വികസന പദ്ധതികള്‍ക്ക് പണം നല്‍കുന്നില്ലെന്ന പരാതിയുമായി മലപ്പുറം ജില്ലാ പഞ്ചായത്ത്. പണമില്ലാത്തതിനാല്‍ 76 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് മുടങ്ങി കിടക്കുന്നത്.

മലപ്പുറം: ബജറ്റില്‍ പ്രഖ്യാപിച്ച ഫണ്ട് അനുവദിക്കാത്തതില്‍ സര്‍ക്കാരിനെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി മലപ്പുറം ജില്ലാ പഞ്ചായത്ത്. പണമില്ലാത്തതിനാല്‍ 76 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് ജില്ലയില്‍ മുടങ്ങി കിടക്കുന്നത്.

വികസന പദ്ധതികള്‍ക്ക് പണം നല്‍കാതെ സംസ്ഥാന സര്‍ക്കാര്‍ ഞ‌െക്കിക്കൊല്ലുകയാണെന്നാണ് ജില്ലാ പഞ്ചായത്തിന്‍റെ പരാതി. മാര്‍ച്ചില്‍ നല്‍കേണ്ട ഫണ്ട് തരാതെ ബില്ലുകള്‍ ക്യൂവിലേക്ക് മാറ്റുകയും പിന്നീട് 2019-20 വര്‍ഷത്തെ വിഹിതത്തില്‍ നിന്ന് എടുക്കാൻ ആവശ്യപ്പെടുകയുമാണ് സര്‍ക്കാര്‍ ചെയ്തത്. ഇത് കാരണം ജില്ലാ പഞ്ചായത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. പ്രഖ്യാപിച്ച വികസന പദ്ധതികള്‍ക്ക് പണം കണ്ടെത്താനാവുന്നില്ല. മുഖ്യമന്ത്രിയോടും തദ്ദേശഭരണ-ധനകാര്യമന്ത്രിമാരോടും പരാതി പറഞ്ഞിട്ടും പരിഹാരമുണ്ടാകാത്തതിനെ തുടര്‍ന്നാണ് മറ്റ് മാര്‍ഗമില്ലാതെ കോടതിയെ സമീപിക്കുന്നതെന്നാണ് ജില്ലാ പഞ്ചായത്ത് ഭരണസമിതി പറയുന്നത്.

സംസ്ഥാന സര്‍ക്കാരിനെതിരെ നേരത്തെയും മലപ്പുറം ജില്ലാ പഞ്ചായത്ത് കോടതിയെ സമീപിച്ചിരുന്നു. ജില്ലാ പഞ്ചായത്ത് ഉടമസ്ഥതയിലുള്ള ആതവനാട്ടെ ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെയായിരുന്നു ഇത്. അന്ന് ഇക്കാര്യത്തില്‍ അനുകൂല വിധിയും ജില്ലാ പഞ്ചായത്ത് ഹൈക്കോടതിയില്‍ നിന്ന് നേടിയിരുന്നു.