മലപ്പുറം പാണ്ടിക്കാട് നിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസി വ്യവസായി ഷമീറിനെ കൊല്ലം അഞ്ചലിൽ വച്ച് കണ്ടെത്തിയത് 36 മണിക്കൂര്‍ നീണ്ട ഓപ്പറേഷനിലൂടെയാണെന്ന് മലപ്പുറം എസ്‍പി ആര്‍ വിശ്വനാഥ്

മലപ്പുറം: മലപ്പുറം പാണ്ടിക്കാട് നിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസി വ്യവസായി ഷമീറിനെ കൊല്ലം അഞ്ചലിൽ വച്ച് കണ്ടെത്തിയത് 36 മണിക്കൂര്‍ നീണ്ട ഓപ്പറേഷനിലൂടെയാണെന്ന് മലപ്പുറം എസ്‍പി ആര്‍ വിശ്വനാഥ്. ഷമീറുമായി തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിച്ച പ്രതികളെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു പൊലീസ്. ഷമീറിന്‍റെ സ്ഥാപനത്തിലെ മുൻ ജീവനക്കാരൻ ഉൾപ്പെടെ ആറുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെയാണ് ഷമീറിനെ കൊല്ലത്ത് വെച്ച് കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി ഏഴേ മുക്കാലിനാണ് കിഡ്നാപ്പിങ് നടന്നത്. പിന്നിൽ ആരാണ്, എന്താണ് കാരണം വ്യക്തമായ സൂചനകൾ ആദ്യഘട്ടത്തിൽ ലഭിച്ചിരുന്നില്ല. സിസിടിവി ദൃശ്യങ്ങള്‍ മാത്രമാണ് ആകെ കിട്ടിയത്. ഇതോടെ അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ മലപ്പുറം എസ്പി നിയോഗിച്ചു. 

പെരിന്തൽമണ്ണ ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. വാഹനം തിരിച്ചറിഞ്ഞ് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. ഒടുവിൽ ആദ്യ സൂചന ലഭിച്ചു. പ്രതികൾ ചാവക്കാട് ഭാഗത്ത് നിന്നുള്ളവരെന്ന് വിവരം ലഭിച്ചു. പിന്നാലെ ഇന്നലെ രാവിലെ ഷമീറിന്‍റെ ഭാര്യയുടെ ഫോണിലേക്കെത്തിയ വിളികളും നിര്‍ണായകമായി. മൊബൈൽ ലൊക്കേഷൻ പിന്തുടര്‍ന്നുള്ള അന്വേഷണവും ഊര്‍ജിതമാക്കി.

 ഷമീറിനെ തട്ടിക്കൊണ്ടുപോകുമ്പോള്‍ ഇന്നോവയായിരുന്നു വാഹനം. പക്ഷേ, ചാവക്കാട് വെച്ച് പ്രതികൾ വാഹനം മാറ്റി. രണ്ടും കണ്ടാൽ ഒരേ പോലെ. പക്ഷേ, രണ്ടു വാഹനത്തിലും ഡെവിള്‍ എന്നൊരു സ്റ്റിക്കറുണ്ടായിരുന്നു. പിന്നാലെ അതും പരിശോധനയുടെ ഭാഗമായി. ഇടയ്ക്ക് എറണാകുളത്ത് നിന്ന് കൂടി ലോക്കേഷൻ കിട്ടി. ഇതോടെ അന്വേഷണ സംഘം ആ വഴിക്ക് തിരിഞ്ഞു.

കൊല്ലം ജില്ലയിലെ കുരുവിക്കോണത്ത് വെച്ച് പ്രതികൾ സഞ്ചരിച്ച വാഹനം പൊലീസ് പിന്തുടര്‍ന്ന് തടഞ്ഞിട്ടു. തുടര്‍ന്ന് ഷമീറിനെ രക്ഷിച്ചു. പ്രതികളെ കസ്റ്റഡിയിലുമെടുത്തു. 36 മണിക്കൂര്‍ നീണ്ട ഓപ്പറേഷനിലൂടെയാണ് തട്ടിക്കൊണ്ടുപോകൽ പൊളിക്കാനായതെന്ന് മലപ്പുറം എസ്പി ആര്‍ വിശ്വനാഥ് പറഞ്ഞു. തമിഴ്നാട് വിടാനായിരുന്നു പ്രതികളുടെ ഒരുക്കം. അതിനെ മുമ്പ് പിടിക്കാൻ കഴിഞ്ഞത് നേട്ടമായി. പ്രതികളിലൊരാളായ അംഷീര്‍ ഷമീറിന്‍റെ വിദേശത്തെ സ്ഥാപനത്തിലെ മുൻ ജീവനക്കാരനാണ്. ഇയാളെ ചില പ്രശ്നങ്ങളെ തുടര്‍ന്ന് പിരിച്ചുവിട്ടിരുന്നു.

ഇതിലെ വൈരാഗ്യമാണ് കിഡ്നാപ്പിങ്ങിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്. ഒപ്പം ചില സാമ്പത്തിക ഇടപാടുകൾ വിദേശത്തുണ്ട്. അതും അംഷീറും തമ്മിലെങ്ങനെ ബന്ധമെന്ന് കണ്ടെത്തേണ്ടി വരുമെന്നും കൂടുതൽ അന്വേഷണം നടത്തുമെന്നും മലപ്പുറം എസ്‍പി പറഞ്ഞു. പ്രതികളെല്ലാം ഒരാഴ്ചയായി ഫോൺ സ്വിച്ച്ഡ് ഓഫാക്കി വച്ചിരിക്കുകയാണ്. 

കിഡ്നാപ്പിന് ഉപയോഗിച്ച വാഹനം ഇടയ്ക്ക് വച്ചു മാറ്റിയത് ഉൾപ്പെടെ കൃത്യമായ പ്ലാനിങ് ഉണ്ടായിരുന്നതായി മലപ്പുറം എസ്പി വ്യക്തമാക്കി. ഷമീറിന്‍റെ വിശദമായ മൊഴിയെടുത്താലേ കൂടുതൽ വ്യക്ത വരൂ. പ്രതികളിൽ പലരും മുമ്പും ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരാണ്. ഇവര്‍ക്ക് ക്വട്ടേഷൻ വന്ന വഴി ഉൾപ്പെടെ ചോദ്യം ചെയ്യലിൽ കണ്ടെത്തണമെന്നും പൊലീസ് വ്യക്തമാക്കി. ഷമീറിന് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നും പൊലീസ് വ്യക്തമാക്കി.

YouTube video player