മലപ്പുറം സ്ഫോടകവസ്തു കേസിൽ പ്രധാന ഗൂഢാലോചനക്കാരനായ ഹാരിസ് ടി എയെ എൻഐഎ മഞ്ചേരിയിൽ നിന്ന് അറസ്റ്റ് ചെയ്തു.

ദില്ലി: മലപ്പുറത്തു നിന്നും അനധികൃത സ്‌ഫോടക വസ്തു ശേഖരം പിടികൂടിയ സംഭവത്തില്‍ നിര്‍ണായക അറസ്റ്റ്. കേസിലെ മുഖ്യസൂത്രധാരന്‍ ഹാരിസ് ടി എയെ പിടികൂടിയെന്ന് എൻ ഐ എ അറിയിച്ചു. മഞ്ചേരിയില്‍ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്നാണ് വിവരം. സ്‌ഫോടക വസ്തുക്കള്‍ അനധികൃതമായി വാങ്ങിയതില്‍ ഹാരിസിന് പ്രധാന പങ്കുണ്ടെന്നാണ് എന്‍ ഐ എ യുടെ കണ്ടെത്തല്‍. സ്‌ഫോടക വസ്തുക്കള്‍ അനധികൃതമായി സംഘടിപ്പിക്കുന്നതിലും വിതരണം ചെയ്യുന്നതിലും ഹാരിസിന് പങ്കുണ്ടെന്നാണ് എന്‍ഐഎ പറയുന്നു. കൂടുതൽ വിവരങ്ങൾ എൻ ഐ എ പുറത്തുവിട്ടിട്ടില്ല.

448 ബോക്സുകളിലായി സൂക്ഷിച്ചിരുന്ന 89,600 ജെലാറ്റിൻ സ്റ്റിക്കുകളും 35 ബോക്സുകളിലായി ഉണ്ടായിരുന്ന 10,500 നോൺ - ഇലക്ട്രിക് ഡിറ്റണേറ്ററുകളും ഉൾപ്പെടുന്നതാണ് റെയ്ഡിൽ പിടിച്ചെടുത്ത സ്ഫോടകവസ്തു ശേഖരം. ഒരു ലൈസൻസുമില്ലാതെയാണ് ഇത്രയും വലിയ തോതിൽ സ്ഫോടക വസ്തുക്കൾ എത്തിച്ചതെന്ന് എൻ ഐ എ നേരത്തെ വ്യക്തമാക്കിയിരുന്നു. ദേശീയ സുരക്ഷയെ തന്നെ അതീവ ഗുരുതരമായി ബാധിക്കുന്ന കേസായതിനാലാണ് എൻ ഐ എ ഇതിൽ നേരിട്ട് അന്വേഷണം ഏറ്റെടുത്തതെന്നും പറയുന്നു.

കേരളം, തമിഴ്നാട്, കർണാടക എന്നീ മൂന്ന് സംസ്ഥാനങ്ങളിലായി ഇതുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി റെയ്ഡ് നടത്തിയിരുന്നു. മൂന്ന് സംസ്ഥാനങ്ങളിലായി പത്തൊമ്പതോളം കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്. ഈ റെയ്ഡുകളിൽ നിർണായകമായ ഡിജിറ്റൽ ഉപകരണങ്ങളും മറ്റ് നിരവധി രേഖകളും കണ്ടെടുത്തതായി എൻഐഎ ഔദ്യോഗികമായി സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം കര്‍ണാടകയില്‍ നിന്നും മൂന്നു പേര്‍ അറസ്റ്റിലായിട്ടുണ്ട്.

YouTube video player