കണ്ണൂര്‍: മഹാരാഷ്ട്രയിലെ എൻസിപി നേതാക്കൾക്ക് കേന്ദ്ര സർക്കാരിന്റെ ഭീഷണി ഉണ്ടായോ എന്ന് സംശയിക്കുന്നതായി സിപിഎം നേതാവ് എളമരം കരീം. രാഷ്ട്രപതിഭരണം മന്ത്രിസഭായോഗം പോലും ചേരാതെ പിൻവലിച്ചത് പാർലമെന്റിൽ ഉന്നയിക്കുമെന്നും എളമരം കരീം വ്യക്തമാക്കി.

"സംസ്ഥാനത്ത് മന്ത്രിസഭാ രൂപീകരണത്തിന് സമയമെടുത്തതിൽ കോൺഗ്രസിനെ കുറ്റപ്പെടുത്താനാവില്ല. കാരണം ബിജെപിയുടെ മറ്റൊരു പതിപ്പായ ശിവസേനയുമായി ബന്ധമുണ്ടാക്കാൻ  സമയമെടുക്കും". അതില്‍ തെറ്റുപറയാന്‍ സാധിക്കില്ലെന്നും കരീം കൂട്ടിച്ചേര്‍ത്തു. മഹാരാഷ്ട്രയിലെ പുതിയ രാഷ്ട്രീയ നീക്കത്തിന്‍റെ പശ്ചാത്തലത്തിലാണ് പ്രതികരണം. 

നാടകീയ നീക്കത്തിനൊടുവില്‍ കോണ്‍ഗ്രസിനും ശിവസേനക്കും തിരിച്ചടി നല്‍കി ഇന്ന് രാവിലെയാണ് മഹാരാഷ്ട്രയില്‍ ബിജെപി- അജിത് പവാറിന്‍റെ എന്‍സിപി, സര്‍ക്കാര്‍ രൂപീകരിച്ചത്. രാജ്ഭവനിൽ വച്ച് ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായും അജിത് പവാർ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. എൻസിപി അധ്യക്ഷൻ ശരത് പവാറിന്റെ അനന്തരവനാണ് അജിത് പവാർ. ശിവസേന, കോൺഗ്രസ്, എൻസിപി സഖ്യശ്രമങ്ങൾക്കിടെയാണ് അജിത് പവാർ മറുകണ്ടം ചാടിയത്. വലിയ രാഷ്ട്രീയ അനിശ്ചിതത്വത്തിനാണ് ഇത് വഴിവെച്ചത്.