കർണ്ണാടകയിൽ ചിക്കബെല്ലാപുരയിൽ വാഹനാപകടത്തിൽ 12 പേർ മരിച്ചു. വ്യാഴാഴ്ച പുലർച്ചെ ഏഴുമണിയോടെ ചിക്കബെല്ലാപുര ട്രാഫിക്ക് പൊലീസ് സ്റ്റേഷന്സമീപത്തായായിരുന്നു അപകടം. നിർത്തിയിട്ട ടാങ്കർ ലോറിയിലേക്ക് ടാറ്റാ സുമോ കാർ പാഞ്ഞുകയറിയാണ് അപകടം.
Malayalam News Highlights: എൻസിഇആർടി പുസ്തക വിവാദം തണുപ്പിക്കാൻ കേന്ദ്രം

പാഠപുസ്തകങ്ങളിൽ ഇന്ത്യ ഒഴിവാക്കാനുള്ള എൻസിഇആർടി നീക്കം മറികടക്കാൻ കേരളം. ഭാരതം എന്നാക്കി മാറ്റിയ പാഠപുസ്തകങ്ങൾ പഠിപ്പിക്കാതിരിക്കാൻ സാധ്യത തേടുകയാണ് സംസ്ഥാനം. ഇന്ത്യയെന്ന പേര് നിലനിർത്തി സ്വന്തം നിലയ്ക്ക് പാഠപുസ്തകം ഇറക്കുന്നതും പരിഗണനയിൽ. പേരുമാറ്റ തീരുമാനം സർക്കാരിന്റേത് അല്ലെന്ന് വിശദീകരിച്ച് വിവാദം തണുപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ ശ്രമം.

കർണാടകയിൽ വാഹനാപകടം; 3 സത്രീകളുൾപ്പടെ 12 പേർക്ക് ദാരുണാന്ത്യം
ഭാരത് വിവാദത്തിൽ സീതാറാം യെച്ചൂരി
ഭാരത് വിവാദത്തിൽ പ്രതികരിച്ച് സീതാറാം യെച്ചൂരി. ഭരണ ഘടനയിൽ ഉള്ളതാണ് കുട്ടികളെ പഠിപ്പിക്കേണ്ടത്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നീക്കം മാത്രമാണ് ഇപ്പോൾ നടത്തുന്നത്.പ്രതിപക്ഷ കൂട്ടായ്മയുടെ പേര് ഇന്ത്യ എന്നാക്കിയതും ഇപ്പോഴത്തെ നീക്കങ്ങൾക്ക് പിന്നിലുണ്ടാകാമെന്നും യെച്ചൂരി.
രാജസ്ഥാൻ കോൺഗ്രസ് അധ്യക്ഷന്റെ വസതിയിൽ ഇഡി റെയ്ഡ്, അശോക് ഗെലോട്ടിന്റെ മകനും നോട്ടീസ്
രാജസ്ഥാനിൽ കോൺഗ്രസുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ ഇഡി റെയ്ഡ്. ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ രാജസ്ഥാൻ കോൺഗ്രസ് സംസ്ഥാന അധ്യക്ഷന്റെ വസതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തുകയാണ്. പിസിസി അധ്യക്ഷൻ ഗോവിന്ദ് സിങ് ദോതാസ്റയുടെ വസതിയിലാണ് റെയ്ഡ് നടക്കുന്നത്. സ്വതന്ത്ര എംഎൽഎ ഓം പ്രകാശ് ഹുഡ്‌ലയുടെ വസതിയിലും റെയ്ഡ് പുരോഗമിക്കുകയാണ്. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ടാണ് പരിശോധന നടക്കുന്നതെന്ന് ഇഡി വ്യക്തമാക്കി. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ മകൻ വൈഭവ് ഗെഹ്ലോട്ടിനും ഇഡി സമൻസ് അയച്ചു. ഒക്ടോബർ 27 ന് ഹാജരാകണമെന്നാണ് നിർദ്ദേശം.
സോളാർ പീഡനക്കേസ്; പരാതിക്കാരി നൽകിയ ഹർജി ഫയലിൽ സ്വീകരിച്ച് ഹൈക്കോടതി
സോളാർ പീഡനക്കേസില്‍ പരാതിക്കാരി നൽകിയ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. കോൺഗ്രസ് നേതാവ് കെ സി വേണുഗോപാലിനെതിരെ തെളിവില്ലെന്ന സിബിഐ റിപ്പോർട്ട് അംഗീകരിച്ച കീഴ്ക്കോടതി ഉത്തരവിനെതിരെയാണ് പരാതിക്കാരി ഹർജി നൽകിയത്. കെ സി വേണുഗോപാലിന് കോടതി നോട്ടീസ് അയച്ചു.
വടക്കൻ ഗാസയിലേക്ക് കടന്നുകയറി ഇസ്രയേൽ ടാങ്കുകൾ
ഇസ്രയേലിന്റെ സൈനിക ടാങ്കുകൾ വടക്കൻ ഗാസയിലേക്ക് കടന്നുകയറി. ഇന്നലെ രാത്രിയാണ് നിരവധി യുദ്ധ ടാങ്കുകൾ ഗാസ അതിർത്തിയിൽ കയറി ഹമാസ് കേന്ദ്രങ്ങൾ ആക്രമിച്ച് തിരിച്ചെത്തിയതെന്ന് ഇസ്രയേൽ പറയുന്നു. വ്യോമാക്രമണം നടത്തി വന്ന ഇസ്രയേൽ കഴിഞ്ഞ ദിവസങ്ങളിൽ കരമാർഗ്ഗം ആക്രമണം നടത്തുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ഗാസയില്‍ കരയുദ്ധത്തിന് തയ്യാറെടുക്കുകയാണെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ഇന്നലെ ഇസ്രയേൽ ജനതയോട് പറഞ്ഞിരുന്നു.
സർചാർജ് പിൻവലിക്കില്ല: വൈദ്യുതി നിരക്കിൽ യൂണിറ്റിന് 19 പൈസ അധികം ഈടാക്കുന്നത് തുടരും
സംസ്ഥാനത്ത് കെഎസ്ഇബി വൈദ്യുതിക്ക് ഈടാക്കി വന്നിരുന്ന സർചാർജ് അടുത്ത മാസവും തുടരാൻ തീരുമാനം. വൈദ്യുതി നിരക്ക് കുത്തനെ ഉയർത്തുന്നതിന് പകരമാണ് സർചാർജ് ഏർപ്പെടുത്തിയത്. ഏപ്രിൽ മാസത്തിൽ യൂണിറ്റിന് 9 പൈസ സർചാർജ് ഈടാക്കിയാണ് കെഎസ്ഇബി വരുമാന നഷ്ടം നികത്താൻ ശ്രമം തുടങ്ങിയത്. പിന്നീടിത് 19 പൈസയാക്കി ഉയർത്തുകയായിരുന്നു.
കാസർകോട് എംഎൽഎയെ പറ്റിച്ച് തട്ടിപ്പ് സംഘം
കാസര്‍കോട് എംഎല്‍എ എന്‍എ നെല്ലിക്കുന്നിനെ പറ്റിച്ച് ഓണ്‍ലൈന്‍ തട്ടിപ്പ് സംഘം. പണം തട്ടിയത് ഓര്‍ഡര്‍ ചെയ്യാത്ത ഗുണനിലവാരം കുറഞ്ഞ ബെഡ് കവര്‍ എംഎൽഎയുടെ വീട്ടിലേക്ക് അയച്ച്. സംഭവത്തിൽ ജില്ലാ പൊലീസ് മേധാവിക്ക് എംഎല്‍എ പരാതി നല്‍കി.
മലപ്പുറത്ത് ഈ മാസം 18 പേർക്ക് കുഷ്ഠരോഗം സ്ഥിരീകരിച്ചതായി ജില്ല മെഡിക്കൽ ഓഫീസർ
മലപ്പുറത്ത് ഈ മാസം 18 പേർക്ക് കുഷ്ഠരോഗം സ്ഥിരീകരിച്ചതായി ജില്ല മെഡിക്കൽ ഓഫീസർ.രോഗബാധ സ്ഥിരീകരിച്ചത്, മൂന്ന് കുട്ടികൾക്കും 15 മുതിർന്നവർക്കും. ഈ വർഷം ഒമ്പത് കുട്ടികളും 38 മുതിർന്ന വ്യക്തികളും രോഗബാധിതരായി. എല്ലാവരും ചികിത്സയിലാണെന്നും ആശങ്ക വേണ്ടെന്നും ആരോഗ്യവകുപ്പ്.
പത്തനംതിട്ട നെടുമണ്ണിലെ മധ്യവസ്കന്‍റെ കൊലപാതകത്തിൽ സഹോദരനും സുഹൃത്തും അറസ്റ്റിൽ
പത്തനംതിട്ട നെടുമണ്ണിലെ മധ്യവസ്കന്‍റെ കൊലപാതകത്തിൽ സഹോദരനും സുഹൃത്തും അറസ്റ്റിൽ. മദ്യലഹരിയിൽ ഇവരുടെ മർദ്ദനത്തെ തുടർന്നാണ് അനീഷ് ദത്തൻ മരിച്ചതെന്ന് വ്യക്തമായതോടെയാണ് അറസ്റ്റു ചെയ്തത്. ചൊവ്വാഴ്ച പുലർച്ചെയാണ് 52 കാരൻ അനീഷ് ദത്തനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അനീഷും സഹോദരൻ മനോജും സഹൃത്ത് ബിനു മദ്യപിച്ച് വഴക്കും അടിപടിയും ഉണ്ടായെന്ന് അമ്മ മൊഴി നൽകിയിരുന്നു. ഇതേതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം തെളിഞ്ഞത്. പോസ്റ്റ്മോർട്ടത്തിൽ തലയ്ക്ക് പിന്നിലേറ്റ ക്ഷതമാണ് മരണകാരമെന്ന് വ്യക്തമായി. മദ്യപിച്ച ശേഷം അനീഷ് ദത്തനെ, മനോജും ബിനുവും ചേർന്ന് മർദ്ദിച്ചതായി പൊലീസ് പറയുന്നു. ഹൃദ്രോഗിയാണ് മരിച്ച അനീഷ്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
സംഗീത് സജിയുടെ ദുരൂഹമരണത്തിൽ അന്വേഷണം ഊർജ്ജിതമാക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടർക്കും എസ്പിക്കും കുടുംബത്തിന്റെ പരാതി
പത്തനംതിട്ട വടശ്ശേരിക്കരയിലെ സംഗീത് സജിയുടെ ദുരൂഹമരണത്തിൽ അന്വേഷണം ഊർജ്ജിതമാക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടർക്കും എസ്പിക്കും കുടുംബം പരാതി നൽകി. ശാസ്ത്രീയ പരിശോധനയുടെ ഭാഗമായി പോസ്റ്റ്മോർട്ടം നടത്തിയ കോട്ടയം മെഡിക്കൽ കോളേജിലെ പൊലീസ് സർജ്ജൻ നേരിട്ടെത്തി സംഗീതിനെ കാണാതായ സ്ഥലത്ത് പരിശോധന നടത്തി.
നിപ ഭീതിയൊഴിഞ്ഞിട്ടും കരിപ്പൂർ വിമാനത്താവളം വഴിയുളള പച്ചക്കറി കയറ്റുമതിക്കുള്ള നിയന്ത്രണം നീക്കിയില്ല
നിപ ഭീതിയൊഴിഞ്ഞിട്ടും കരിപ്പൂർ വിമാനത്താവളം വഴിയുളള പച്ചക്കറി കയറ്റുമതിക്കുള്ള നിയന്ത്രണം നീക്കിയില്ല. നോ നിപ സർട്ടിഫിക്കറ്റ് അനുവദിക്കാതെ ആരോഗ്യവകുപ്പ്. പച്ചക്കറി കയറ്റുമതിക്ക് മറ്റ് വിമാനത്താവളങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയിൽ വ്യാപാരികൾ.
നെല്ല് സംഭരണത്തിലെ പാളിച്ചയിൽ മന്ത്രി കെ കൃഷ്ണൻകുട്ടിക്കെതിരെ സിപിഎം അനുകൂല കർഷക സംഘടന
നെല്ല് സംഭരണത്തിലെ പാളിച്ചയിൽ മന്ത്രി കെ കൃഷ്ണൻകുട്ടിക്കെതിരെ സിപിഎം അനുകൂല കർഷക സംഘടന. 100 കിലോ നെല്ലിന് 68 ശതമാനം അരി കിട്ടുമെന്ന മന്ത്രിയുടെ നിലപാട് ബുദ്ധിമുട്ടിലാക്കുന്നത് കർഷകരെയാണെന്നും വിമർശനം.
നെല്ല് സംഭരണം സഹകരണ സംഘങ്ങളെ എൽപിക്കാൻ സർക്കാർ
നെല്ല് സംഭരണം സഹകരണ സംഘങ്ങളെ എൽപിക്കാൻ സർക്കാർ.സംഭരിച്ച നെല്ല് മില്ലുകളിൽ കുത്തി അരിയാക്കി സപ്ലൈകോയ്ക്ക് കൈമാറും.സഹകരണ സംഘവും സപ്ലൈകോയും ചേർന്നുള്ള പുതിയ പദ്ധതി മന്ത്രിസഭ തത്വത്തിൽ അംഗീകരിച്ചു. സംഭരിക്കുന്ന നെല്ലിന്റെ വില സംഘങ്ങൾ ഉടൻ തന്നെ കർഷകർക്ക് നൽകും. സംഘങ്ങൾ മില്ലുകൾ വാടകക്ക് എടുത്താകും നെല്ല് അരിയാക്കുക. അരിയുടെ വില സപ്ലൈകോപിന്നീട് സംഘങ്ങൾക്ക് കൈമാറും.പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പാക്കാൻ ആണ് ധാരണ. സംഘങ്ങൾ സജീവമല്ലാത്ത സ്ഥലങ്ങളിൽ സപ്ളൈകോ തന്നെ സംഭരണം നടത്തും. അന്തിമ തീരുമാനത്തിനായി ഇന്ന് മന്ത്രിസഭാ ഉപസമിതി ചേരും
മലയാളി മാധ്യമപ്രവർത്തക സൗമ്യ വിശ്വനാഥൻ്റെ കൊലപാതക കേസിൽ പ്രതികളുടെ ശിക്ഷ വിധിയിൻമേലുളള വാദം ഇന്ന്
മലയാളി മാധ്യമപ്രവർത്തക സൗമ്യ വിശ്വനാഥൻ്റെ കൊലപാതക കേസിൽ പ്രതികളുടെ ശിക്ഷ വിധിയിൻമേലുളള വാദം ഇന്ന് നടക്കും. ദില്ലി സാകേത് വിചാരണ കോടതിയാണ് കേസ് പരിഗണിക്കുക. കേസിൽ അഞ്ച് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വിധിച്ചിരുന്നു. 2008 ലാണ് ഹെഡ് ലൈൻസ് ടുഡെ ചാനലിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ സൗമ്യ വിശ്വനാഥനെ കവർച്ച സംഘം വെടിവെച്ച് കൊലപ്പെടുത്തിയത്. കേസിലെ അഞ്ച് പ്രതികളിൽ ഒരാൾ ഒഴികെയുള്ളവർക്ക് കൊലക്കുറ്റം കോടതി ശരിവച്ചിരുന്നു. അഞ്ച് പേർക്കെതിരെയും മക്കോക്ക നിലനിലനിൽക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്
സ്കൂൾ ഉച്ചഭക്ഷണ പദ്ധതി കുടിശ്ശികയുമായി ബന്ധപ്പെട്ട ഹർജികൾഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
സ്കൂൾ ഉച്ചഭക്ഷണ പദ്ധതി കുടിശ്ശികയുമായി ബന്ധപ്പെട്ട ഹർജികൾഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പദ്ധതി നടപ്പാക്കിയതിലൂടെ പ്രധാനാധ്യാപകർക്ക് ലഭിക്കാനുള്ള ലക്ഷങ്ങളുടെ കുടിശിക ഉടൻ നൽകണമെന്നും തുക മുൻകൂർ നൽകണമെന്നുമാവശ്യപ്പെട്ടുള്ള ഹർജികളാണ് ഹൈക്കോടതിയുടെ പരിഗണിക്കുക. അധ്യാപക സംഘടനയായ കെ.പി.എസ്.ടി.എ അടക്കമുള്ള സംഘടനകളാണ് കോടതിയെ സമീപിച്ചത്. നിലവിൽ നിശ്ചയിച്ചിട്ടുള്ള തുകയിൽ കൂടുതൽ ചെലവ് വന്നാൽ ആര് വഹിക്കുമെന്നതിൽ വിശദീകരണം നൽകാൻ സർക്കാരിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രഫണ്ട് ലഭിക്കാത്തതാണ് കുടിശ്ശിക വരാൻ കാരണമെന്നായിരുന്നു നേരത്തെ സർക്കാർ അറിയിച്ചത്. എന്നാൽ സംസ്ഥാന സർക്കാരിന് ഒഴിഞ്ഞു മാറാനാകില്ലെന്ന് നിലപാടെടുത്ത കോടതി കുടിശികയ്ക്ക് പലിശ അടക്കം നൽകേണ്ടി വരുമെന്നും വാക്കാൽ മുന്നറിയിപ്പ് നൽകിയിരുന്നു
ഇന്ത്യയുടെ പേര് 'ഭാരതം' എന്നാക്കി മാറ്റുന്നതിനെ കർണാടക സർക്കാർ അനുകൂലിക്കില്ലെന്ന് ഡി കെ ശിവകുമാർ
ഇന്ത്യയുടെ പേര് 'ഭാരതം' എന്നാക്കി മാറ്റുന്നതിനെ കർണാടക സർക്കാർ അനുകൂലിക്കില്ലെന്ന് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. എൻസിആർടിയെ ഉപയോഗിച്ച് ചരിത്രം മാറ്റി എഴുതാൻ ആണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. ഇന്ത്യാ വിരുദ്ധ, ജന വിരുദ്ധ നിലപാട് എടുത്ത ഈ സർക്കാരിന്റെ തീരുമാനങ്ങൾ ജനം അംഗീകരിക്കില്ലെന്നും ഡി കെ ശിവകുമാർ.
സിപിഎം പൊളിറ്റ്ബ്യൂറോ യോഗം ഇന്ന് ദില്ലിയില്‍ ചേരും
സിപിഎം പൊളിറ്റ്ബ്യൂറോ യോഗം ഇന്ന് ദില്ലിയില്‍ ചേരും. നാളെ തുടങ്ങുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിന് മുന്നോടിയായാണ് പിബി ചേരുന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് സംബന്ധിച്ച് യോഗം ചർച്ച ചെയ്യും. സീറ്റ് ധാരണകള്‍ അടക്കമുള്ള വിഷയങ്ങളും ചർച്ചക്ക് വന്നേക്കും.
നാളെ നടക്കുന്ന കേന്ദ്ര കമ്മിറ്റി യോഗത്തില്‍ ഇന്ത്യ സഖ്യത്തിന്‍റെ ഏകോപന സമിതിയില്‍ അംഗമാകേണ്ടെന്ന പിബി തീരുമാനം റിപ്പോര്‍ട്ട് ചെയ്യും. മൂന്ന് ദിവസത്തേക്ക് ചേരുന്ന കേന്ദ്ര കമ്മിറ്റി യോഗത്തില്‍ ഇത് അടക്കമുള്ള വിഷയത്തില്‍ വിശദമായ ചർച്ച നടക്കും. ഏകോപന സമിതിയിൽ അംഗമാകേണ്ടന്ന തീരുമാനത്തിന് പിന്നാലെ കോൺഗ്രസ് ഉൾപ്പെടെ ഉയർത്തിയ വിമർശനങ്ങളും പിബി, സിസി യോഗത്തിൽ ചർച്ചയാകാൻ ഇടയുണ്ട്
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. മലയോര മേഖലകളിലാണ് കൂടുതൽ മഴ കിട്ടിയേക്കും. ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ലെങ്കിലും കഴിഞ്ഞ ദിവസങ്ങളിലേതിന് സമാനമായി ഉച്ചയ്ക്ക് ശേഷം ഇടിയോട് കൂടി മഴ കിട്ടിയേക്കും. ഇടിമിന്നൽ ജാഗ്രത കർശനമായി പാലിക്കണം. കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കില്ല. എന്നാൽ ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ട്
ഗാസയില്‍ കരയുദ്ധത്തിന് തയ്യാറെടുക്കുകയാണെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു
ഗാസയില്‍ കരയുദ്ധത്തിന് തയ്യാറെടുക്കുകയാണെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. നടപടി എപ്പോള്‍, എങ്ങനെ ആയിരിക്കുമെന്ന് വെവെളിപ്പെടുത്താൻ നെതന്യാഹു തയ്യാറായില്ല. കരയുദ്ധം തുടങ്ങാൻ വൈകുന്നത് അമേരിക്കയുടെ ആവശ്യപ്രകാരമാണെന്നാണ് റിപ്പോര്‍ട്ട്. ഗാസയിലെ ഇസ്രയേൽ ആക്രമണത്തില്‍ മരണം 6600 ആയി. 24 മണിക്കൂറിനിടെ 756 പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ 344 കുട്ടികളും ഉള്‍പ്പെടുന്നു.
വിഴിഞ്ഞം തുറമുഖത്ത് എത്തിയ ആദ്യ കപ്പൽ ഇന്ന് മടങ്ങും
വിഴിഞ്ഞം തുറമുഖത്ത് എത്തിയ ആദ്യ കപ്പൽ ഇന്ന് മടങ്ങും. ഷെൻഹുവ 15 ഉച്ചയോടെ ചൈനയിലേക്ക് തിരിക്കും. രണ്ടാം കപ്പല്‍ ഷെൻഹുവ 29 അടുത്തമാസം ചൈനയില്‍ നിന്നെത്തും.