തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ സ്‌റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയില്‍ നിന്ന് മലയാളം പുസ്തക വിതരണം മുടങ്ങിയിട്ട് അഞ്ച് മാസം. സ്റ്റോക്കെടുപ്പ് കഴിഞ്ഞില്ലെന്ന പേരിലാണ് ഇത്ര കാലമായി പുസ്തക വിതരണം മുടങ്ങിയത്. ഡിസംബറില്‍ പുസ്തക വിതരണം പുനരാരംഭിക്കുമെന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും എന്നു മുതല്‍ എന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്.  മറ്റ് വിഭാഗങ്ങളും സ്‌റ്റോക്കെടുപ്പിന്റെ ഭാഗമായി അടച്ചിട്ടിരുന്നുവെങ്കിലും അവയൊക്കെ ഇപ്പോള്‍ തുറന്നിട്ടുണ്ട്. എന്നാല്‍, മലയാള പുസ്തകങ്ങളുടെ വിഭാഗം തുറക്കുന്നതു മാത്രം അനിശ്ചിതമായി നീളുകയാണ്. കഴിഞ്ഞ ആഗസ്റ്റ് മാസത്തിലാണ് സ്റ്റോക്കെടുപ്പ് ആരംഭിച്ചത്. ഒരു മാസത്തിനുള്ളില്‍ തീരുമെന്നായിരുന്നു ആദ്യത്തെ അറിയിപ്പ്. എന്നാല്‍ അഞ്ചു മാസമായിട്ടും ലൈബ്രറിയില്‍നിന്നുള്ള മലയാള പുസ്തകങ്ങള്‍ വിതരണം ചെയ്യുന്നില്ല.

''കഴിഞ്ഞ അഞ്ച് മാസമായി മലയാള വിഭാഗത്തിൽ നിന്ന് പുസ്തകങ്ങളൊന്നും  ലഭിക്കുന്നില്ല. സ്റ്റോക്കെടുപ്പ് എന്നാണ് അവർ നൽകിയ വിശദീകരണം. ഒരു മാസം കൊണ്ട് തീരുമെന്നായിരുന്നു ആദ്യം പറഞ്ഞത്. പക്ഷേ ഡിസംബർ ആയിട്ടും പുസ്തകങ്ങൾ എടുക്കാൻ സാധിക്കാത്ത സാഹചര്യമാണുള്ളത്. പൊതുജനങ്ങൾ മാത്രമല്ല, ഗവേഷക വിദ്യാർത്ഥികളും ആശ്രയിക്കുന്നത് പബ്ലിക് ലൈബ്രറിയിലെ പുസ്തകങ്ങളെയാണ്. അതുകൊണ്ട് എല്ലാവർക്കും വളരെയധികം ബുദ്ധിമുട്ട് നേരിടുന്നുണ്ട്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന കൃത്യമായ വിശദീകണം നൽകാൻ വായനശാല അധികൃതർക്ക് സാധിക്കുന്നില്ല.'' സ്‌റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറി അംഗങ്ങളിലൊരാളായ താര കിഴക്കേവീട് എഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് വെളിപ്പെടുത്തുന്നു.

റഫറൻസ് പുസ്തകങ്ങളുടെ വൻശേഖരമാണ് ഇവിടെയുള്ളത്. മറ്റൊരിടത്തും ലഭിക്കാത്ത പുസ്തകങ്ങളാണിവ. ഇവ ലഭിക്കാതെ വരുന്നത് ഗവേഷക വിദ്യാർത്ഥികൾക്ക് വളരെയധികം ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്നും അംഗങ്ങൾ പരാതിപ്പെടുന്നു. ''മലയാളം പുസ്തകങ്ങളുടെ സ്റ്റോക്കെടുപ്പ് നടക്കുകയാണ്. അതുപോലെ മലയാള പുസ്തകങ്ങൾ  പുതിയ ബിൽഡിം​ഗിലേക്ക് മാറ്റാന്‍ തീരുമാനിച്ചിരിക്കുകയാണ്. എന്നാൽ വേണ്ടത്ര ഷെൽഫുകളില്ലാത്തതിനാൽ ഇപ്പോൾ പുസ്തകങ്ങൾ അവിടെ അടുക്കിവയ്ക്കാൻ സാധിക്കില്ല. ഡിസംബറോടെ പുസ്തകങ്ങൾ കൊടുക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്.'' പരാതിയെക്കുറിച്ച് സൂചിപ്പിച്ചപ്പോൾ ലൈബ്രേറിയൻ ശോഭന ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

ഇന്ത്യയിലെ തന്നെ ആദ്യത്തെ പൊതുഗ്രന്ഥശാലയാണ് 1827 ൽ സ്വാതി തിരുനാളിന്റെ ഭരണകാലത്ത് സ്ഥാപിച്ച തിരുവനന്തപുരം സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറി. 1898 ൽ ലൈബ്രറി സർക്കാരിന്റെ കീഴിലായി. ഗോഥിക് മാതൃകയിലുള്ള കെട്ടിടം നിർമ്മിച്ചത് 1900 -ലാണ്. സർക്കാർ ചുമതലയുള്ള ആദ്യഗ്രന്ഥശാല എന്നാണ് രേഖകളിൽ തിരുവനന്തപുരം സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറി അറിയപ്പെടുന്നത്.