കൊച്ചി: ഇതര സംസ്ഥാന തൊഴിലാളികളുമായി പോയി പശ്ചിമ ബംഗാളിൽ കുടുങ്ങിയ ബസ് തൊഴിലാളികൾക്ക് ദുരിത ജീവിതം.  ബസ്സുമായി തൊഴിലാളികൾ പെരുവഴിയിലാണ്. ബംഗാളിലും അസമിലുമായി 495 സ്വകാര്യ ടൂറിസ്റ്റ് ബസ്സുകളാണ് കുടുങ്ങിക്കിടക്കുന്നത്.

ബസ് ഏർപ്പാടാക്കിയ ഏജന്റുമാർ ഫോൺ ഓഫ് ചെയ്ത് മുങ്ങിയെന്ന് ബസ് തൊഴിലാളികൾ പറയുന്നു. ഭക്ഷണത്തിനോ, തിരിച്ച് വരാനുള്ള ഇന്ധനത്തിനോ പണമില്ല. ഇന്നലെ മരിച്ച നജീബിന് കൃത്യ സമയത്ത് ചികിത്സ ലഭ്യമാക്കാനായില്ല. അടിയന്തരമായി നാട്ടിലെത്തിക്കാൻ നടപടി വേണമെന്നും ബസ് തൊഴിലാളികൾ പറയുന്നു. ബസ് മുതലാളിമാർ അക്കൗണ്ടിലിട്ടു കൊടുക്കുന്ന പണം കൊണ്ടാണ് ഈ തൊഴിലാളികൾ ഇപ്പോൾ ഭക്ഷണം കഴിക്കുന്നത്. ഏജന്റുമാർ പണം നൽകാത്തതു കൊണ്ട് മുതലാളിമാർക്കും സഹായിക്കുന്നതിന് പരിധിയില്ലേ എന്നാണ് തൊഴിലാളികളുടെ ചോദ്യം. 

ബംഗാളിലേക്ക് അതിഥി തൊഴിലാളികളുമായി പോയ ജയ് ഗുരു ബസിന്‍റെ ഡ്രൈവറായ തൃശ്ശൂർ സ്വദേശി നജീബ് ഇന്നലെയാണ് കുഴഞ്ഞുവീണ് മരിച്ചത്.  ഏജന്‍റുമാർ വ‌ഞ്ചിച്ചതിനെ തുടർന്ന് കേരളത്തിലേക്ക് മടങ്ങാനാകാതെ 40 ദിവസമായി അസം-ബംഗാൾ ബോർഡറായ അലീപൂരിൽ കുടുങ്ങിക്കിടക്കുകയായിരുന്നു നജീബ്. പെരുമ്പാവൂരിൽ നിന്ന് ഒരുമാസം മുൻപായിരുന്നു നജീബ് അതിഥി തൊഴിലാളികളുമായി പോയത്. തിരിച്ച് വരാനുള്ള തൊഴിലാളികളെ ലഭിക്കാതെ വന്നതോടെ ബസ്സുകൾ ബംഗാളിൽ തന്നെ തുടരുകയായിരുന്നു. 

തൊഴിലാളികളെ എത്തിക്കാമെന്ന് ഉറപ്പ് നൽകിയ ഏജന്‍റുമാരും കൈമലർത്തിയപ്പോൾ നജീബ് അടക്കം കേരളത്തിൽ നിന്ന് പോയ 500 ലേറെ ബസ്സുകളുടെ മടക്കമാണ് പ്രതിസന്ധിയിലായത്. അസം, ബംഗാൾ,ഒഡീഷ അട്ടകമുള്ള സ്ഥലങ്ങളിൽ കേരളത്തിൽ നിന്നുള്ള സ്വകാര്യ ടൂറിസ്റ്റ് ബസ്സുകൾ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവരുടെ കാര്യത്തിൽ അടിയന്തര ഇടപെടൽ വേണമെന്നാണ് സ്വകാര്യ ടൂറിസ്റ്റ് ബസ്സുടമകളുടെ സംഘടന ആവശ്യപ്പെട്ടിരുന്നു. ഇതര സംസ്ഥാനത്ത് പോയി മടങ്ങാനുള്ള പർമിറ്റ് അവസാനിച്ച് ബസ്സുകളെ സ്പെഷ്യൽ പെർമീറ്റും ടാക്സിൽ ഇളവും നൽകി സർക്കാർ തിരിച്ച് എത്തിക്കാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ, അമ്പതിനായിരം രൂപ മുതൽ ഇന്ധന ചെലവ് വരുമെന്നത് കൊണ്ട് ബസുടമകൾ വാഹനം തിരിച്ച് കൊണ്ടുവരാൻ തയ്യാറായിരുന്നില്ല.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona