സംഭവത്തിലെ മുഖ്യപ്രതി വിനീഷ് അടക്കം രണ്ട് പേരാണ് ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലുള്ളത്. ഇവര്‍ സ്ഥിരം കുറ്റവാളികളാണെന്ന് നാട്ടുകാര്‍ വ്യക്തമാക്കുന്നു.
മലപ്പുറം: നിലമ്പൂർ വഴിക്കടവ് പത്താം ക്ലാസ് വിദ്യാർത്ഥി അനന്തു പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പ്രദേശവാസിയായും മൃഗവേട്ടക്കാരനുമായ വിനീഷിനെയാണ് വഴിക്കടവ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കൂട്ട് പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ പോലീസ് ചോദ്യം ചെയ്യുന്നു. മുഖ്യപ്രതി വിനീഷ്, കൂട്ടുപ്രതി കുഞ്ഞുമുഹമ്മദ് എന്നിവരാണ് പൊലീസിന്‍റെ പിടിയിലായിരിക്കുന്നത്.
ഇന്നലെ രാത്രി എട്ടര മണിയോടെയാണ് സുരേഷ് ശോഭ ദമ്പതികളുടെ മകനും മണിമൂളി ക്രൈസ്റ്റ് കിംഗ് സ്കൂൾ വിദ്യാർത്ഥിയുമായ അനന്തു ഷോക്കേറ്റ് മരിച്ചത്. സംഭവത്തിൽ മറ്റ് രണ്ട്പേർക്ക് കൂടി പരുക്കേറ്റിരുന്നു. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി മൃതദേഹം 11 മണിയോടെയാണ് വഴിക്കടിവിലെത്തിച്ചത്. ആദ്യം അനന്തുപഠിച്ച സ്കൂളിലായിരുന്നു പൊതു ദര്‍ശനം. തുടർന്നാണ് വീട്ടിലേക്ക് എത്തിച്ചത്. 2 മണിയോടെയാണ് സംസ്കാരം
കാട്ടുപന്നിയുടെ ഇറച്ചിക്ക് വേണ്ടിയാണ് കെണിയൊരുക്കിയിരുന്നത്. പ്രതികളായ ഇരുവരും സ്ഥിരം കുറ്റവാളികളാണെന്ന് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. മനപൂര്‍വമല്ലാത്ത നരഹത്യക്ക് വഴിക്കടവ് പൊലീസ് കേസെടുത്തിരുന്നു. പ്രതി വിനീഷിനെതിരെ നേരത്തെയും കേസുകൾ ഉണ്ട്. കെണി വെച്ച് മൃഗങ്ങളെ പിടിക്കുന്നത് പ്രതിയ്ക്ക് ഹോബിയാണെന്നും ഒപ്പം കൂട്ടുകാരുമുണ്ടെന്നും ബന്ധുക്കളും പറഞ്ഞു.


