തിരുവനന്തപുരം: കരമനയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്‍റെ ആൻജിയോഗ്രാം പരിശോധന പൂ‍ർത്തിയായി. ശിവശങ്കറിന്‍റെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ഡോക്ടർമാർ കസ്റ്റംസിനെ അറിയിച്ചത്. ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ഇസിജിയിൽ വ്യത്യാസമുള്ളതുകൊണ്ടാണ് ആൻജിയോ ഗ്രാം നടത്താൻ ഡോക്ടർമാർ നിർദ്ദേശിച്ചത്. ഇനി ഡോക്ടർമാർ ശിവശങ്കറിന്‍റെ ആരോഗ്യനിലയെക്കുറിച്ച് നൽകുന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാകും കസ്റ്റംസ് തുടർനടപടികൾ സ്വീകരിക്കുന്നത്. കാർഡിയാക് ഐസിയുവിലാണ് അദ്ദേഹം ഇപ്പോഴുള്ളത്. കസ്റ്റംസ് സംഘം രാവിലെ കരമനയിലെ സ്വകാര്യ ആശുപത്രിയിലെത്തിയിട്ടുണ്ട്. 

ഇന്നലെ വൈകുന്നേരം ചോദ്യം ചെയ്യാനായി കസ്റ്റംസ് ഉദ്യോഗസ്ഥർ വാഹനത്തിൽ കൊണ്ടുപോകുമ്പോഴാണ് ശിവശങ്കറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ശിവശങ്കറിന്‍റെ ആരോഗ്യനിലയെ കുറിച്ച് ഇന്ന് വിശദമായ മെഡിക്കൽ ബുള്ളറ്റിനും ആശുപത്രി അധികൃതർ പുറത്തിറക്കും.

സ്വർണ്ണക്കടത്ത് കേസിൽ കസ്റ്റംസ് ചോദ്യം ചെയ്യാൻ കൊണ്ടുപോകുന്നതിനിടെ ആണ് മുഖ്യമന്ത്രിയുടെ എം ശിവശങ്കറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കേസിൽ ശിവശങ്കറിനെതിരെ നിർണ്ണായകവിവരങ്ങൾ ലഭിച്ച കസ്റ്റംസ് അറസ്റ്റിനൊരുങ്ങുന്നതിനിടെയാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ഇതുവരെ പല തവണ ചോദ്യം ചെയ്യലിന് ശിവശങ്കർ ഹാജരായത് സ്വന്തം വാഹനത്തിലാണ്. എന്നാൽ വെള്ളിയാഴ്ച അദ്ദേഹത്തെ വിളിപ്പിച്ചപ്പോൾ കസ്റ്റംസ് വാഹനത്തിലാണ് കൊണ്ടുപോയത്. ശനിയാഴ്ചയും ഞായറാഴ്ചയും അവധിദിനങ്ങളായതിനാൽ കസ്റ്റംസ് അറസ്റ്റിലേക്ക് നീങ്ങിയിരുന്നെങ്കിൽ ശിവശങ്കറിന് ജാമ്യം ലഭിക്കുമായിരുന്നില്ല. 

സ്വർണ്ണക്കടത്ത് കേസിൽ വെള്ളിയാഴ്ച വൈകീട്ടോടെയാണ് നാടകീയനീക്കങ്ങളുണ്ടായത്. കസ്റ്റംസ് അസിസ്റ്റന്‍റ് കമ്മീഷണർ രാമമൂർത്തിയുടെ നേതൃത്വത്തിലുള്ള സംഘം പൂജപ്പുരയിലെ ശിവശങ്കറിന്‍റെ വീട്ടിലെത്തി ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയായിരുന്നു. കസ്റ്റംസ് വാഹനത്തിൽ തന്നെ വരണമെന്നായിരുന്നു ഉദ്യോഗസ്ഥരുടെ നിലപാട്. വാഹനത്തിൽ ഉദ്യോഗസ്ഥർക്കൊപ്പം കസ്റ്റംസ് ഓഫീസിലേക്ക് പോകുന്നതിനിടെ ജഗതിയിൽ വെച്ചാണ് ശിവശങ്കറിന് ദേഹാസ്വാസ്ഥ്യം ഉണ്ടാകുന്നത്. കസ്റ്റംസ് വാഹനത്തിന്‍റെ ഡ്രൈവർ രക്തസമ്മർദ്ദത്തിന്‍റെ മരുന്ന് വാങ്ങാൻ മെഡിക്കൽ ഷോപ്പിലേക്ക് പോയപ്പോൾ വീണ്ടും അസ്വസ്ഥത കൂടി. ആദ്യം ഇടപ്പഴഞ്ഞിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായിരുന്നു ശ്രമം. ശിവശങ്കർ ആവശ്യപ്പെട്ടത് അനുസരിച്ചാണ് കരമനയിലെ പിആ‌ർഎസ് ആശുപത്രിയിലേക്ക് മാറ്റിയത്.

ശിവശങ്കറിന്‍റെ ഭാര്യ ഡോക്ടറാണ്. അവർ ജോലി ചെയ്യുന്നതും ഈ ആശുപത്രിയിലാണ്. ശിവശങ്കറെ ആശുപത്രിയിലേക്ക് മാറ്റിയശേഷവും കസ്റ്റംസ് അവിടെ തുടർന്നത് ഉദ്വേഗം കൂട്ടി. ഇസിജിയിൽ വ്യത്യാസം ഉണ്ടെന്നും ആൻജിയോഗ്രാം ചെയ്യണമെന്നും ഡോക്ടർമാർ അറിയിച്ചതോടെ വെള്ളിയാഴ്ച രാത്രി ഒൻപത് മണിയോടെ കസ്റ്റംസ് ഉദ്യോഗസ്ഥർ മടങ്ങി. ഡോക്ടർമാരുടെ റിപ്പോർട്ട് അനുസരിച്ചായിരിക്കും ഇനി കസ്റ്റംസിന്‍റെ തുടർനീക്കം.