മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് നിയമസഭയിൽ മുഖ്യമന്ത്രി നടത്തിയ പ്രസ്താവന പൂർണ്ണമായും തള്ളി താമസക്കാർ രംഗത്ത്. പുനരധിവാസത്തിന് ഉറപ്പ് നൽകിയിട്ടില്ലെന്നും നിലവിലെ സ്ഥലത്തുനിന്ന് ഒരിഞ്ചുപോലും മാറില്ലെന്നും അവർ വ്യക്തമാക്കി. ഭൂമി അളന്നു തിട്ടപ്പെടുത്തണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നതായും പ്രദേശവാസികൾ അറിയിച്ചു
കൊച്ചി: എറണാകുളം മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ നിയമസഭയിൽ പറഞ്ഞ കാര്യങ്ങൾ പൂർണ്ണമായും തള്ളി പാര്യത്തുകാവിലെ താമസക്കാർ രംഗത്ത്. നിലവിൽ താമസിക്കുന്ന സ്ഥലത്തുനിന്ന് മാറുന്ന കാര്യത്തിൽ തങ്ങൾ സർക്കാരിന് ഒരുതരത്തിലുള്ള ഉറപ്പും നൽകിയിട്ടില്ലെന്ന് പ്രദേശവാസികൾ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. കുടിയൊഴിപ്പിക്കപ്പെടുന്നവരെ മറ്റൊരു സ്ഥലത്തേക്ക് പുനരധിവസിപ്പിക്കാൻ ധാരണയായെന്നാണ് രാവിലെ നിയമസഭയിൽ മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ ഈ വിഷയത്തിൽ ജനങ്ങളുമായി യാതൊരുവിധ ധാരണയും ഉണ്ടാക്കിയിട്ടില്ലെന്നും മുഖ്യമന്ത്രി എന്തുകൊണ്ടാണ് നിയമസഭയിൽ ഇങ്ങനെ പറഞ്ഞതെന്ന് അറിയില്ലെന്നും നാട്ടുകാർ കുറ്റപ്പെടുത്തി. പ്രദേശത്ത് കൃത്യമായി സർവ്വേ നടത്തി ഭൂമി അളന്നു തിട്ടപ്പെടുത്തണമെന്ന തങ്ങളുടെ മുൻ നിലപാടിൽ ഉറച്ചുനിൽക്കുകയാണെന്ന് പാര്യത്തുകാവിലെ താമസക്കാർ അറിയിച്ചു. ഇപ്പോൾ താമസിക്കുന്ന സ്ഥലത്ത് നിന്ന് ഒരു കാരണവശാലും ഇറങ്ങില്ലെന്നാണ് ഇവർ ഒന്നടങ്കം വ്യക്തമാക്കി. കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്ന കുടുംബങ്ങൾ സർക്കാരിനെതിരെ പരസ്യമായി രംഗത്തെത്തിയതോടെ മലയിടംതുരുത്തിലെ ഭൂമി തർക്കം വരുംദിവസങ്ങളിൽ കൂടുതൽ ശക്തമായ പ്രതിഷേധങ്ങളിലേക്ക് വഴിമാറുമോ എന്നതാണ് കണ്ടറിയേണ്ടത്.

