അരീക്കോട് വീട്ടിൽ സൂക്ഷിച്ച 254 ഗ്രാം എം.ഡി.എം.എയുമായി ലഹരിക്കടത്ത് സംഘത്തിലെ പ്രധാനിയായ അബ്ദുൾ നാസറിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് അഞ്ച് ലക്ഷം രൂപയും വിദേശ കറൻസികളും ലഹരിക്കടത്തിന് ഉപയോഗിച്ച കാറും പിടിച്ചെടുത്തു. ഇയാൾ ഒരു വലിയ ലഹരിക്കടത്ത് ശൃംഖലയിലെ കണ്ണിയാണെന്ന് പോലീസ് അറിയിച്ചു.
മലപ്പുറം: അരീക്കോട് വീട്ടിൽ സൂക്ഷിച്ച വൻ രാസലഹരി ശേഖരവുമായി ലഹരിക്കടത്ത് സംഘത്തിലെ പ്രധാനിയെ അരീക്കോട് പോലീസും മലപ്പുറം ജില്ലാ ഡാൻസാഫ് ടീമും ചേർന്ന് പിടികൂടി. അരീക്കോട് മുണ്ടംപറമ്പ് സ്വദേശി പന്തക്കാത്തൊടി അബ്ദുൾ നാസർ (36) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് വിപണിയിൽ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന 254 ഗ്രാം എം.ഡി.എം.എ, അഞ്ച് ലക്ഷം രൂപ, വിദേശ കറൻസികൾ എന്നിവ പോലീസ് കണ്ടെടുത്തു.
മുണ്ടംപറമ്പ് ടൗണിൽ വെച്ച് നടത്തിയ സംശയസ്പദമായ പരിശോധനയിലാണ് 4 ഗ്രാം എം.ഡി.എം.എയുമായി അബ്ദുൾ നാസർ ആദ്യം പോലീസിന്റെ വലയിലാകുന്നത്. തുടർന്ന് ഇയാളെ വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കിയപ്പോഴാണ് വീട്ടിൽ കൂടുതൽ ലഹരിമരുന്ന് ഒളിപ്പിച്ചിട്ടുണ്ടെന്ന വിവരം ലഭിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെ വീട്ടിൽ പോലീസ് നടത്തിയ വിശദമായ പരിശോധനയിലാണ് 250 ഗ്രാം എം.ഡി.എം.എ കൂടി കണ്ടെടുത്തത്. ലഹരിമരുന്ന് തരംതിരിച്ച് വിൽക്കാൻ ഉപയോഗിച്ചിരുന്ന ഡിജിറ്റൽ ത്രാസ്സ്, ലഹരി വിൽപ്പനയിലൂടെ ലഭിച്ചതെന്ന് കരുതുന്ന 5 ലക്ഷം രൂപയുടെ ഇന്ത്യൻ കറൻസി, വിവിധ വിദേശ കറൻസികളും ഇയാളുടെ വീട്ടിൽ നിന്ന് പോലീസ് പിടിച്ചെടുത്തു. കൂടാതെ ലഹരിക്കടത്തിനായി ഉപയോഗിച്ചിരുന്ന പ്രതിയുടെ കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മേഖലയിലെ പ്രധാന ലഹരി വിതരണക്കാരനാണ് പിടിയിലായ അബ്ദുൾ നാസർ എന്ന് പോലീസ് വ്യക്തമാക്കി. ഇയാൾ ഉൾപ്പെടുന്ന വലിയൊരു ലഹരിക്കടത്ത് ശൃംഖലയെക്കുറിച്ച് അന്വേഷണസംഘത്തിന് വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും അരീക്കോട് പോലീസ് അറിയിച്ചു.


