Asianet News MalayalamAsianet News Malayalam

മരിച്ച മാഹി സ്വദേശിക്ക് കൊവിഡ് ബാധിച്ചത് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ നിന്നെന്ന് സൂചന

ഏപ്രിൽ രണ്ട്, മൂന്ന് തീയതികളിൽ ഇരുവരും ഒരേ ഐസിയുവിൽ കഴിഞ്ഞിരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ചെറുവാഞ്ചേരി സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ മാത്രമാണ് മഹ്റൂഫിന്റെ സ്രവം പരിശോധിച്ചത്

Mahe native affected coronavirus from Kannur hospital doubt
Author
Kannur, First Published Apr 11, 2020, 11:10 AM IST

കണ്ണൂർ: കൊവിഡ് ബാധിച്ച് ഇന്ന് പരിയാരം മെഡിക്കൽ കോളേജിൽ മരിച്ച മാഹി സ്വദേശിക്ക് രോഗം ബാധിച്ചത് ഇദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്ന സ്വകാര്യ ആശുപത്രിയിൽ നിന്നാണെന്ന് സൂചന. മഹറൂഫ് കഴിഞ്ഞിരുന്ന ഐസിയു മുറിയിൽ നേരത്തെ കൊവിഡ് രോഗം സ്ഥിരീകരിച്ച ചെറുവാഞ്ചേരി സ്വദേശിയും ഉണ്ടായിരുന്നുവെന്ന് കണ്ടെത്തി.

ഏപ്രിൽ രണ്ട്, മൂന്ന് തീയതികളിൽ ഇരുവരും ഒരേ ഐസിയുവിൽ കഴിഞ്ഞിരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ചെറുവാഞ്ചേരി സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ മാത്രമാണ് മഹ്റൂഫിന്റെ സ്രവം പരിശോധിച്ചത്. ആശുപത്രിക്ക് വീഴ്ച പറ്റിയോ എന്ന് പരിശോധിക്കുകയാണെന്ന് ഡിഎംഒ നാരായണ നായിക് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ചെറുവാഞ്ചേരി സ്വദേശിയും മരിച്ച മഹ്റൂഫും ഐസിയുവിൽ പ്രത്യേകം മുറികളിലായിരുന്നെന്ന് സ്വകാര്യ ആശുപത്രി വക്താവ് അറിയിച്ചു. എല്ലാ സുരക്ഷാ മുൻകരുതലും സ്വീകരിച്ചിരുന്നു. ആശുപത്രിയിൽ വച്ച് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് രോഗം പകരാൻ ഒരു സാധ്യതയുമില്ലെന്നും സ്വകാര്യ ആശുപത്രി വ്യക്തമാക്കി.

നാല് ദിവസമായി പരിയാരത്തെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മാഹി ചെറുകല്ലായി സ്വദേശി മെഹ്റൂഫാണ് ഇന്ന് മരിച്ചത്. 71 വയസായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. ഇന്ന് രാവിലെ 7.15 ഓടെയാണ് മരണം.

മാർച്ച് 26 ന് പനി ബാധിച്ചാണ് ഇദ്ദേഹത്തെ തലശേരിയിലെ ടെലി സെന്ററിലേക്ക് കൊണ്ടുപോയത്. പിന്നീട് 29 നും 30 നും ഇദ്ദേഹം ആശുപത്രിയിലെത്തി. 30 ാം തീയതി നില വഷളായ ഇദ്ദേഹത്തെ അഡ്മിറ്റ് ചെയ്തു. പിന്നീട് ആരോഗ്യസ്ഥിതി വഷളായതോടെ ഇദ്ദേഹത്തെ ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിലേക്ക് മാറ്റി.

ഇവിടെ വച്ച് ന്യൂമോണിയ ബാധിക്കുകയും ആരോഗ്യസ്ഥിതി കൂടുതൽ വഷളാവുകയും ചെയ്തു. ഈ സമയത്ത് കൊവിഡ് പരിശോധന നടത്തുകയും ഫലം പോസിറ്റീവാണെന്ന് വ്യക്തമാവുകയും ചെയ്തു. ഇതോടെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത ഹൃദ്രോഗിയും വൃക്കരോഗിയുമായിരുന്ന ഇദ്ദേഹത്തെ വെന്റിലേറ്ററിൽ ആക്കിയിരുന്നു. നാല് ദിവസം തീവ്രമായി പരിശ്രമിച്ചിട്ടും ജീവൻ രക്ഷിക്കാനായില്ല.

മാഹിയിൽ പലയിടങ്ങളിലും ഇദ്ദേഹം ലോക്ക് ഡൗൺ കാലത്ത് സഞ്ചരിച്ചിരുന്നു. നൂറിലേറെ പേരുമായി സമ്പർക്കം പുലർത്തിയെന്ന് കണ്ടെത്തി. നേരിട്ട് ഇടപഴകിയ 26 പേരുടെ സ്രവം പരിശോധിച്ചു. എന്നാൽ ആർക്കും രോഗം കണ്ടെത്താനായില്ല. കണ്ണൂരിൽ ഇതുവരെ 65 പേർക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. 33 പേർക്ക് രോഗം ഭേദമായിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios