Asianet News MalayalamAsianet News Malayalam

മലബാർ കലാപം മുസ്ലിം സമുദായത്തെ നൂറുവർഷമെങ്കിലും പിന്നോട്ടടിപ്പിച്ചു: സമസ്ത

മുസ്ലിം സമുദായത്തെ വിപരീതമായി ബാധിച്ച ഒന്നായിരുന്നു ഈ സായുധ കലാപമെന്നും, ഇത്തരം പ്രവൃത്തികളിൽ നിന്ന് സമുദായം വിട്ടുനിൽക്കണം എന്നും എസ്‌കെഎസ്എസ്എഫ് പറഞ്ഞു.  

malabar rebellion pushed muslims in kerala by 100 years says sunni body SKSSF
Author
Malappuram, First Published Jul 10, 2021, 11:53 AM IST

മലബാർ കലാപം നടന്നു നൂറു വർഷം തികയുന്ന അവസരത്തിൽ കലാപത്തെ തമസ്കരിക്കുന്ന നിലപാടുമായി സുന്നി വിഭാഗത്തെ പ്രതിനിധീകരിക്കുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമ രംഗത്ത്. മുസ്ലിം സമുദായത്തെ വിപരീതമായി ബാധിച്ച ഒന്നായിരുന്നു ഈ സായുധ കലാപമെന്നും, ഇത്തരം പ്രവൃത്തികളിൽ നിന്ന് സമുദായം വിട്ടുനിൽക്കണം എന്നുമാണ് സമസ്തയുടെ യുവജന വിദ്യാർത്ഥി വിഭാഗമായ എസ്‌കെഎസ്എസ്എഫ് പുറപ്പെടുവിച്ച പ്രസ്താവനയിൽ പരാമർശിച്ചിരിക്കുന്നത്.  

മലബാർ കലാപത്തെക്കുറിച്ചുള്ള സമസ്തയുടെ നിലപാടുകൾ വിശദീകരിച്ചുകൊണ്ട്, ശതാബ്ദി വേളയിൽ ഒരു 'മലബാർ ഹിസ്റ്ററി കോൺഗ്രസ്' തന്നെ മലപ്പുറത്ത് സംഘടിപ്പിക്കും എന്നും എസ്‌കെഎസ്എസ്എഫ് പറയുന്നു.  “1921- 2021 കേരളാ മുസ്ലിംകൾ അതിജീവനത്തിന്റെ നൂറ് വർഷങ്ങൾ” എന്ന പ്രമേയത്തിൽ ഊന്നി നാലുഘട്ടങ്ങളിലായാവുംഈ ഹിസ്റ്ററി കോൺഗ്രസ് നടക്കുക.  ഈ വിഷയത്തിൽ സമസ്ത നേതാവ് പാങ്ങിൽ അഹമ്മദ് കുട്ടി മുസ്‌ലിയാർ സ്വീകരിച്ച നിലപാടുകളിൽ തന്നെ സംഘടന ഉറച്ചു നിൽക്കുന്നു എന്നാണ് എസ്‌കെഎസ്എസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തലൂർ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞത്. 

ഒന്നാം ഘട്ടത്തിൽ സമര കേന്ദ്ര സംഗമങ്ങൾ നടക്കും. രണ്ടാം ഘട്ടത്തിൽ ചരിത്ര വിദ്യാർത്ഥി - അദ്ധ്യാപക ഗവേഷക സംഗമം കോഴിക്കോട് വെച്ച് നടക്കും.  ഒക്ടോബർ രണ്ടാം വാരത്തിൽ “സമരം, ചരിത്രമെഴുത്ത്, രാഷ്ട്രീയം” എന്ന പ്രമേയത്തിൽ നടക്കുന്ന ഈ സെമിനാർ ട്രെൻഡ് കേരളയും ഫാറൂഖ് കോളേജും അക്കാദമിക സഹകരണത്തോടെയാണ് നടത്തുന്നത്. മൂന്നാം ഘട്ടം ലോക്കൽ ഹിസ്റ്ററി സമ്മിറ്റ് നവംബറിൽ  എല്ലാ ക്ലസ്റ്ററുകളിലും നടക്കും. നാലാം ഘട്ടത്തിൽ  ഗവേഷണ പ്രബന്ധങ്ങളുടെ സമാഹരണവും ഹിസ്റ്ററി കോൺഗ്രസ്സ് ഗ്രാന്റ് ഫിനാലെയും ഡിസംബർ മൂന്ന്, നാല്, അഞ്ച് തിയ്യതികളിൽ മലപ്പുറത്ത് നടക്കുമെന്നും സത്താർ പന്തലൂർ അറിയിച്ചു. 

മുസ്ലിം സമുദായത്തെ നൂറു വർഷമെങ്കിലും പിന്നോട്ടടിപ്പിക്കുകയാണ് ഈ കലാപം ചെയ്തിരിക്കുന്നത് എന്ന് എസ്‌കെഎസ്എസ്എഫ് പ്രസിദ്ധീകരണമായ സത്യധാരയുടെ എഡിറ്റർ അൻവർ സാദിഖ് ഫൈസിയും പ്രസ്താവിച്ചു. ഇത് കേരളത്തിലെ സുന്നികളുടെ മാത്രം അഭിപ്രായമല്ല, മുജാഹിദ് നേതാവ്  ഉമർ മൗലവി പോലും ഇതിനോട് യോജിച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞു. "പാങ്ങിൽ അഹ്മദ് കുട്ടി മുസ്‌ലിയാർ, ആലി മുസ്‌ലിയാർ, കെഎം മൗലവി തുടങ്ങിയ  ഇസ്ലാമിക പണ്ഡിതർ സമരത്തിന്റെ മുന്നണിയിൽ തന്നെ ഉണ്ടായിരുന്നു . പാങ്ങിലിന്റെ പേരൊക്കെ അന്ന് പിടികിട്ടാപ്പുള്ളികളുടെ പട്ടികയിൽ ഉൾപ്പെടുക വരെ ചെയ്തതാണ് സമരം പുരോഗമിക്കെ, അതിന്റെ  വ്യർത്ഥത ബോധ്യപ്പെട്ടു കൊണ്ട് പാങ്ങിൽ സമരത്തിൽ നിന്ന് പിന്മാറുകയാണ് ഉണ്ടായത്. ആലി മുസ്‌ലിയാർ തുടക്കത്തിൽ തന്നെ അറസ്റ്റു ചെയ്യപ്പെട്ടു എങ്കിലും അദ്ദേഹത്തിന് ഒരു പുനർവിചിന്തനത്തിനുള്ള അവസരം കിട്ടുകയുണ്ടായില്ല. കെഎം മൗലവി അന്ന് കൊടുങ്ങല്ലൂർക്ക് പലായനം ചെയ്താണ് ജീവൻ രക്ഷപ്പെടുത്തുന്നത്. പിന്നീട് തന്റെ ആയുസ്സിൽ ഒരിക്കലും അദ്ദേഹം കലാപത്തിന് വേണ്ടി പറയുകയോ പ്രവർത്തിക്കുകയോ ഉണ്ടായിട്ടില്ല." ഫൈസി പറഞ്ഞു. 

മലബാർ കലാപത്തെക്കുറിച്ചുള്ള സമസ്തയുടെ നിലപാട്, ഒരു ഗവണ്മെന്റിനെതിരെയും സായുധ പോരാട്ടങ്ങൾ പാടില്ല എന്നുള്ള അടിസ്ഥാന വിശ്വാസത്തിൽ ഊന്നിയുള്ള ഒന്നാണ് എന്നും, ശാന്തിപൂർണമായ പ്രക്ഷോഭങ്ങളെ മാത്രമേ സമസ്ത അന്നും ഇന്നും പിന്തുണയ്ക്കുന്നുള്ളൂ എന്നും ഫൈസി പറഞ്ഞു. മലപ്പുറം കോഴിക്കോട് ജില്ലകളിൽ മലബാർ കലാപം നടന്ന പതിനാലു സ്ഥലങ്ങളിൽ എസ്‌കെഎസ്എസ്എഫ് സമ്മേളനങ്ങൾ സംഘടിപ്പിക്കും. കലാപവുമായി ബന്ധപ്പെട്ടുകൊണ്ടുള്ള ചരിത്ര രേഖകളുടെ സമാഹരണം, പഠനം, സമരത്തിൽ പങ്കെടുത്ത പോരാളികളെക്കുറിച്ചുള്ള വിവരശേഖരണം തുടങ്ങിയവയും ശതാബ്ദി വേളയിൽ നടത്താൻ ഉദ്ദേശിക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ജൂലൈ പതിനാലിന് കോഴിക്കോട് ഇസ്ലാമിക്  സെന്ററിൽ ആരംഭിക്കുന്ന  മലബാർ  ചരിത്ര ലൈബ്രറിയുടെ ഉദ്‌ഘാടനം പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ നിർവ്വഹിക്കുമെന്നും ഫൈസി അറിയിച്ചു.
 

Follow Us:
Download App:
  • android
  • ios