Asianet News MalayalamAsianet News Malayalam

യോഗത്തില്‍ വരുമെന്ന് വാര്‍ത്ത വരുത്തി മിടുക്കനായി, ആരുടെ ബുദ്ധി? ജോസഫ് പെരുംതോട്ടത്തിനെ പരിഹസിച്ച് മലങ്കര സഭ

ചങ്ങനാശേരി ആർച്ചുബിഷപ്പ് അഭിവന്ദ്യ മാർ ജോസഫ് പെരുംതോട്ടം പിതാവ് തിരുവനന്തപുരം വരെ വന്നു. സമ്മേളനത്തിൽ പങ്കെടുത്തില്ല. പങ്കെടുക്കാം എന്ന് സമ്മതിച്ചു വാർത്ത വരുത്തി, പങ്കെടുക്കാതെ വാർത്തയിൽ നിറഞ്ഞു മിടുക്കനായി. വല്ലാത്ത ബുദ്ധി... ആരുടെയാണോ ആവോ? 

Malankara Church speak against Changanassery Archbishop Joseph Perumthottam
Author
Kochi, First Published Sep 22, 2021, 10:04 PM IST

തിരുവനന്തപുരം: ക്ലിമിസ് കാതോലിക്കാ ബാവ വിളിച്ച സമാധാന ചർച്ചയിൽ നിന്നും ചങ്ങനാശേരി ആർച്ച് ബിഷപ്പ് ജോസഫ് പെരുംതോട്ടം വിട്ടുനിന്നതിനെച്ചൊല്ലി സിറോ മലബാർ സഭയും മലങ്കര കത്തോലിക്കാ സഭയും തമ്മിൽ തർക്കം അതിരൂക്ഷം.  ചങ്ങനാശേരി ആർച്ച് ബിഷപ്പ് വിട്ടുനിന്നതിൽ അതിരൂക്ഷ വിമർശനവുമായി മലങ്കര സഭാ പിആർഒ ബൊവാസ് മാത്യു രംഗത്തെത്തി. യോഗത്തിൽ പങ്കെടുക്കാമെന്ന് ഉറപ്പ് നൽകിയിട്ടും വിട്ടുനിന്നത് ആരുടെ ബുദ്ധിയാണെന്നുള്ള പരിഹാസമാണ് ഫേസ്ബുക്ക് പോസ്റ്റിലുള്ളത്. ഇരുപക്ഷവും സമൂഹമാധ്യമങ്ങളിൽ പരസ്പരം കടുത്ത വിമർശനമാണ് ഉന്നയിക്കുന്നത്. 

പാലാ ബിഷപ്പിന്‍റെ നാർക്കോട്ടിക് ജിഹാദ് പരാമർശം വലിയ വിവാദമായതിന് പിന്നാലെ കഴിഞ്ഞ ദിവസമായിരുന്നു മലങ്കര സഭാ കർദിനാൾ ക്ലിമിസ് കാതോലിക്കാ ബാവ സമവായ ചർച്ച വിളിച്ചത്. ഇതിൽ ആദ്യം സിറോ മലബാർ സഭാ ചങ്ങനാശേരി അതിരൂപതാ ആർച്ച് ബിഷപ്പ് പങ്കെടുക്കും എന്നറിയിച്ചിരുന്നു. എന്നാൽ ഇന്നലെ ബിഷപ്പ് തിരുവനന്തപുരത്ത് ഉണ്ടായിട്ടും ചർച്ചയിൽ പങ്കെടുത്തില്ല. ക്ലിമിസ് കാതോലിക്കാ ബാവ വിളിച്ച ചർച്ചയോടുള്ള എതിർപ്പാണ് സിറോ മലബാർ സഭ വിട്ടുനിന്നതിന് കാരണമെന്നായിരുന്നു വിവരം. ഇതിനെതിരെ അതിരൂക്ഷ വിമർശനമാണിന്ന്  മലങ്കര സഭാ പിആർഒ ഫാദർ ബൊവാസ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റിലുള്ളത്. 

മുഖ്യമന്ത്രി ഇടപെട്ടാണോ ക്ലിമിസ് കാതോലിക്കാ ബാവ മുൻകൈയെടുത്ത്  യോഗം വിളിച്ചതെന്ന സംശയമാണ് സീറോ മലബാർ സഭയ്ക്കുള്ളത്.  ഇതിന് പിന്നാലെ മുഖ്യമന്ത്രി പാലാ ബിഷപ്പിനെ തള്ളിപ്പറയുകയും ചെയ്തു.  മലങ്കര സഭയുടേത് സിറോ മലബാർ സഭയ്ക്കെതിരായ നീക്കങ്ങളാണെന്ന വികാരമാണുള്ളത്. എന്നാൽ ആത്മാർത്ഥമായാണ്  പ്രശ്ന പരിഹാരത്തിന് ശ്രമിച്ചതെന്ന് ക്ലിമിസ് ബാവയുടെ പരിശ്രമങ്ങളെ സംശയിച്ചവർക്കായുള്ള മറുപടിയായി   മലങ്കര സഭാ പിആർഒയുടെ പോസ്റ്റിൽ പറയുന്നു.
 

ഫാ.ബോവസ് മാത്യുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

അഭിവന്ദ്യ ക്ലീമിസ് കാതോലിക്കാബാവ തിരുമേനി കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഒരു  മതസൗഹാർദ്ദ സമ്മേളനം വിളിച്ചു. വിവിധ മതസമുദായങ്ങളുടെയും വിവിധ ക്രൈസ്തവ സഭകളുടെയും പ്രതിനിധികൾ ഈ സമ്മേളനത്തിൽ സംബന്ധിച്ചു. അടിയന്തിര പ്രാധാന്യമുള്ള യോഗമായതിനാൽ അതിന്റെ എല്ലാ പ്രോട്ടോക്കോളും പാലിച്ച് എല്ലാവരുടെയും സാന്നിധ്യം ഉറപ്പാക്കുവാൻ സാധിക്കുമോ എന്ന സന്ദേഹം ഉണ്ടായിരുന്നു. എന്നാൽ സീറോ മലബാർ സഭയുടെയും സി എസ് ഐ സഭയുടെയും പ്രതിനിധികൾ ഇതിൽ പങ്കെടുത്തില്ല. സി എസ് ഐ മോഡറേറ്റർ അഭിവന്ദ്യ ധർമരാജ് റസാലം തിരുമേനി തൊട്ടടുത്ത ദിവസം ബാവായെ കണ്ടു, വരാൻ കഴിയാത്ത സാഹചര്യം അറിയിച്ചു. പരിശ്രമങ്ങളെ പൊതുചടങ്ങിൽ വച്ച് പരസ്യമായി അഭിനന്ദിച്ചു. ചങ്ങനാശേരി ആർച്ചുബിഷപ്പ് അഭിവന്ദ്യ മാർ ജോസഫ് പെരുംതോട്ടം പിതാവ് തിരുവനന്തപുരം വരെ വന്നു. സമ്മേളനത്തിൽ പങ്കെടുത്തില്ല. പങ്കെടുക്കാം എന്ന് സമ്മതിച്ചു വാർത്ത വരുത്തി, പങ്കെടുക്കാതെ വാർത്തയിൽ നിറഞ്ഞു മിടുക്കനായി. വല്ലാത്ത ബുദ്ധി... ആരുടെയാണോ ആവോ? 

Follow Us:
Download App:
  • android
  • ios