08:36 AM (IST) Aug 19

ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ ബയോമൈനിംഗ് കരാറിൽ അന്തിമ തീരുമാനമായില്ല

ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ ബയോമൈനിംഗ് കരാറിൽ തീരുമാനമായില്ല. കരാർ യോഗ്യത നേടിയ കമ്പനിയുടെ നടത്തിപ്പ് കോർപ്പറേഷൻ പ്രതിനിധി സംഘം നേരിട്ട് കണ്ട് പരിശോധിച്ച ശേഷമാകും അന്തിമതീരുമാനം. ഉയർന്ന മാലിന്യ സംസ്കരണ നിരക്ക് പ്രതിപക്ഷം ചോദ്യം ചെയ്തതോടെയാണ് പുനെയിലെ പ്ലാന്‍റ് സന്ദർശിച്ച് വ്യക്തത വരുത്താനുള്ള തീരുമാനം. 

08:35 AM (IST) Aug 19

കാർഗിൽ സ്ഫോടനം: പൊട്ടാതെ കിടന്ന ഷെൽ പൊട്ടിത്തെറിച്ചെന്ന് നിഗമനം, വിശദമായ അന്വേഷണത്തിന് പൊലീസ്

ജമ്മുകശ്മീരിൽ ദ്രാസിലെ ആക്രിക്കടയിലുണ്ടായ സ്ഫോടനത്തിന് പിന്നിൽ ദുരൂഹതയുണ്ടോ എന്ന് കണ്ടെത്താൻ വിശദമായ അന്വേഷണം. ആക്രി കടയിലെ പൊട്ടാതെ കിടന്നിരുന്ന ഷെല്ലാണ് സ്ഫോടനത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഷെല്ലിന്റെതെന്ന് കരുതുന്ന മെറ്റൽ ഭാഗം കണ്ടെടുത്തതായി കാർഗിൽ എസ് എസ് പി വിശദീകരിച്ചു. ഇന്നലെ വൈകിട്ടുണ്ടായ സ്ഫോടനത്തിൽ ഒരു കുട്ടി ഉൾപ്പെടെ മൂന്നുപേരാണ് മരിച്ചത്. പരിക്കേറ്റ 9 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ മേഖലയിൽ പൊലീസ് സുരക്ഷാ വർദ്ധിപ്പിച്ചിട്ടുണ്ട്. 

08:34 AM (IST) Aug 19

മാത്യു കുഴൽനാടന്റെ ഭൂമിയിലെ പരിശോധന, സർവേ റിപ്പോർട്ട് തിങ്കളാഴ്ച നൽകും

മാത്യു കുഴൽനാടൻ എംഎൽഎയുടെ കുടുംബ വീട് അടങ്ങുന്ന ഭൂമിയിൽ പരിശോധന പൂർത്തിയാക്കിയ താലൂക്ക് സർവേ വിഭാഗം തിങ്കളാഴ്ചയോടെ തഹസിൽദാർക്ക് റിപ്പോർട്ട് നൽകും. അളന്ന് തിട്ടപ്പെടുത്തിയ ഭൂമിയിൽ നിലം ഉൾപ്പെടുന്നുണ്ടോ, ഉണ്ടെങ്കിൽ അവിടം മണ്ണിട്ട് നികത്തിയോ എന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുക

08:33 AM (IST) Aug 19

സപ്ലൈകോ, കൺസ്യൂമർ ഫെഡ് ഓണച്ചന്തകൾ ഇന്ന് മുതൽ

രൂക്ഷമായ പ്രതിസന്ധിക്കിടെ സപ്ലൈകോ, കൺസ്യൂമർ ഫെഡ് ഓണച്ചന്തകൾ ഇന്ന് മുതൽ. താലൂക്ക് തല ഫെയറുകൾ 23 മുതൽ 28 വരെ. സബ്സിഡി സാധനങ്ങൾക്ക് പുറമെ 40 ശതമാനം വരെ വിലക്കുറവിൽ പച്ചക്കറികളും ലഭ്യമാക്കുമെന്ന് അധികൃതർ