സ്വർണ്ണക്കടത്തിൽ ഉന്നതർ കുടുങ്ങുമെന്ന് ദിവസവും ആവർത്തിച്ച് പറഞ്ഞ ബിജെപി അധ്യക്ഷനും ശിവശങ്കറിൻറെ ജാമ്യത്തോടെ പ്രതിരോധത്തിലായി. 

തിരുവനന്തപുരം: സംസ്ഥാനത്ത് വരാനിരിക്കുന്ന നിയമസഭ തെരെഞ്ഞെടുപ്പിലും സ്വർണ്ണക്കടത്ത് വിവാദം പ്രതിപക്ഷം മുഖ്യ ആയുധമാക്കാനിരിക്കെ സർക്കാറിന് ആശ്വാസമായി എം ശിവശങ്കറിന്റെ ജാമ്യം. ശിവശങ്കർ മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും ഇനിയും ഉന്നതർ കുടുങ്ങുമെന്നുമായിരുന്നു യുഡിഎഫിന്റെയും ബിജെപിയുടെയും പ്രധാനം വാദം. മുഖ്യമന്ത്രിയും മന്ത്രിമാരുമെല്ലാം വൈകാതെ കുടുങ്ങുമെന്ന് കൂടി പറഞ്ഞാണ് സ്വർണ്ണക്കടത്തും ഡോളർ‍കടത്തും പ്രതിപക്ഷം ശക്തമാക്കി ഉന്നയിച്ചുനിർത്തിയിരുന്നത്. എന്നാൽ സ്വർണ്ണക്കടത്ത് വിവാദപരമ്പരകളെ തദ്ദേശ തെരഞ്ഞെടുപ്പിൽ അതിജീവിച്ച സർക്കാറിന് നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള ശിവശങ്കറിന്റെ ജാമ്യം കൂടുതൽ ആശ്വാസം നൽകുന്നു.

ഡോളർ കടത്ത് കേസിലും ജാമ്യം; എം ശിവശങ്കര്‍ ഇന്ന് പുറത്തിറങ്ങും

ശിവശങ്കറിനെ സംരക്ഷിച്ചില്ലെന്ന് പറയുമ്പോഴും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി അകത്ത് കിടക്കുന്ന ഓരോ ദിവസവും പിണറായിക്കും സർക്കാറിനും മേൽ കടുത്ത സമ്മർദ്ദമാണ് ഉയർന്നത്. സ്വർണ്ണക്കടത്തിലെ വൻസ്രാവുകളൊക്കെ എവിടെപ്പോയെന്നുള്ള ചോദ്യം ഉന്നയിച്ചായിരിക്കും ഇനി എൽഡിഎഫ് പ്രതിപക്ഷത്തെ നേരിടുക. അതേ സമയം അടുത്തിടെ കേസ് അന്വേഷണം തണുത്തതും ശിവശങ്കറിനെ ജാമ്യവുമെല്ലാം സിപിഎം-ബിജെപി ഒത്തുകളിയാണെന്ന് വാദമാണ് ഇനി യുഡിഎഫ് ഉന്നയിക്കുക

സ്വർണ്ണക്കടത്തിൽ ഉന്നതർ കുടുങ്ങുമെന്ന് ദിവസവും ആവർത്തിച്ച് പറഞ്ഞ ബിജെപി അധ്യക്ഷനും ശിവശങ്കറിന്റെ ജാമ്യത്തോടെ പ്രതിരോധത്തിലായി. സ്വാഭാവിക ജാമ്യം എന്നൊക്കെ വിശദീകരിക്കുമ്പോഴും യുഡിഎഫിന്റെ ഒത്തുകളി ആരോപണത്തിന് കൂടി ഇനി ബിജെപി മറുപടി പറയേണ്ടിവരും.