങ്ങോട്ടു കൊണ്ടുപോയി കൊടുത്തിട്ട് പിന്നെ സൈബർ സഖാക്കളെ പറഞ്ഞിട്ട് കാര്യമുണ്ടോയെന്നും രാജേഷ് ചൂണ്ടിക്കാട്ടി.

എം ബി രാജേഷിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

എന്താണ് കേരളത്തിലെ പ്രതിപക്ഷത്തെ ഇത്ര ഇരിക്കപ്പൊറുതിയില്ലാതാക്കുന്നത്? കുഞ്ചൻ നമ്പ്യാർ കവിതയിലെ സമനില തെറ്റിയ മർക്കടൻ്റെ വാലിൽ തേളുകുത്തിയ അവസ്ഥയിലെപ്പോലെ പ്രതിപക്ഷം കോപാക്രാന്തരാവാൻ കാരണമെന്ത്?കേരളത്തിലെ ഇടതുപക്ഷ സർക്കാരിന് ലഭിച്ച ആഗോള ഖ്യാതി അവർക്ക് സഹിക്കാനും താങ്ങാനുമാവുന്നില്ല എന്നതു മാത്രമല്ലേ പ്രശ്നം. അവരുടെ കൂട്ടക്കരച്ചിലുകൾ ആറ്റികുറുക്കിയാൽ രണ്ട് പരാതിയാണ് കാര്യമായി കിട്ടുക.
ഒന്ന്, മുഖ്യമന്ത്രിയുടേയും സർക്കാരിൻ്റേയും പ്രതിഛായ ഇങ്ങനെ വർദ്ധിക്കാമോ? ഇത്ര നല്ല അഭിപ്രായം ഉണ്ടാക്കാമോ? ഇതെല്ലാം വെറും പി.ആർ. കൊണ്ടു മാത്രമുണ്ടാക്കിയതാണ്. സർക്കാർ ഒരു ചുക്കും ചെയ്തിട്ടല്ല.
രണ്ട്, സൈബർ സഖാക്കൾ സംഘടിതമായി ട്രോളി പ്രതിപക്ഷമായ ഞങ്ങളെ വെറും പരിഹാസ കഥാപാത്രങ്ങളാക്കുന്നു.

ആദ്യം ഒന്നാമത്തേത് എടുക്കാം? പിണറായി സർക്കാരിന് വേണ്ടി ഇവർ ആരോപിക്കും പ്രകാരമാണെങ്കിൽ പി.ആർ.ജോലി ചെയ്യുന്നവർ ആരൊക്കെയാണ്? രാഹുൽ ഗാന്ധിയും ശശി തരൂരും അടക്കമുള്ളവർ. സർക്കാർ വെറും പി.ആർ.മാത്രമെന്ന് ഇവർ പറയുമ്പോൾ രാഹുൽ പറയുന്നു കോവിഡിനെ ചെറുക്കുന്നതിൽ കേരളത്തിൻ്റെ പ്രവർത്തനം മികവുറ്റതാണെന്ന്.ശശി തരൂർ കേരളത്തിൻ്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് ദേശീയ മാദ്ധ്യമത്തിൽ ലേഖനമെഴുതിയത്രേ. അതും പി.ആർ.ആയിരിക്കുമോ? അർണബ് ഗോസ്വാമി വരെ ഇപ്പോൾ ഇടതു സർക്കാരിൻ്റെ പി.ആർ.ജോലി ഏറ്റെടുത്തിരിക്കയല്ലേ? പിന്നെയാരൊക്കെയാണ് പി.ആർ. പണി ചെയ്യുന്നത് എന്നറിയാമോ? ബിബിസി, ഫോക്സ് ന്യൂസ്, വാഷിങ്ങ്ടൺ പോസ്റ്റ്, ന്യു യോർക്ക് ടൈംസ്, ബ്രിട്ടീഷ് ടെലഗ്രാഫ്, ഹഫിങ്ങ്ടൺ പോസ്റ്റ്, അൽ ജസീറ, ഖലീജ് ടൈംസ് തുടങ്ങിയ വിഖ്യാതമായ ആഗോള മാദ്ധ്യമങ്ങൾ. ഇന്ത്യയിലോ? കോവിഡ് വിരുദ്ധ പോരാട്ടത്തിൽ ഇന്ത്യയിലെ മുഖ്യമന്ത്രിമാർക്കിടയിൽ നായകൻ പിണറായി വിജയൻ എന്ന് ഇന്ത്യൻ എക്സ്പ്രസ് മുഖപ്രസംഗം.കേരളം മാതൃകയെന്ന് ഹിന്ദുവും ടെലഗ്രാഫും. കേരളത്തെ ഇന്ത്യ പകർത്തണമെന്ന് മുംബൈ മിററും അഹമ്മദബാദ് മിററും.കേരളത്തിൻ്റെ കോവിഡ് പ്രതിരോധം സമ്പന്ന രാഷ്ട്രങ്ങളെ നാണിപ്പിക്കുമെന്ന് ദി വീക്ക്.കേരളം ഇന്ന് ചിന്തിക്കുന്നത് ഇന്ത്യ നാളെ ചിന്തിക്കുമെന്ന് രാജ് ദീപ് സർദേശായി. കേരളം തിളങ്ങുന്ന മാതൃകയെന്ന് ആനന്ദ് മഹീന്ദ്ര. ബാഡ്മിൻ്റൺ താരം ജ്വാലാ ഗുട്ട മുതൽ ചലച്ചിത്ര താരം അല്ലു അർജുൻ വരെ കേരളത്തെ അഭിനന്ദിച്ചവരും പി.ആർ.ൻ്റെ ഭാഗമോ?കേരളത്തിൻ്റെ പ്രവർത്തനങ്ങളെ മാതൃകയാക്കണമെന്ന് പറഞ്ഞ കേന്ദ്ര സർക്കാരോ? കേരളം നമ്പർ 1 എന്ന് ഒന്നാം പേജിൽ കൊടുക്കാൻ നിർബന്ധിതമായ മനോരമയോ? കേരളത്തിൻ്റെ മികവ് സമ്മതിക്കാതെ വയ്യെന്നായ മാതൃഭൂമിയോ?( ഇപ്പോൾ അവർ പ്രായശ്ചിത്തം ചെയ്തു തുടങ്ങീട്ടുണ്ട്. രാഹുലിൻ്റെ അഭിനന്ദനം വരെ മൂലക്കൊതുക്കിക്കൊണ്ടാണ് അത് ) കേരള സർക്കാരിൻ്റെ പ്രവർത്തനം മികച്ചതെന്ന് ഹൈക്കോടതി. അഭിനന്ദനാർഹമായതെന്ന് സുപ്രീം കോടതി. എന്തുകൊണ്ടായിരിക്കും ഇതൊക്കെ എന്ന് നിങ്ങൾ ആലോചിച്ചിട്ടുണ്ടോ?

പ്രവർത്തിച്ച് തെളിയിക്കുകയാണ് കേരള സർക്കാർ ചെയ്തത്. എല്ലാം വിസ്തരിക്കുന്നില്ല. ഇന്ത്യയിൽ രോഗികളുടെ എണ്ണത്തിൽ ഒന്നാമതായിരുന്ന സംസ്ഥാനത്തെ 20 ദിവസം കൊണ്ട് വെറും ഒരു രോഗി എന്ന നിലയിലേക് എത്തിച്ചു. curve flatten ചെയ്തു എന്നർത്ഥം.ലോകത്ത് ഏറ്റവും കുറഞ്ഞ മരണനിരക്ക്. ലോകത്ത് ഏറ്റവും ഉയർന്ന രോഗമുക്തി നിരക്ക്. ദേശീയ ശരാശരിയേക്കാൾ പല മടങ്ങ് ഉയർന്ന പരിശോധനാ നിരക്ക്.ഏറ്റവും കുറഞ്ഞ രോഗവ്യാപന നിരക്ക്. ഇന്ത്യയിലാദ്യം കോവിഡിനെ ചെറുക്കാൻ പ്ലാസ് മാതെറാപ്പി .ഇന്ത്യയിലാദ്യം തെക്കൻ കൊറിയൻ മാതൃകയിൽ പരിശോധനാ കിയോസ്ക്, അതിഥി തൊഴിലാളികൾക്കായി ഇന്ത്യയിൽ ഏറ്റവും കൂടുതൽ റിലീഫ് ക്യാമ്പുകൾ, ഇന്ത്യയിലാദ്യമായി കമ്യുണിറ്റി കിച്ചനുകൾ ....... ഒരു പ്രതിസന്ധി എങ്ങിനെ നേരിടാമെന്നതിൻ്റെ ആഗോള മാതൃക.അസൂയ മൂത്ത് നിങ്ങൾ എത്ര പ്രാകിയാലും സഹിക്കവയ്യാതെ നിങ്ങൾ എത്ര കണ്ണും കാതും കൊട്ടിയടച്ചാലും രാഷ്ട്രീയാന്ധത ബാധിക്കാത്തവർക്കെല്ലാം തിരിച്ചറിയാനാവുന്ന പ്രവർത്തന മികവിൻ്റെ അടയാളങ്ങളാണിവ. ഈ പ്രവൃത്തി പി.ത്തർ.എങ്കിൽ അങ്ങിനെ തന്നെ.
പിന്നെ ട്രോളും സൈബർ സഖാക്കളും നിങ്ങളെ പരിഹാസ്യരാക്കിയതോ അതോ നിങ്ങൾ സ്വയം പരിഹാസ്യരായി ട്രോളൻ മാർക്ക് ദിനംപ്രതി വിഭവങ്ങൾ ഉണ്ടാക്കിക്കൊടുത്തതോ?മിറ്റിഗേഷൻ മുതൽ മഹാദേവൻ വരെ അങ്ങോട്ടു കൊണ്ടുപോയി കൊടുത്തിട്ട് പിന്നെ സൈബർ സഖാക്കളെ പറഞ്ഞിട്ട് കാര്യമുണ്ടോ? പ്രതിപക്ഷമേ ശാന്തമായി ചിന്തിക്കു.പി.ആർലൊന്നമല്ല കാര്യം. പ്രതിബദ്ധതയുള്ള രാഷ്ട്രീയം, അത് പ്രയോഗിക്കാനുള്ള കാര്യശേഷി, വകതിരിവ്, വിവേകം, ഔചിത്യം അതൊക്കെയാണ് കാര്യം.

വാൽക്കഷ്ണം :വാലിൽ തേളു കുത്തിയ , നമ്പ്യാരുടെ മർക്കടനെ ഓർമ്മിപ്പിക്കുന്നു മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തെക്കുറിച്ചുള്ള കോൺഗ്രസ് MLA മാരുടെ സമനില തെറ്റിയ FB പോസ്റ്റ്