കുവൈത്ത് ബാങ്കിലാണ് മലയാളികൾ വീണ്ടും തട്ടിപ്പ് നടത്തിയതായി പരാതി ഉയർന്നിരിക്കുന്നത്. 25 ലക്ഷം മുതൽ രണ്ടുകോടി വരെ ലോണെടുത്തവരാണ് അധികവും. കൂടുതൽ കേസുകളും കോട്ടയം ജില്ലയിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നാണ് വിവരം

കൊച്ചി: മലയാളികൾ വീണ്ടും ലോണെടുത്ത് കുവൈറ്റ് ബാങ്കിനെ പറ്റിച്ചതായി പരാതി. കുവൈറ്റിലെ അൽ അഹ് ലി ബാങ്ക് സംസ്ഥാന ‍ഡിജിപിക്ക് നൽകിയ പരാതിയിൽ 12 കേസുകൾ രജിസ്റ്റർ ചെയ്തു. മലയാളികൾ ഉൾപ്പെടെ 806 പേർ 210 കോടിയോളം രൂപയുമായി ലോണെടുത്ത് മുങ്ങിയെന്നാണ് ആരോപണം. എന്നാൽ കൊവിഡിന് പിന്നാലെയുണ്ടായ സാമ്പത്തിക പ്രതിസന്ധിയിലാണ് കുവൈറ്റ് വിടേണ്ടിവന്നതെന്നാണ് ലോണെടുത്തവർ നൽകുന്ന വിശദീകരണം. 

മലയാളികൾ കൂട്ടത്തോടെ ഗൾഫ് ബാങ്ക് ഓഫ് കുവൈറ്റിനെ പറ്റിച്ചെന്ന പരാതികൾക്കിടെയാണ് അൽ അഹ് ലി ബാങ്കും സമാന പരാതിയുമായി സംസ്ഥാന ഡിജിപിയുടെ അടുത്തെത്തിയത്. ബാങ്കിന്‍റെ സിഒഒ മുഹമ്മദ് അൽ ഖട്ടൻ നൽകിയ പരാതിയിലാണ് കോട്ടയത്തും എറണാകുളത്തുമുളള 12 പേർക്കെതിരെ കേസെടുത്തത്. 2020–23 കാലഘട്ടത്തിൽ കുവൈറ്റിൽ ജോലിക്കെത്തിയ ഇവർ 10 കോടി 33 ലക്ഷം രൂപ ലോണെടുത്ത് മുങ്ങിയെന്നാണ് ആരോപണം. തുടർന്നാണ് കോട്ടയത്തെയും എറണാകുളത്തെയും വിവിധ പൊലീസ് സ്റ്റേഷനുകളിലായി സാമ്പത്തിക തട്ടിപ്പിനും വ‌ഞ്ചനയ്ക്കും ഗൂഡാലോചന്ക്കും കേസെടുത്തത്. ബാങ്കിനെ കബളിപ്പിക്കണമെന്ന ഉദ്ദേശത്തോടെ ലോണെടുത്ത് മുങ്ങിയെന്നാണ് പരാതി. സംസ്ഥാനത്തേക്ക് മടങ്ങിയെത്തിയ പലരും പിന്നീട് അമേരിക്കയിലേക്കും ഓസ്ട്രേലിയയിലേക്കും അടക്കം കുടിയേറി. 

എന്നാൽ കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയിലാണ് പലർക്കും രാജ്യം വിടേണ്ടിവന്നതെന്നാണ് കേസിൽ പ്രതികളായവരും കുടുംബാംഗങ്ങളും പറയുന്നത്. നഴ്സിങ് ജോലിയ്ക്കിടെ പലരും ബിസിനസ് സംരംഭങ്ങളും തുടങ്ങിയിരുന്നു. ഗൾഫ് ബാങ്ക് ഓഫ് കുവൈറ്റ് നൽകിയ പരാതിയിൽ സംസ്ഥാനത്തെ നൂറുകണക്കിനാളുകൾക്കെതിരെ ക്രൈംബ്രാഞ്ച അന്വേഷണം തുടരുന്നതിനിടെയാണ് അൽ അഹ് ലി ബാങ്ക് കൂടി സമാന പരാതിയുമായി എത്തിയിരിക്കുന്നത്.

YouTube video player