പത്തനംതിട്ട: മാര്‍ത്തോമ സഭ വലിയ മെത്രാപൊലീത്ത ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റത്തിന്റെ ഡ്രൈവര്‍ എബി സഭാ അധ്യക്ഷനെഴുതിയ കത്ത് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. മാര്‍ ക്രിസോസ്റ്റത്തിന്റെ ഡ്രൈവര്‍ സ്ഥാനത്തുനിന്ന് എബിയെ മാറ്റിയതിനെ തുടര്‍ന്നാണ് കത്തെഴുതിയത്. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റത്തിനൊപ്പം കഴിയാന്‍ അനുവദിക്കണമെന്നാണ് കത്തിലെ ആവശ്യം.

അനാരോഗ്യം മൂലം ക്രിസോസ്റ്റത്തിന് യാത്ര ചെയ്യാന്‍ കഴിയാത്തതുകൊണ്ടാണ് സഭ ഡ്രൈവറെ വേണ്ടെന്ന് വച്ചത്. ഈ മാസം 13നാണ് സഭാ ആസ്ഥാനത്ത് നിന്ന് എബിയെ പിരിച്ചുവിട്ടു എന്ന് കാട്ടി കത്തയച്ചത്. നിയമ പ്രകാരമുള്ള പ്രൊവിഡന്റ് ഫണ്ടും നല്‍കി. എന്നാല്‍ 14 വര്‍ഷമായി കൂടെയുള്ള തന്നെ ക്രിസോസ്റ്റത്തിനൊപ്പം തുടരാന്‍ അനുവധിക്കണമെന്നാണ് ഡ്രൈവറായിരുന്ന എബിയുടെ ആവശ്യം. തിരുമേനിയുടെ അടുത്ത് നിന്ന് മാറി നില്‍ക്കാന്‍ കഴിയില്ലെന്നാണ് മാര്‍ത്തോമ മെത്രാപൊലീത്തക്ക് നല്‍കിയ കത്തില്‍ പറയുന്നത്. 

ക്രിസോസ്റ്റത്തിന്റെ കാര്യങ്ങള്‍ ഉത്തരവാധിത്തത്തോടെ മാറ്റാരു നോക്കില്ല. പ്രതിഫലം കൂടാതെ തിരുമേനിയെ ശുശ്രൂഷിക്കാന്‍ തയ്യാറാണെന്നും എബി പറയുന്നത്. എബി പോയതിന് ശേഷം ക്രിസോസ്റ്റത്തിന് ഭക്ഷണം നല്‍കുന്നതില്‍ പോലും അലഭാവം ഉണ്ടായെന്നും കത്തില്‍ സൂചിപ്പിക്കുന്നു. തെളിവായി ചില ചിത്രങ്ങളും കത്തിനൊപ്പമുണ്ട്. കത്ത് ചര്‍ച്ചയായതോടെ പരസ്യ പ്രതികരണത്തിനില്ലെന്നാണ് എബിയുടെ നിലപാട്.

അതേസമയം മര്‍ത്തോമസഭ വലിയ മെത്രാപ്പോലീത്തയുടെ പരിചരണം സംബന്ധിച്ച സോഷ്യല്‍ മീഡിയ പ്രചാരണം അടിസ്ഥാന രഹിതമെന്ന് സഭാ നേതൃത്വവും ആശുപത്രി അധികൃതരും വ്യക്തമാക്കി. ജോലിയില്‍ നിന്ന് നീക്കം ചെയ്ത, തീരുമേനിയുടെ വാഹന ഡ്രൈവറായിരുന്ന ആളാണ് പ്രചാരണത്തിനു പിന്നില്‍. 

മനുഷ്യ സാധ്യമായ മികച്ച പരിചരണമാണ് ആശുപത്രി മുറിയില്‍ ഉറപ്പാക്കിയിട്ടുളളതെന്നും നേതൃത്വം വിശദീകരിച്ചു. അതേസമയം, അടിസ്ഥാന രഹിതമായ വിവരങ്ങള്‍ പ്രചരിപ്പിച്ച ആള്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് കുമ്പനാട് ഫെലോഷിപ്പ് ആശുപത്രി അഡ്മിനിസ്‌ട്രേറ്റര്‍ ജില്ലാ പൊലീസ് സൂപ്രണ്ടിനു പരാതി നല്‍കി.