Asianet News MalayalamAsianet News Malayalam

വൃക്കകള്‍ തകരാറില്‍, കടുത്ത ന്യുമോണിയ; കൊവിഡ് ബാധിതനായ മാഹി സ്വദേശിയുടെ നില അതീവ ഗുരുതരം

രോഗം സ്ഥിരീകരിക്കുന്നതിന് മുമ്പ് കണ്ണൂരിലും മാഹിയിലുമായി ഇയാള്‍ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചുവെന്നാണ് വിവരം. മാര്‍ച്ച് 15 മുതല്‍ 21 വരെയുള്ള ദിവസങ്ങളില്‍ എംഎം ഹൈസ്കൂള്‍ പള്ളിയിലെ എല്ലാ മതചടങ്ങുകളിലും ഇയാള്‍ പങ്കെടുത്തിരുന്നു.

man infected with covid 19 in mahe is in critical condition
Author
Kannur, First Published Apr 7, 2020, 9:44 PM IST

മലപ്പുറം: കൊവിഡ് സ്ഥിരീകരിച്ച എഴുപത്തിയൊന്നുകാരനായ മാഹി സ്വദേശിയുടെ നില അതീവ ഗുരുതരം. ഇരുവൃക്കകളും തകരാറിലായ ഇയാളുടെ ജീവൻ നിലനിർത്തുന്നത് വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ്. മതചടങ്ങുകളിലും കല്യാണത്തിലുമടക്കം നിരവധി സ്ഥലങ്ങളിൽ യാത്ര ചെയ്തതിനാൽ ഇയാളുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്തൽ അതീവ ദുഷ്കരമാകുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

മാർച്ച് 15 മുതൽ 21 വരെയുള്ള ദിവസങ്ങളിൽ എംഎം ഹൈസ്കൂൾ പള്ളിയിലെ എല്ലാ മത ചടങ്ങുകളിലും ഇദ്ദേഹം പങ്കെടുത്തിരുന്നു. 18ന് പന്ന്യന്നൂർ ചമ്പാട്ട് നടന്ന വിവാഹ നിശ്ചയത്തിൽ പങ്കെടുക്കാനായി ബന്ധുവിന്‍റെ കൂടെ മാഹി പാലം വരെ ബൈക്കിലും പിന്നെ 11 പേരോടൊപ്പം ടെമ്പോ ട്രാവലറിലും യാത്ര ചെയ്തു. വിവാഹ നിശ്ചയ ചടങ്ങിൽ 45 പേർ പങ്കെടുത്തു. അന്ന് തന്നെ മറ്റ് പത്ത് പേർക്കൊപ്പം എരൂർ പള്ളിയിലെ പ്രാർത്ഥനയ്ക്ക് എത്തി. ആസമയത്ത് പള്ളിയിൽ വേറെ 7 പേരും ഉണ്ടായിരുന്നു. 

23 ആം തിയതി പനി വന്നതിനെ തുടർന്ന് രണ്ട് ബന്ധുക്കൾക്കൊപ്പം തലശ്ശേരി ടെലിമെഡിക്കൽ സെന്‍ററിലെത്തി ഡോക്ടറെ കണ്ടു. പനി കൂടിയതോടെ മാർച്ച് 30 ന് ഇവിടെയെത്തി ഒന്നുകൂടി ഡോക്ടറെ കണ്ട് വീട്ടിലേക്ക് മടങ്ങി. 31 ന് ശ്വാസ തടസം നേരിട്ടതോടെ വീണ്ടും ടെലിമെഡിക്കൽ സെന്‍ററിലെത്തി അഡ്മിറ്റായി. രാത്രി ആരോഗ്യ നില വഷളായതോടെ ആംബുലൻസിൽ കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത ന്യുമോണിയ ബാധിച്ചതോടെ സംശയം തോന്നി ഏപ്രിൽ ആറിനുമാത്രമാണ് സ്രവ പരിശോധ നടത്തിയത്. 

കൊവിഡ് സ്ഥിരീകരിച്ചതോടെ പരിയാരം മെഡിക്കൽ കോളേജിലേക്ക് ഇയാളെ മാറ്റി. രണ്ട് വൃക്കകളും തകരാറിലാണെന്നും ആരോഗ്യ നില മോശമായിക്കൊണ്ടിരിക്കുകയാണെന്നും മെഡിക്കൽ ബോർഡ് അറിയിച്ചു. ഇയാളുമായി സമ്പർക്കത്തിലുണ്ടായിരുന്ന 28 പേരെ നിലവിൽ കണ്ടെത്തി. നൂറിലേറെ പേരുമായി സമ്പർക്കം പുലർത്തിയിട്ടുണ്ടെന്നാണ് അനുമാനം. മാഹി പ്രാദേശിക ഭരണകൂടവുമായി ചേർന്ന് സമ്പർക്കപ്പട്ടികയിലുള്ളവരെയെല്ലാം നിരീക്ഷണത്തിലാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കണ്ണൂർ ജില്ലാ കളക്ടർ പറഞ്ഞു.

ഇയാൾക്ക് രോഗം പകർന്നത് എങ്ങനെയെന്ന് കണ്ടെത്താനായില്ല. ഇയാൾ വിദേശത്തേക്ക് പോവുകയോ വിദേശത്ത് നിന്ന് വന്നവരുമായി സമ്പർക്കം പുലർത്തുകയോ ചെയ്തിട്ടില്ല. കൊവിഡ് വൈറസ് ബാധിച്ചത് എവിടെനിന്നെന്ന് മനസിലാകാത്തത് സ്ഥിതി അതീവ ഗുരുതരമാക്കുന്നതായി ജില്ല ഭരണകൂടം പറയുന്നു.

Follow Us:
Download App:
  • android
  • ios