തിരുവനന്തപുരം: ഒരു സ്ത്രീയായ ബിന്ദു അമ്മിണിയ്ക്ക് നേരെ മുളക് സ്പ്രേ ഉപയോഗിച്ച് അക്രമിച്ചത് ക്രൂരമായ നടപടിയാണെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ എം സി  ജോസഫൈൻ. ഇത്തരം ക്രൂരകൃത്യം ചെയ്തവർക്കെതിരെ പോലീസ് ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും വനിതാ കമ്മീഷൻ അധ്യക്ഷ ആവശ്യപ്പെട്ടു. ഇന്ന് രാവിലെയാണ് കൊച്ചി കമ്മീഷണർ ഓഫീസിലേക്കെത്തിയ ബിന്ദു അമ്മിണിയ്ക്കെതിരെ പ്രതിഷേധവുമായെത്തിയ ശബരമല കർമസമിതി പ്രവർകരും ബിജെ പി നേതാക്കളും  ഹിന്ദു ഹെൽപ് ലൈൻ പ്രവർത്തകരും എത്തിയത്.

ഇവരുമായി വാക്കേറ്റമുണ്ടായതിന് പിന്നാലെ വീണ്ടും കമ്മീഷണർ ഓഫീസിലേക്ക് മടങ്ങാനൊരുങ്ങുമ്പോഴാണ് ഹിന്ദു ഹെൽപ് ലൈൻ പ്രവർത്തകനായ ശ്രീനാഥ് ചാടിവീണ് കുരുമുളക് സ്പ്രേ പ്രയോഗിച്ചത്. പെട്ടെന്ന് പൊലീസ് ഇടപെട്ട് ബിന്ദു അമ്മിണിയെ വാഹനത്തിലേക്ക് മാറ്റി. ഉടൻതന്നെ ജനറൽ ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിൽസ നൽകിയശേഷം കണ്ണുരോഗ വിദഗ്ധനെ കാണിച്ചു.