മലപ്പുറം എളങ്കൂറിലെ വിഷ്ണുജയുടെ ആത്മഹത്യയിൽ റിമാന്‍ഡിലുള്ള ഭര്‍ത്താവ് പ്രഭിനെതിരെ ആരോഗ്യവകുപ്പിന്‍റെ നടപടി. പ്രഭിനെ ആരോഗ്യവകുപ്പ് ജോലിയിൽ നിന്ന് സസ്പെന്‍ഡ് ചെയ്തു
മലപ്പുറം: മലപ്പുറം എളങ്കൂറിലെ വിഷ്ണുജ ആത്മഹത്യ ചെയ്ത കേസില്‍ ഭർത്താവ് പ്രഭിനെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. കേസിൽ റിമാൻഡിൽ ജയിലിലായതോടെയാണ് മഞ്ചേരി ഗവൺമെന്‍റ് മെഡിക്കൽ കോളേജില്‍ നഴ്സായ പ്രഭിനെതിരെ ആരോഗ്യ വകുപ്പ് നടപടിയെടുത്തത്. ഗാർഹിക പീഡനം, ആത്മഹത്യ പ്രേരണ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് പ്രഭിനെതിരെ പൊലീസ് കേസെടുത്തിട്ടുള്ളത്. മഞ്ചേരി സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന പ്രതിയുടെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു.
ഇതിനു പിന്നാലെയാണ് അന്വേഷണ വിധേയമായി ആരോഗ്യ വകുപ്പിന്‍റെ സസ്പെന്‍ഷൻ. പ്രഭിനെ പോലുള്ളവർ ആതുര സേവന രംഗത്ത് തുടരുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന് നേരത്തെ വിഷ്ണുജയുടെ കുടുംബവും പറഞ്ഞിരുന്നു.കഴിഞ്ഞ മാസം 30നാണ് ഭർതൃ വീട്ടിൽ വിഷ്ണുജയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നാലെ വിഷ്ണുജ ഭർത്താവിൽ നിന്ന് നേരിട്ടത് സമാനതകളിലാത്ത ക്രൂരതകളാണെന്ന വെളിപ്പെടുത്തലുമായി കുടുംബം രംഗത്തെത്തി.
ജോലിയില്ലാത്തതിന്‍റെ പേരിലും സ്ത്രീധനം കുറഞ്ഞെന്ന് പറഞ്ഞും പ്രഭിൻ വിഷ്ണുജയെ ക്രൂര പീഡനത്തിനിരയാക്കിയെന്നായിരുന്നു കുടുംബത്തിന്‍റെ പരാതി. വിഷ്ണുജയുടെ സുഹൃത്തും ഇക്കാര്യം സ്ഥിരീകരിച്ച് രംഗത്ത് വന്നിരുന്നു. പ്രഭിന്‍റെ മനസിക ശാരീരിക ആക്രമണം വിഷ്ണുജ തന്നോട് പറഞ്ഞിരുന്നതായും ഈ സുഹൃത്ത് വെളിപ്പെടുത്തിയിരുന്നു. വിഷ്ജുജയുടെ വീട്ടുകാരുടെ പരാതിയില്‍ പ്രഭിന്‍റെ കുടുംബത്തിനെതിരെയും പൊലീസ് അന്വേഷണം നടക്കുന്നുണ്ട്.
എളങ്കൂരിലെ വിഷ്ണുജയുടെ ആത്മഹത്യ: ഭർത്താവ് പ്രഭിന്റെ ജാമ്യാപേക്ഷ തള്ളി മഞ്ചേരി കോടതി
'ഫോൺ ഉൾപ്പെടെ വിലക്കി, സങ്കടം പലപ്പോഴായി വിഷ്ണുജ പങ്കുവച്ചു' വെളിപ്പെടുത്തലുമായി സുഹൃത്ത്

