കണ്ണൂ‌ർ: പിഎസ്‍സി റാങ്ക് ലിസ്റ്റ് വിഷയത്തിൽ കീഴ് ഘടകങ്ങൾക്ക് നിര്‍ദേശവുമായി സിപിഎം. റാങ്ക് ലിസ്റ്റ് വിവാദം സംബന്ധിച്ച് ആസൂത്രിതമായി ഫേസ്ബുക്കിൽ നിങ്ങണമെന്ന് ജില്ലാ സെക്രട്ടറി എം വി ജയരാജൻ കീഴ്ഘടകങ്ങൾക്ക് അയച്ച ശബ്ദ സന്ദേശത്തിൽ പറയുന്നു. 

ഫേസ്ബുക്ക് ചർച്ചകളിൽ എന്തെല്ലാം കമന്‍റുകൾ രേഖപ്പെടുത്തണമെന്നത് പാർട്ടി തയ്യാറാക്കി അയച്ചു തരുമെന്നും ഒരു ലോക്കൽ കമ്മിറ്റിക്ക് കീഴിൽ മുന്നൂറ് ആളുകളെങ്കിലും ഈ കമൻ്റ് ഇടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നുമാണ് സന്ദേശം. ഒരാൾ തന്നെ പത്തും പതിന‌ഞ്ചും കമന്റിട്ടിട്ട് കാര്യമില്ലെന്നും സന്ദേശത്തിൽ പറയുന്നു.

ബ്രാഞ്ച് സെക്രട്ടറി തലം വരെയുള്ള നേതാക്കൾക്കായാണ് ഈ നിർദ്ദേശം നൽകിയത്. സന്ദേശത്തിൽ വിശദീകരണവുമായി എം വി ജയരാജൻ രംഗത്തെത്തി. ഉദ്യോഗാർത്ഥികളെ തെറ്റിദ്ധരിപ്പിക്കാൻ ആസൂത്രിതമായി ശ്രമം നടക്കുന്നുണ്ടെന്നും പൊതുജനങ്ങളെ വസ്തുത ബോധ്യപ്പെടുത്താനാണ് ഇപ്പോഴത്തെ പ്രചാരണമെന്നും എം വി ജയരാജൻ വിശദീകരിച്ചു..